ഫ്‌ളോറിഡയെ വിറപ്പിച്ച 'സീരിയൽ കില്ലർ', 12 മാസത്തിനിടെ കൊലപ്പെടുത്തിയത് ഏഴ് പുരുഷന്മാരെ; 'ഐലീൻ', മറക്കില്ല ആ പേര്!
Mail This Article
അമേരിക്കയുടെ ചരിത്രത്തിൽ സമാനതകളില്ലാത്ത പേരാണ് ഐലീൻ കരോൾ വുർനോസ്. ഫ്‌ളോറിഡയിലെ തെരുവുകളിൽ ഭീതി പരത്തിയ, യുവതിയായ പരമ്പരക്കൊലയാളി. 12 മാസത്തിനിടെ ഐലീൻ കൊന്നത് ഏഴ് പുരുഷന്മാരെയാണ്. കൊല്ലപ്പെട്ടവർ 40 നും 65 നും ഇടയിൽ പ്രായമുള്ളവരായിരുന്നു. എന്താണു ചെയ്യുന്നതെന്ന് തനിക്കു വ്യക്തമായി അറിയാമെന്ന് അവസാന നാളുകളിൽ ഐലീൻ പറഞ്ഞിരുന്നു. സമൂഹത്തെ വെറുക്കുന്ന, മനുഷ്യനെ കൊന്നു തള്ളുന്ന, ഫ്‌ളോറിഡയെ വിറപ്പിച്ച സീരിയൽ കില്ലറായി ഐലീനെ മാറ്റിയത് ജീവിതത്തിലെ കയ്പേറിയ അനുഭവങ്ങളാണ്.
പുസ്തകങ്ങൾക്കും ഡോക്യുമെന്‍റുകൾക്കും സിനിമകൾക്കും ഐലീന്‍റെ ജീവിതം വിഷയമായി. ചാർലിസ് തെറോണിന് മികച്ച നടിക്കുള്ള അക്കാദമി അവാർഡ് നേടിക്കൊടുത്ത ‘മോൺസ്റ്റർ’ എന്ന സിനിമ ഐലീന്‍റെ ജീവിതം പറയുന്നതാണ്. ചാർലിസ് ഈ സിനിമയിൽ അവതരിപ്പിച്ചത് ഐലീനെയായിരുന്നു. മോൺസ്റ്റർ സിനിമ പുറത്തിറങ്ങി 20 വർഷവും ഐലീന്‍റെ വധശിക്ഷ നടപ്പാക്കിയിട്ട് 21 വർഷവും കഴിഞ്ഞിട്ടും അമേരിക്ക മറന്നിട്ടില്ല ആ പേര്.
∙ പിതാവിനെ കാണാത്ത ബാല്യം
കൗമാര പ്രായത്തിലെ വിവാഹജീവിത്തിലേക്ക് ലിയോ പിറ്റ്മാനും ഡയാൻ വുർനോസും പ്രവേശിച്ചു 1954 ജൂൺ മൂന്നിനു വിവാഹജീവിതത്തിലേക്കു പ്രവേശിക്കുമ്പോൾ ലിയോ പിറ്റ്മാന് 18 വയസ്സും ഡയാൻ വുർനോസിന് 14 വയസ്സുമായിരുന്നു. ഇവർക്ക് 1955 ൽ കീത്ത് എന്ന ആൺകുട്ടി ജനിച്ചു; തൊട്ടടുത്ത വർഷം ഐലീനും. പക്ഷേ അവൾ ജനിക്കും മുൻപേ ഇരുവരും വിവാഹമോചനം നേടിയിരുന്നു. അമ്മയുടെ സംരക്ഷണയിലാണ് ഐലീൻ ജീവിതം തുടങ്ങുന്നത്. അക്കാലത്ത് ഒരു ഏഴു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തതിന് ലിയോ പിറ്റ്മാൻ ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ടു. സ്കീസോഫ്രീനിയ ബാധിതനായ ഇയാൾ ജയിലിൽ തൂങ്ങിമരിച്ചു. ജീവിതത്തിൽ ഒരിക്കിലും ഐലീൻ പിതാവിനെ നേരിൽ കണ്ടിട്ടില്ല.
