ഭക്തിസാന്ദ്രമായി ബഹ്‌റൈനിലെ ഈദ് ദിനം

Mail This Article
മനാമ ∙ പ്രാർഥനകൾ ചൊല്ലിയും ദൈവിക മഹത്വങ്ങൾ പ്രകീർത്തിച്ചും വിശ്വാസികൾ ചെറിയ പെരുന്നാളിനെ വരവേറ്റപ്പോൾ ആരാധാനാലയങ്ങൾ മുതൽ സ്‌കൂൾ മൈതാനങ്ങൾ വരെ പ്രാർഥനാ നിരതമായ പ്രഭാതമാണ് ഈദ് ദിനത്തിൽ കടന്നുപോയത്. വലിയവനെന്നോ ചെറിയവനെന്നോ ഉള്ള വ്യത്യാസമില്ലാതെ, സ്വദേശി എന്നോ വിദേശി എന്നോ ഉള്ള വിഭാഗീയതകൾ ഇല്ലാതെ ദേഹ ശുദ്ധി വരുത്തി എല്ലാ വിശ്വാസികളും പ്രവർധനാകേന്ദ്രങ്ങളിലേക്ക് പുലർകാലം മുതൽ ഒഴുകുന്ന കാഴ്ചയാണ് ബഹ്‌റൈനിലുടനീളം കാണാൻ കഴിഞ്ഞത്.
∙ രാജാവും കുടുംബാംഗങ്ങളും സാഖീർ പാലസിൽ
ബഹ്‌റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫ ഈദ് അൽ ഫിത്തർ പ്രാർഥനകൾ നടത്തിയത് സഖീർ പാലസിൽ ആയിരുന്നു. രാജാവിനൊപ്പം അദ്ദേഹത്തിന്റെ പുത്രന്മാർ, രാജകുടുംബത്തിലെ മുതിർന്ന അംഗങ്ങൾ, ശൂറ കൗൺസിൽ ചെയർമാൻ, പ്രതിനിധി കൗൺസിൽ സ്പീക്കർ, മന്ത്രിമാർ, ബഹ്‌റൈൻ പ്രതിരോധ സേന, ആഭ്യന്തര മന്ത്രാലയം, നാഷനൽ ഗാർഡ് എന്നിവയിലെ മുതിർന്ന ഉദ്യോഗസ്ഥരും പ്രാർഥനകളിൽ പങ്കെടുത്തു.
സുന്നി എൻഡോവ്‌മെന്റ് കൗൺസിൽ ചെയർമാൻ ഡോ. ഷെയ്ഖ് റാഷിദ് ബിൻ മുഹമ്മദ് അൽ ഹാജിരിയാണ് ഈദ് പ്രസംഗം നടത്തിയത്. സർവശക്തനായ അല്ലാഹുവിനെ സ്തുതിച്ചുകൊണ്ടും പ്രവാചകൻ മുഹമ്മദ് നബിക്കും അദ്ദേഹത്തിന്റെ കുടുംബത്തിനും കൂട്ടാളികൾക്കും അനുഗ്രഹം ചൊരിഞ്ഞുകൊണ്ടുമാണ് അദ്ദേഹം ആരംഭിച്ചത്.

ഭരണാധികാരികളെയും രാജ്യത്തെയും സംരക്ഷിക്കാനും, രാജാവിന്റെ പരിശ്രമങ്ങളെയും, അദ്ദേഹത്തിന്റെ ആരോഗ്യത്തിനും, സന്തോഷത്തിനും, ദീർഘായുസ്സിനും വേണ്ടി അദ്ദേഹം സർവശക്തനായ അല്ലാഹുവിനോട് പ്രാർഥിച്ചു. ബഹ്‌റൈനിലെ ജനങ്ങൾക്ക് അഭിവൃദ്ധിയും സന്തോഷവും ഉണ്ടാകണമെന്നും, രാജാവിന്റെ നേതൃത്വത്തിൽ രാജ്യം സുരക്ഷിതവും, സ്ഥിരതയും, അനുഗ്രഹീതവുമായി നിലനിൽക്കണമെന്നും അദ്ദേഹം പ്രാർഥിച്ചു.

∙ ഇന്ത്യൻ സമൂഹം ഒഴുകിയെത്തിയത് സുന്നി ഔഖാഫ് ഈദ് ഗാഹുകളിൽ
ഇന്ത്യൻ സമൂഹത്തിലെ വിശ്വാസികൾ ബഹ്‌റൈനിൽ വിവിധ ഇടങ്ങളിൽ സുന്നി ഔഖാഫിന്റെ ആഭിമുഖ്യത്തിൽ നടന്ന പ്രാർഥനാ ചടങ്ങുകളിൽ പങ്കെടുത്തു. ഇന്ത്യന്‍ സ്കൂള്‍ ഗ്രൗണ്ടില്‍ സുന്നീ ഔഖാഫിന്റെ നേതൃത്വത്തിൽ മലയാളികള്‍ക്കായി നടത്തിയ ഈദ് ഗാഹില്‍ ആയിരങ്ങളാണ് ഒഴുകിയെത്തിയത്. തണലും ഇളം തണുപ്പും നിറഞ്ഞ കാലാവസ്ഥയിൽ ഈദ്ഗാഹിലേക്ക് വിശ്വാസികൾ ഏറെ സന്തോഷത്തോടെയും ആവേശത്തോടെയുമാണ് എത്തിയത്. പുലർച്ചെ തന്നെ ബഹ്‌റൈന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും എത്തിയവര്‍ രാവിലെ 5.50 ന് നമസ്കാരത്തിനായി അണിനിരന്നു.

