ADVERTISEMENT

നിങ്ങൾ തിരക്കേറിയ ഒരു ബസ്സിലോ തീവണ്ടിയുടെ  ജനറൽ കംപാർട്ട്മെന്റിലോ യാത്ര ചെയ്യുകയാണ്. നിന്നു തിരിയാനിടമില്ല. സീറ്റുകളൊക്കെ ഫുൾ! സ്വയം ശപിച്ചു കൊണ്ടു മറ്റു പലരേയും പോലെ നിങ്ങളും മുകളിലത്തെ കമ്പിയിൽ  വാവലു പോലെ അള്ളിപ്പിടിച്ചോ ഏതെങ്കിലും സീറ്റിന്റെ ഓരം ചാരിയോ തൽക്കാലം അഡ്ജസ്റ്റ് ചെയ്യുന്നു. നിങ്ങളെപ്പോലെ സീറ്റു കിട്ടാത്ത നിർഭാഗ്യവാന്മാർ സീറ്റിലിരുന്നു സുഖിക്കുന്ന ഭാഗ്യവാന്മാരെ അസൂയയോടെ നോക്കി നെടുവീർപ്പെടുന്നു. എവിടെയെങ്കിലും ഒരു സീറ്റ് കിട്ടിയിരുന്നെങ്കിൽ! പെട്ടെന്നാണ് തൊട്ടുമുന്നിലെ സീറ്റിലിരിക്കുന്ന ചെറുപ്പക്കാരനിൽ നിങ്ങളുടെ ശ്രദ്ധ പതിയുന്നത്. കക്ഷി ആദ്യം സീറ്റൊന്നി ളകിയിരുന്ന ശേഷം അൽപം മുന്നോട്ടാഞ്ഞ് ജനൽവഴി പുറ ത്തേക്കൊന്നെത്തിനോക്കുന്നു. പാന്റിന്റെ കീശയില്‍ നിന്നു ചീപ്പെടുത്ത് ചിതറിക്കിടക്കുന്ന മുടി തിടുക്കത്തിൽ ഒതുക്കിവ യ്ക്കുന്നു. വീണ്ടും പൂർവസ്ഥിതിയിൽ സീറ്റിലിരുന്ന ശേഷം സീറ്റിന്റെ അരികിൽ ചേർത്തുവച്ചിരിക്കുന്ന ബ്രീഫ്കേസിന്റെ പിടിയിൽ പതുക്കെ തലോടുന്നു. ഇതെല്ലാം സസൂക്ഷ്മം വീക്ഷിച്ചുകൊണ്ടിരിക്കുന്ന നിങ്ങൾ എന്തു ചെയ്യും?കഴിവതും വേഗം ചെറുപ്പക്കാരന്റെ സീറ്റിനടുത്തെത്തി അരികു ചാരി നിൽക്കും അല്ലേ? കാരണം കക്ഷി അടുത്ത സ്റ്റോപ്പിൽ ഇറങ്ങിയേക്കുമെന്നും അപ്പോൾ ആ സീറ്റിൽ നിങ്ങൾക്കിരിക്കാമെന്നും നിങ്ങൾ പ്രതീക്ഷിക്കുന്നു. മനസ്സിലാക്കുന്നു. എങ്ങനെ? സീറ്റിൽ ഇളകിയിരിക്കുക, ആകാംക്ഷയോടെ പുറത്തേക്കു നോക്കുക, ചീപ്പെടുത്തു മുടി ചീകുക, ബ്രീഫ്കേസിന്റെ പിടിയിൽ തലോടുക തുടങ്ങിയ സൂചനകളിലൂടെ ആ ചെറുപ്പക്കാരൻ അയാൾ പോലുമറിയാതെ നിങ്ങൾക്കൊരു  സന്ദേശം നൽകുന്നു. ഇതാ, ഞാനിവിടെ ഇറങ്ങാൻ പോവുകയാണ്.

