സമർപ്പിതം, അറിവിൻ തിരി തെളിക്കാൻ വാഗ്ഭടാനന്ദ വായനശാല
Mail This Article
കോഴിക്കോട്∙ കേരളത്തിന്റെ നവോത്ഥാന നായകനായ വാഗ്ഭടാനന്ദഗുരുദേവന്റെ ഓർമകളുള്ള എരഞ്ഞിപ്പാലം വാഗ്ഭടാനന്ദ വായനശാലയിലായിരുന്നു അക്ഷരപ്രയാണത്തിന് ഏറ്റവും ഒടുവിൽ സ്വീകരണം നൽകിയത്. 85 വർഷത്തെ ചരിത്രമുള്ള വായനശാലയാണിത്. വായനശാലയിലേക്ക് ഇന്നലെ ഉച്ചയ്ക്ക് ഒന്നിന് എത്തിയ അക്ഷരപ്രയാണത്തെ വായനശാലാ സെക്രട്ടറി കെ.ശൈലേഷ് സ്വീകരിച്ചു.
വായനശാല പ്രസിഡന്റ് വിപിൻ പി.എസ്.മലബാരി ‘ർ’ എന്ന അക്ഷരം മലയാള മനോരമ സീനിയർ റിപ്പോർട്ടർ വി.മിത്രനു കൈമാറി. വായനശാല പ്രവർത്തകസമിതി അംഗങ്ങളായ സി.സുരേന്ദ്രൻ, ഒ.സുഗുണൻ തുടങ്ങിയവർ പ്രസംഗിച്ചു. വായനശാലയിലെ അംഗങ്ങളായ വിദ്യാർഥികളുടെ കലാപരിപാടികളും അരങ്ങേറി. നർത്തനത്തിലെ പഴമയും പുതുമയും സമ്മേളിച്ച ഭരതനാട്യം ഫ്യൂഷനുമായി വാഗ്ഭടാനന്ദ വായനശാലയിലെ കുട്ടികൾ സ്വീകരിച്ചു.
ടി.നിവേദ്യ, വി.ആര്യലക്ഷ്മി, പി.ആത്മിക ബിനോയ് എന്നിവരാണ് ഭരതനാട്യം ഫ്യൂഷൻ അവതരിപ്പിച്ചത്. എ.ദേവാംഗനയുടെ മോണോ ആക്ടുമായാണ് പരിപാടികൾ തുടങ്ങിയത്. കൊപ്പം വിജയൻ രചിച്ച ‘ഗാന്ധാരി വീണ്ടും കരയുന്നു’ എന്ന കവിത ഇഷാന സുനിൽ അവതരിപ്പിച്ചു. കടൽപാലം സിനിമയിൽ വയലാർ എഴുതിയ ‘ഉജ്ജയിനിയിലെ ഗായിക’ എന്ന പാട്ട് കെ.വന്ദന അവതരിപ്പിച്ചു.
കലയും സാഹിത്യവും ആഘോഷമാക്കാൻ മനോരമ ഹോർത്തൂസ് രാജ്യാന്തര സാഹിത്യ, സാംസ്കാരികോത്സവം 2024 നവംബർ 1 മുതൽ 3 വരെ കോഴിക്കോട് ബീച്ചിൽ. സാന്റാമോണിക്ക, ജെയിൻ യൂണിവേഴ്സിറ്റി തുടങ്ങിയവരാണ് പ്രായോജകർ. സന്ദർശിക്കുക: https://manoramahortus.com/