അമ്മ ഡയാൻ മക്കളെ ബാധ്യതയായാണ് കണ്ടത്. കുഞ്ഞ് ഐലീനെയും ജ്യേഷ്ഠൻ കീത്തിനെയും അവർ ഉപേക്ഷിച്ചു. കടുത്ത മദ്യപാനികളായ മുത്തശ്ശൻ ലോറിയും മുത്തശ്ശി ബ്രിട്ട വുർനോസുമാണ് പിന്നീട് ഐലീനെയും കീത്തിനെയും വളർത്തിയത്.
∙ ജീവിക്കാൻ നിവൃത്തിയില്ലാതെ ലൈംഗിക തൊഴിലിലേക്ക്
സിഗരറ്റ്, ലഹരിമരുന്ന്, ഭക്ഷണം എന്നിവ വാഗ്ദാനം ചെയ്ത് പലരും 11–ാം വയസ്സു മുതൽ ഐലീനെ ലൈംഗികമായി ദുരുപയോഗം ചെയ്യാന്‍ തുടങ്ങി. മുത്തശ്ശനും ജ്യേഷ്ഠൻ കീത്തും ഐലീനെ ലൈംഗികമായി ഉപദ്രവിച്ചു. 14 –ാം വയസ്സിൽ കുടുംബസുഹൃത്ത് ബലാത്സംഗം ചെയ്തതിനെ തുടർന്ന് ഐലീൻ ഗർഭണിയായി. 1971 മാർച്ച് 23 ന്, അവിവാഹിതരായ അമ്മമാർക്കുള്ള സ്ഥാപനത്തിൽ വച്ച് ഐലീൻ ഒരു ആൺകുട്ടിയെ പ്രസവിച്ചു. പിന്നീട് കുട്ടിയെ ദത്തു നൽകി. മുത്തശ്ശരി മരിച്ചതോടെ സ്വഭാവം മാറിയ മുത്തശ്ശൻ 15 കാരിയായ ഐലീനെ വീട്ടിൽനിന്നു പുറത്താക്കി. ജീവിക്കാൻ നിവൃത്തിയില്ലാതെ വീട്ടിനടുത്തുള്ള കാട്ടിൽ താമസം തുടങ്ങിയ ഐലീൻ ലൈംഗികത്തൊഴിലാളിയായി മാറാൻ അധികസമയം വേണ്ടിവന്നില്
∙ കുറ്റകൃത്യങ്ങളുടെ ലോകത്തിലേക്ക്
ജീവിതത്തിലെ വിഷമങ്ങൾക്ക് ആശ്വാസം തേടി ഐലീൻ മദ്യത്തിലും ലഹരിയിലും അഭയം പ്രാപിച്ചു. 18 –ാം വയസ്സിൽ മദ്യപിച്ച് വാഹനമോടിച്ചതിനും ഓടുന്ന വാഹനത്തിൽ വെടിയുതിർത്തതിനും ഐലീനെ പൊലീസ് പിടികൂടി. 1976 ൽ ഐലീൻ 69 വയസ്സുള്ള യാച്ച് ക്ലബ് പ്രസിഡന്‍റ് ലൂയിസ് ഗ്രാറ്റ്സ് ഫെല്ലിനെ വിവാഹം കഴിച്ചു. മദ്യപിച്ച് പ്രശ്നമുണ്ടാക്കുന്ന ഐലീൻ ബാറുകാർക്കു സ്ഥിരം തലവേദനയായി. ഇതിന്‍റെ പേരിൽ പലപ്പോഴും ജയിലിലുമായി. 1976 ജൂലൈ 17 ന് ജ്യേഷ്ഠൻ കീത്ത് അന്നനാളത്തിലെ അർബുദബാധയെ തുടർന്ന് മരിച്ചു. അതിന്റെ ഇൻഷുറൻസ് ഇനത്തിൽ 10,000 ഡോളർ ഐലീന് കിട്ടി. പിന്നാലെ വിവാഹമോചിതയായി.