ശരിയല്ലേ? അയാൾ, പക്ഷേ, നിങ്ങളോടൊരു വാക്കുപോലും പറഞ്ഞിട്ടില്ല. നിങ്ങളെയൊട്ടറിയുക പോലുമില്ല? എന്നിട്ടും, നിങ്ങളാ സന്ദേശമുൾക്കൊള്ളുകയും അതനുസരിച്ചു പ്രവർത്തിക്കുകയും ചെയ്യുന്നു. മറ്റുള്ളവരുമായി ഒറ്റയായും കൂട്ടായും ഇടപഴകുമ്പോൾ അവരുടെ നടപ്പും ഇരിപ്പും അംഗവിക്ഷേപങ്ങളും മട്ടും ഭാവവുമെല്ലാം സസൂക്ഷ്മം നിരീക്ഷിച്ചു നോക്കൂ. അവ വാക്കുകൾക്കപ്പുറം പലതും നമ്മോടു പറയുന്നില്ലേ? ആശയങ്ങൾ അവയുടെ പൂർണാർഥത്തിൽ സംവദിക്കപ്പെടുന്നത് വിവിധ ശാരീരിക ചലനങ്ങളിലൂടെയും ഭാവങ്ങളിലൂടെയുമാണെന്നല്ലേ ഇതിൽ നിന്നു നാം മനസ്സിലാക്കേണ്ടത്?

happy-meeting-woman-man-office-ai-image
Photo Credit: Representative Image created using AI Art Generator

നാമെല്ലാം അറിഞ്ഞോ അറിയാതെയോ മറ്റുള്ളവരുടെ പെരുമാ റ്റങ്ങളെ വിമർശനബുദ്ധ്യാ സദാ വീക്ഷിച്ചുകൊണ്ടിരിക്കുന്നുണ്ട് മാത്രമല്ല, ഇപ്രകാരം വീക്ഷിക്കപ്പെടുന്ന ശാരീരികചലനങ്ങളെയും ഭാവങ്ങളെയും അംഗവിക്ഷേപങ്ങളെയും (gestures) പ്രത്യേക ശാരീരികാവസ്ഥകളെയും (postures) അടിസ്ഥാനപ്പെടുത്തി ആളുകളുടെ മൊത്തത്തിലുള്ള സ്വഭാവത്തെയും വ്യക്തിപരമായ സവിശേഷതകളെയും നിരന്തരം നാം വിലയിരുത്തിക്കൊണ്ടിരിക്കുന്നു. പ്രത്യക്ഷത്തിലുള്ള ആശയവിനിമയത്തിനു വാമൊഴിയോ വരമൊഴിയോ നാം ഉപയോഗപ്പെടുത്തുന്നു. എന്നാൽ വാക്കുകളുടെ സഹായം കൂടാതെയും നാം ആശയങ്ങൾ പ്രകടിപ്പിക്കുകയും ഗ്രഹിക്കുകയും ചെയ്യുന്നുണ്ട്. മറ്റൊരു വ്യക്തിയെ കാണുന്ന നിമിഷം മുതൽതന്നെ ശരീരഭാഷയിലൂടെ നാം ബോധപൂർവമോ അല്ലാതെയോ ആശയവിനിമയം ആരംഭിച്ചു കഴിഞ്ഞിരിക്കും. 

confused-woman-man-office-issue-ai-image
Photo Credit: Representative Image created using AI Art Generator

ബാഹ്യമായ ചലനങ്ങളും (ഉദാ: നേത്രചലനങ്ങൾ) ശാരീരിക ചേഷ്ടകളും മാത്രം മുൻനിർത്തി ഒരാളുടെ പെരുമാറ്റത്തെ വിലയിരുത്തുകയെന്നത് അത്ര എളുപ്പമല്ല, എങ്കിലും നാമെല്ലാം പലപ്പോഴും അതാണ് ചെയ്തുകൊണ്ടിരിക്കുന്നത്– മനപൂർവമല്ലെങ്കിലും. മുഖത്തിനു നേരെ കൈ ചൂണ്ടി സംസാരിക്കുന്ന ആളെ നാം അക്രമോൽസുകനായോ അധികാരപ്രമത്തനായോ വിലയിരുത്തുന്നു. പരസ്പരം സംസാരിച്ചുകൊണ്ടിരിക്കവേ കോട്ടുവായിടുന്ന ആൾക്ക് ബോറടിച്ചതായി ഊഹിക്കുന്നു. 