ഏറെ ഹൃദ്യമായ കാലാവസ്ഥയിൽ ഈദ് പ്രഭാഷണം കൂടി സാകൂതം ശ്രവിച്ച ശേഷമാണ് വിശ്വാസികള്‍ പരസ്പരം ആലിംഗനം ചെയ്തും സാഹോദര്യവും സ്നേഹവും കൈമാറിയും പിരിഞ്ഞു പോയത്. മലയാളികള്‍ ഏറ്റവും കൂടുതല്‍ സംഗമിക്കുന്ന ഈദ് ഗാഹാണ് ഇന്ത്യന്‍ സ്കൂളിലേത്. വീട്ടുകാരും കുടുംബങ്ങളും ഒന്നിച്ച് കണ്ടുമുട്ടുകയും ബന്ധം പുതുക്കുകയും ചെയ്യുന്ന സംഗമമായി മാറാന്‍ ഇതിന് സാധിക്കാറുണ്ട്. ബഹ്‌റൈനിലെ പ്രമുഖ പണ്ഡിതനും പ്രഭാഷകനുമായ സഈദ് റമദാൻ നദ്‌വി പെരുന്നാൾ നമസ്‌കാരത്തിനും ഖുതുബക്കും നേതൃത്വം നൽകി. റമസാന് ശേഷവും സൽക്കർമങ്ങളുടെ നൈരന്തര്യം ഉണ്ടാവണമെന്ന് ഈദ് പ്രഭാഷണത്തിൽ അദ്ദേഹം ഉദ്ബോധിപ്പിച്ചു. റമസാനിൽ നടത്തിയ ആരാധനകളും സുകൃതങ്ങളും അല്ലാഹു സ്വീകരിക്കുവാനും പ്രതിഫലം ലഭിക്കാനും നിരന്തര പ്രാർഥനകളുണ്ടാവണം. ബഹ്‌റൈൻ രാജാവ് ശൈഖ് ഹമദ് ബിൻ ഈസ അൽ ഖലീഫ, പ്രധാനമന്ത്രിയും കിരീടാവകാശിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ, സുന്നീ ഔഖാഫ് അധികാരികൾ, വിദ്യാഭ്യാസ മന്ത്രി ഡോ. മുഹമ്മദ് ബിൻ മുബാറക് ജുമുഅ, ഈദ്ഗാഹുകളുടെ വിജയത്തിനും സുഗമമായി നടത്തിപ്പിനുമായി സഹായ സഹകരണങ്ങൾ നൽകിയ എല്ലാവർക്കും നന്ദി പ്രകാശിപ്പിച്ചു. ഈദ് ഗാഹ് സംഘാടക സമിതി രക്ഷാധികാരി സുബൈർ എം.എം, ജനറൽ കൺവീനർ പി.പി. ജാസിർ, സക്കീർ ഹുസൈൻ, ജമാൽ നദ്‌വി, സമീർ ഹസൻ, ഖാലിദ് സി, അബ്ദുൽ ഹഖ്, മൂസ കെ. ഹസൻ, യൂനുസ് രാജ്, മുഹമ്മദ് ഷാജി, വി.കെ.അനീസ്, മുഹമ്മദ് മുഹ് യുദ്ദീൻ, മുഹമ്മദലി മലപ്പുറം, മുഹമ്മദ് ഷമീം, സജീർ കുറ്റിയാടി, മൂസ കെ ഹസൻ, ഫസ്‌ലു റഹ്മാൻ മൂച്ചിക്കൽ, മുസ്തഫ, സുഹൈൽ റഫീഖ്, അഹ് മദ് റഫീഖ്, മജീദ് തണൽ, സിറാജ് എം.എച്ച്, അബ്ദുശ്ശരീഫ്, ജൈസൽ ശരീഫ്, യൂനുസ് രാജ്, മുജീബ് റഹ് മാൻ, സലാഹുദ്ദീൻ കിഴിശ്ശേരി, ശാക്കിർ, മുഹമ്മദ് കുഞ്ഞി, ജുനൈദ്, സിറാജ് കിഴുപ്പള്ളിക്കര, ലത്തീഫ് കടമേരി, അൽതാഫ്, അജ്മൽ ശറഫുദ്ധീൻ, ഇർഫാൻ, ഷൗക്കത്ത്, സഫീർ, അബ്ദുന്നാസർ, അബ്ദുൽ ഹക്കീം, റഫീഖ് മണിയറ, കെ.പി.സമീർ, ലത്തീഫ്, ഇജാസ് മൂഴിക്കൽ, റഹീസ്, ലുബൈന ഷഫീഖ്, സാജിദ സലീം, ഷൈമില നൗഫൽ, റഷീദ സുബൈർ, സഈദ റഫീഖ്, ഫാത്തിമ സാലിഹ്, ബുഷ്റ അശ്റഫ് തുടങ്ങിയവര്‍ ഈദ്ഗാഹിന് നേതൃത്വം നല്‍കി.

