തീരദേശ ഹർത്താൽ നടത്തി; ഹർത്താൽ കൂസാതെ പിണറായി പഞ്ചായത്ത് മത്സ്യമാർക്കറ്റ്

Mail This Article
കണ്ണൂർ∙ കേന്ദ്രസർക്കാരിന്റെ കടൽ മണൽ ഖനനത്തിനെതിരെ ഫിഷറീസ് കോഓർഡിനേഷൻ കമ്മിറ്റി 24 മണിക്കൂർ തീരദേശ ഹർത്താൽ നടത്തി. മത്സ്യബന്ധന കേന്ദ്രങ്ങൾ, ഐസ് ഫാക്ടറികൾ എന്നിവിടങ്ങളിലെ തൊഴിലാളികൾ ഉൾപ്പെടെ ഹർത്താലിൽ പങ്കാളികളായി. ഹർത്താലിനോടനുബന്ധിച്ച് ആയിക്കര മാപ്പിളബേ ഹാർബറിൽ കടൽസംരക്ഷണ ശൃംഖല നടത്തി.
കടലിൽ വള്ളങ്ങൾ നിരത്തി തൊഴിലാളികൾ ശൃംഖലയിൽ അണിചേർന്നു. സിഐടിയു സംസ്ഥാന സമിതി അംഗം ടി.വി.രാജേഷ് ഉദ്ഘാടനം ചെയ്തു. ടി.സത്യനാഥൻ അധ്യക്ഷത വഹിച്ചു. പി.സന്തോഷ്, എൻ.പി.ശ്രീനാഥ്, എ.ടി.നിഷാത്ത്, താവം ബാലകൃഷ്ണൻ, എം.എ.കരിം, കെ.അശോകൻ, ഇർഫാൻ, എ.പി.പ്രഭാകരൻ, കെ.രാജീവൻ എന്നിവർ പ്രസംഗിച്ചു.
ഹർത്താൽ കൂസാതെ പിണറായി പഞ്ചായത്ത് മത്സ്യമാർക്കറ്റ്
∙ തീരദേശ ഹർത്താലിൽ പങ്കെടുക്കാതെ പിണറായി പഞ്ചായത്ത് മത്സ്യമാർക്കറ്റിലെ സിഐടിയു തൊഴിലാളികൾ. മത്സ്യവിതരണ തൊഴിലാളികളിൽ ചിലർ പരാതിയുമായി മത്സ്യത്തൊഴിലാളി യൂണിയൻ (സിഐടിയു) ഭാരവാഹികളെ സമീപിച്ചതോടെയാണ് ഏരിയ സെക്രട്ടറി നേരിട്ടെത്തി മത്സ്യവിൽപന തടഞ്ഞത്. രാവിലെ ആറോടെ തുടങ്ങിയ മത്സ്യവിൽപന പതിനൊന്നരയോടെയാണ് നിർത്തിയത്.