ആശയവിനിമയത്തിനുള്ള മാധ്യമമാണ് ഭാഷ. ഭാഷകളെ പൊതുവിൽ വാമൊഴി എന്നും വരമൊഴി എന്നും രണ്ടായിത്തി രിക്കാം. എന്നാൽ വാമൊഴിയുടെയോ വരമൊഴിയുടെയോ സഹായം കൂടാതെ ശാരീരിക ചലനങ്ങളിലൂടെയും ഭാവങ്ങളിലൂടെയും അംഗവിക്ഷേപങ്ങളിലൂടെയും (gestures) ആശയവിനി മയം നടക്കുന്നുണ്ടെന്നു നേരത്തെ സൂചിപ്പിച്ചുവല്ലോ. ശബ്ദത്തിന്റെ ആരോഹണാവരോഹണങ്ങളിലൂടെയും ചില പ്രത്യേക ശാരീരികാവസ്ഥകളിലൂടെയും (postures) എന്നുവേണ്ട വസ്ത്രധാരണ രീതിയിലൂടെപ്പോലും ആശയവിനിമയം നടക്കുന്നുണ്ട്. ഇത്തരം പദരഹിത ആശയവിനിമയത്തെ ഇംഗ്ലീഷിൽ നോൺ വെർബൽ കമ്മ്യൂണിക്കേഷൻ (non-verbal communication) എന്നു വിളിക്കുന്നു.

ഒന്നും പറയാതെതന്നെ (നോൺ വെർബൽ ആശയവിനിമയം)
ശരീരത്തിന്റെ ഒരു പ്രത്യേക പോസിലൂടെയോ ശബ്ദത്തിന്റെ ഒരു പ്രത്യേക ടോണിലൂടെയോ വാക്കുകളിലൂടെ പ്രകടിപ്പിക്കുന്ന ആശയങ്ങളിൽ കാര്യമായ അർഥവ്യത്യാസം വരുത്താം. ഉദാഹരണത്തിന് ഓപ്പറേഷൻ തിയറ്ററിനു മുൻപിൽ തന്റെ ഊഴം കാത്തിരിക്കുന്ന സ്വതേ പേടിക്കാരനായ രോഗിയോട് രംഗത്തിന്റെ പിരിമുറുക്കം കുറയ്ക്കാൻ ബന്ധുക്കളാരെങ്കിലും ‘എന്താ, പേടിയുണ്ടോ?’ എന്നു തമാശമട്ടിൽ ചോദിക്കുമ്പോൾ ‘ഹേയ്, പേട്യൊന്നൂല്ല്യ’ എന്നു പതറിയ ശബ്ദത്തിൽ പ്രതികരിക്കുന്ന രോഗിയുടെ ഭാവഹാവാദികൾ ഒന്നു സങ്കൽപിച്ചു നോക്കൂ. അയാൾ പറയുന്നതിന്റെ നേർവിപരീതമാണ് സത്യമെന്നത് അയാളുടെ ഭാവഹാവാദികളും ശബ്ദത്തിന്റെ ടോണും നമ്മോടു പറയുന്നില്ലേ? അയാൾ നൽകുന്ന നോൺ വെർബൽ സൂചനകൾ അക്ഷരാര്‍ഥത്തിലുള്ള ആശയത്തെ മറികടന്നാൽ തികച്ചും വ്യത്യസ്തമായ ഒരർഥമല്ലേ നമുക്കു നൽകുന്നത്?

അക്ഷരാർഥത്തിനപ്പുറം (പാരാ ലാംഗ്വേജ്)
ഭാരവാഹാദികൾക്കും ടോണിനും പോസിനുമെല്ലാം പുറമെ സംസാരത്തിന്റെ വേഗത, സ്ഥായി, ഇടയ്ക്കിടെയുള്ള നിശ്വാസങ്ങൾ, വാക്കുകൾക്കും, വാചകങ്ങൾക്കുമിടയിലുള്ള ഇടവേളകളുടെ ദൈർഘ്യം, ഊന്നൽ തുടങ്ങി നിശബ്ദതയിലേയ്ക്കു പോലും വ്യത്യസ്ത സാഹചര്യങ്ങളിൽ അതിന്റേതായ അർഥങ്ങളുണ്ട്. ഉദാഹരണത്തിന് ദുഃഖം, ലജ്ജ, ഭയം, കുറ്റബോധം, വെറുപ്പ് തുടങ്ങിയവ നിശ്ശബ്ദതയാൽ പ്രകടമായേക്കാം. ഇപ്രകാരം വാക്കുകളുടെ അക്ഷരാര്‍ഥത്തിനപ്പുറമുള്ള പരോക്ഷ മായ ആശയ സൂചനകളെ പാരാലാംഗ്വേജ് എന്നു വിളിക്കുന്നു. 