∙ സമസ്ത ഈദ് മുസല്ല സംഘടിപ്പിച്ചു
ജിദ്‌ഹഫ്‌സ്, ദൈഹ്, സനാബീസ്, മുസല്ല, തഷാൻ എന്നീ ഏരിയകളിൽ താമസിക്കുന്നവരുടെ സൗകര്യാർഥം സമസ്ത ബഹ്റൈൻ ജിദ്‌ഹഫ്‌സ് ഏരിയയുടെ നേതൃത്വത്തിൽ ജിദ്ഹഫ്സ് അൽ ശബാബ് ഇൻഡോർ സ്റ്റേഡിയത്തിൽ വച്ച് പെരുന്നാള്‍ നിസ്കാരം സംഘടിപ്പിച്ചു. സമസ്ത ബഹ്റൈൻ വൈസ് പ്രസിഡന്റ് ഹാഫിള് ശറഫുദ്ദീൻ മുസ്‌ലിയാർ നിസ്കാരത്തിനും ഖുത്തുബയ്ക്കും നേതൃത്വം നൽകി.

സമസ്ത ബഹ്റൈൻ കേന്ദ്ര സെക്രട്ടറി എസ് എം അബ്ദുൽ വാഹിദ്, വർക്കിങ് പ്രസിഡന്റ് വി കെ കുഞ്ഞഹമ്മദ് ഹാജി, സമസ്ത ബഹ്റൈൻ ജിദ്ഹഫ്സ് ഏരിയ കമ്മിറ്റി പ്രസിഡന്റ് കരീം മൗലവി, സെക്രട്ടറി സമീർ പേരാമ്പ്ര തുടങ്ങിയ നേതാക്കളും നൂറ് കണക്കിന് പ്രവർത്തകരും പങ്കെടുത്തു.
∙ റമസാനിൽ നേടിയ വിശുദ്ധി കാത്തു സൂക്ഷിക്കുക: സൈഫുല്ല ഖാസിം
പരിശുദ്ധ റമസാൻ മാസത്തിൽ നേടിയെടുത്ത ചൈതന്യവും വിശുദ്ധിയും ഇനിയുള്ള ജീവിതത്തിലുടനീളം കാത്തു സൂക്ഷിക്കണമെന്ന് സൈഫുല്ല ഖാസിം ഉത്ബോധിപ്പിച്ചു. ബഹ്റൈൻ സുന്നി ഔഖാഫിന്റെ ആഭിമുഖ്യത്തിൽ ശൈഖ ഹിസ്സ ഇസ്‌ലാമിക് സെന്റർ സംഘടിപ്പിച്ച ഈദ് ഗാഹിൽ പെരുന്നാൾ ഖുതുബ നിർവഹിക്കുകയായിരുന്നു അദ്ദേഹം. ഒരു മാസക്കാലത്തെ വ്രതാനുഷ്ഠാനത്തിലൂടെ ആർജിച്ചടുത്ത ദൃഢ വിശ്വാസവും വിശുദ്ധിയും ചിട്ടകളും റമദാൻ അല്ലാത്ത വരും കാലങ്ങളിൽ ജീവിതത്തിൽ ഉടനീളം പാലിക്കുവാനും സൂക്ഷ്മത നിലനിർത്താനും പരിശ്രമിക്കണമെന്ന് അദ്ദേഹം ഉണർത്തി.
റഫ ലുലു ഹൈപ്പർ മാർക്കറ്റ് മുൻവശമുള്ള സ്കൂൾ ഗ്രൗണ്ടിൽ നടന്ന ഈദ് ഗാഹിൽ നൂറു കണക്കിന് ആളുകൾ സംബന്ധിച്ചു. അബ്ദുറഹ്‌മാൻ മുള്ളങ്കോത്ത്, സുഹൈൽ മേലടി, റയീസ് മുള്ളങ്കോത്ത്, നവാസ് ഓപി, നസീഫ് ടിപി, നബാസ് ഓപി, നവാഫ് ടിപി, ഹിഷാം മുള്ളങ്കോത്ത്, റിഫ്ഷാദ്, അബ്ദുൽ ഷുക്കൂർ, ഓവി മൊയ്ദീൻ, അലി ഉസ്‌മാൻ ഫറൂഖ്, നസീമ സുഹൈൽ, നാഷിത, നാസില, ആമിനാ അലി, മുഹ്‌സിന റയീസ്, ഫാതിമ റിഫ്‌ഷാദ്, അയിഷാ സക്കീർ, റഹീനാ സാജിയാ, അൻസീറാ അഷ്‌റഫ് എന്നിവർ ഈദ് ഗാഹിന് നേതൃത്വം നൽകി