നമ്മുടെ വിവിധ വിചാര വികാരങ്ങൾക്കനുസൃതമായി ബാഹ്യവും ആന്തരികവുമായി ശരീരം പ്രതികരിക്കുന്നുണ്ട്. പക്ഷേ, പലപ്പോഴും അതു നമ്മുടെ അറിവോടെ ആയിക്കൊള്ളണമെന്നില്ല. ഇത്തരം ശാരീരകപ്രതികരണങ്ങളുടെ ആകെത്തുകയാണ് ശരീരഭാഷ (body language), കൈകാലുകളുടെ ചലനങ്ങൾ, മുഖഭാവങ്ങൾ, നേത്ര ചലനങ്ങള്‍, ചില പ്രത്യേക രീതിയിലുള്ള ഇരിപ്പ്, നിൽപ്പ്, നടത്തം, തൊടൽ, തലോടൽ തുടങ്ങിയവയെല്ലാം ശരീരഭാഷയുടെ വാക്കുകളും വാചകങ്ങളുമാണ്. ഇവയുടെ ശ്രദ്ധാപൂർവമായ നിരീക്ഷണത്തിലൂടെയും വിശകലനത്തിലൂടെയും മറ്റുള്ളവരുടെ മനോവ്യാപാരങ്ങൾ പോലും ഒരു പരിധി വരെ നമുക്കു ഗണിച്ചെടുക്കുകയും അനുയോജ്യമായ വിധത്തിൽ പ്രതികരിക്കുകയും ചെയ്യാം. ഒരു വ്യക്തിയുമായി സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ ആ വ്യക്തി സന്തുഷ്ടനാണോ അതോ ദുഃഖിതനാണോ, നമ്മുടെ വാക്കുകളിൽ അയാൾക്ക് യഥാർഥത്തിൽ താൽപര്യമുണ്ടോ അതോ താല്‍പര്യം വെറുതെ ഭാവിക്കുന്നതാണോ, നമ്മുടെ സാന്നിധ്യം അയാളിഷ്ടപ്പെടുന്നുണ്ടോ ഇല്ലയോ, അയാളുടെ മനോഭാവം യോജിപ്പിന്റേതോ വിയോജിപ്പിന്റേതോ സ്നേഹത്തിന്റേതോ ശത്രുതയുടേതോ എന്നു തുടങ്ങി ഒരുപാടു കാര്യങ്ങൾ ശരീരഭാഷാ സൂചനകളിലൂടെ എളുപ്പത്തിൽ മനസ്സിലാക്കാം. 

പദരഹിതമെങ്കിലും അൽപം നിഗൂഢതയുടെ പരിവേഷമുണ്ടെന്നിരിക്കിലും മറ്റേതു ഭാഷയേക്കാളും ശക്തവും സാർവ ത്രികവുമാണ് ശരീരഭാഷ. ലോകമെമ്പാടുമുള്ള ജനങ്ങളുടെ പൊതുഭാഷയാണ് ശരീരഭാഷ. മുഖാമുഖ ആശയവിനിമയ ത്തിൽ ശരീരഭാഷയ്ക്കുള്ള പ്രാധാന്യത്തെക്കുറിച്ചു ഗവേഷണം നടത്തിയ കാലിഫോർണിയ യൂണിവേഴ്സിറ്റിയിലെ ഡോ. ആൽബർട്ട് മെഹ്റാബിയന്റെ (Dr. Albert Mehrabian) ചില രസകര മായ കണ്ടെത്തലുകൾ ശ്രദ്ധിക്കൂ:

file-office-man-and-woman-discussion-happy-mood-ai-image
Photo Credit: Representative Image created using AI Art Generator

ദൈനംദിന ജീവിതത്തിന്റെ ശരീരഭാഷ കൊണ്ടുമാത്രം നാം വിനിമയം ചെയ്യുന്ന ആശയങ്ങൾ– 55%, ശബ്ദത്തിന്റെ ആരോഹണാവരോഹണങ്ങൾ, തീഷ്ണത, സ്ഥായീഭാവങ്ങൾ തുടങ്ങിയ ഗുണവിശേഷങ്ങളുടെ അടിസ്ഥാനത്തിൽ വിനിമയം ചെയ്യപ്പെടുന്നവ– 38%, വാക്കുകൾക്കൊണ്ടു മാത്രം വിനിമയം ചെയ്യപ്പെടുന്നവ– 7% സംഗതിയല്‍പം അതിശയോക്തിപരമായി തോന്നാമെങ്കിലും മെഹ്റാബിയനുശേഷം മറ്റു പല പ്രഗത്ഭ ഗവേഷകരും ഈ നിഗമനങ്ങൾ ശരിവച്ചിട്ടുണ്ട്.

അതിബൃഹത്തായ ഒരു വിഷയമാണ് ശരീരഭാഷ– അതിപ്രാധാന്യവും. നല്ല പരിശീലനവും പരിചയവും കൊണ്ടു മാത്രമേ അതിൽ അവഗാഹം നേടാനാകൂ. ശരീരഭാഷാ പരിജ്ഞാനം കൊണ്ടു ലഭ്യമായേക്കാവുന്ന നേട്ടങ്ങളെ താഴെപ്പറയും വിധം സംഗ്രഹിക്കാം. 

∙സ്വന്തം ശരീരഭാഷാസിഗ്നലുകളെക്കുറിച്ച് (non verbal signals) വ്യക്തമായ ഒരു ധാരണയുണ്ടാക്കുന്ന പക്ഷം ആവശ്യമെങ്കിൽ അവയെ ബോധപൂർവമുള്ള തിരുത്തലുകൾക്കു വിധേയമാക്കി മറ്റുള്ളവരുമായുള്ള നമ്മുടെ ആശയവിനിമയങ്ങളിൽ ഗുണപരമായമാറ്റങ്ങളുണ്ടാക്കാൻ കഴിയുന്നു. 
∙മറ്റുള്ളവരുടെ ശരീരഭാഷയെ യുക്തിസഹമായി വ്യാഖ്യാനിച്ച് അഭിലഷണീയമായ രീതിയിൽ പ്രതികരിക്കാൻ കഴിയുന്നു.
∙വെർബൽ രീതിയേയും നോൺവെർബൽ രീതിയേയും (verbal and non verbal communication) സമഞ്ജസമായി സമ്മേളിച്ച് ആശയവിനിമയത്തിൽ പരിപൂർണത കൈവരിക്കാൻ സാധ്യമാകുന്നു.
∙ശരീരഭാഷാ സിഗ്നലുകളിലൂടെ നാം നൽകുന്ന സന്ദേശങ്ങൾ മറ്റുള്ളവരിൽ എന്തു പ്രതികരണമാണുളവാക്കുകയെന്നതു മുൻകൂർ ഊഹിച്ചെടുക്കുവാനും അതുവഴി ആശയവിനിമയ ത്തിന്റെ മികവ് വർധിപ്പിക്കുവാനും കൂടുതൽ ഫലപ്രദമാക്കാനും കഴിയുന്നു. 
∙സ്വന്തം സിഗ്നലുകളിലെ ശരിയും തെറ്റും അനുഭവങ്ങളുടെ വെളിച്ചത്തിൽ മുൻവിധി കൂടാതെ വിലയിരുത്താനും ആവശ്യമാണെന്നു തോന്നുന്ന മേഖലകളിൽ യുക്തമായ പരിഷ്കാരങ്ങൾ വരുത്താനും കഴിയുന്നു. ഇങ്ങനെ ചെയ്യുന്ന പക്ഷം നമ്മുടെ സന്ദേശങ്ങൾ നാമുദ്ദേശിക്കുന്ന അതേ അർഥത്തിൽ ത്തന്നെ മറ്റുള്ളവരിൽ എത്തിക്കാനാകുമെന്നു മാത്രമല്ല ഒരുപാട് അബദ്ധധാരണകൾ ഒഴിവാക്കാനും കഴിയുന്നു. 
∙മറ്റുള്ളവരുടെ സിഗ്നലുകള്‍ അപഗ്രഥിക്കുക വഴി അവരുടെ ഇഷ്ടാനിഷ്ടങ്ങൾ ഊഹിച്ചെടുക്കാനും അതനുസരിച്ച് നമ്മുടെ പെരുമാറ്റ രീതികൾ ക്രമീകരിച്ച് ഏതൊരു സമൂഹത്തിലും സ്വീകാര്യത നേടാനുമാകുന്നു.

∙അബോധതലത്തിലുള്ള നമ്മുടെ ഉൾപ്രേരണകളെ (Motivations) പുറത്തുകൊണ്ടുവരാനും അവയെ വിശകലനം ചെയ്യാനും കഴിയുന്നു.

English Summary:

The Unspoken Language: How Body Language Speaks Volumes

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com