ജീവിതത്തെ വെറുത്ത ഐലീൻ ആറു തവണ ജീവനൊടുക്കാൻ ശ്രമിച്ചു. മോഷണം, ചെക്ക് കേസുകൾ, ലഹരി ഉപയോഗം തുടങ്ങി പല കേസുകളിൽ ഐലീൻ പൊലീസ് പിടിയിലാകുന്നത് തുടർക്കഥയായി.
∙ ആദ്യത്തെ ഇര
ലൈംഗികത്തൊഴിലാളിയായ ഐലീനെ ക്ലിയർവാട്ടറിലെ ഇലക്ട്രോണിക്സ് സ്റ്റോർ ഉടമ റിച്ചഡ് ചാൾസ് മല്ലോറി (51) ആളൊഴിഞ്ഞ പ്രദേശത്തേക്കു കൂട്ടിക്കൊണ്ടുപോയത് ശാരീരിക ബന്ധത്തിനായിരുന്നു. പക്ഷേ ഐലീന്‍റെ കൊലപാതക പരമ്പരയിലെ ആദ്യ ഇരയാകാനായിരുന്നു അയാളുടെ വിധി. രണ്ടു ദിവസത്തിന് ശേഷം, ഉപേക്ഷിക്കപ്പെട്ട ഒരു വാഹനം വോലൂസിയ കൗണ്ടി ഡപ്യൂട്ടി ഷെരീഫിന്‍റെ ശ്രദ്ധയിൽപെട്ടു. അന്വേഷണത്തിൽ, മല്ലോറിയുടെ വാഹനമാണിതെന്നു തിരിച്ചറിഞ്ഞു. അന്വേഷണത്തിനൊടുവിൽ, കിലോമീറ്ററുകൾ അകലെ വനപ്രദേശത്ത്, ഒന്നിലേറെ വെടിയുണ്ടകൾ തറച്ച് മല്ലോറിയുടെ മൃതദേഹം കണ്ടെത്തി. റിച്ചഡ് തന്നെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ചപ്പോൾ സ്വയം പ്രതിരോധിക്കാനാണ് കൊന്നതെന്ന് ഐലീൻ പിന്നീടു പറഞ്ഞു. അതേസമയം, റിച്ചഡ് മുൻപ് മേരിലാൻഡിൽ ബലാത്സംഗശ്രമത്തിന് ശിക്ഷിക്കപ്പെട്ടിരുന്നതായി പൊലീസ് കണ്ടെത്തി.
∙ 1990 മേയ് 19
വിന്‍റർ ഗാർഡനിലെ നിർമാണത്തൊഴിലാളിയായ ഡേവിഡ് ആൻഡ്രൂ സ്പിയേഴ്സ് എന്ന 47 കാരനെ 1990 മേയ് 19 നാണ് കാണാതാകുന്നത്. ജൂൺ ഒന്നിന് സിട്രസ് കൗണ്ടിയിൽനിന്ന് സ്പിയേഴ്സിന്‍റെ മൃതദേഹം ലഭിച്ചു. നഗ്നമായ ശരീരത്തിൽ ആറു തവണ വെടിയേറ്റതിന്‍റെ അടയാളങ്ങളുണ്ടായിരുന്നു. പോയിന്‍റ് 22 പിസ്റ്റൾ ഉപയോഗിച്ചായിരുന്നു കൊലപാതകമെന്നും തെളിഞ്ഞു.
∙ 1990 മേയ് 31
പോയിന്‍റ് 22 പിസ്റ്റളിൽനിന്നു വെടിയേറ്റ നിലയിൽ ഒരു മൃതദേഹം കണ്ടെത്തിയതോടെ ഫ്‌ളോറിഡയിൽ ആശങ്ക പരന്നു തുടങ്ങി. ഇത്തവണ 40 കാരനായ ചാൾസ് എഡ്മണ്ട് കാർസ്കാഡൻ എന്ന പാർട്ട് ടൈം റേഡിയോ ജീവനക്കാരനാണ് കൊല്ലപ്പെട്ടത്. പുതപ്പിൽ പൊതിഞ്ഞ് ജീർണിച്ച നിലയിലായിരുന്നു മൃതദേഹം. ഇത് കൃത്യം നടന്നിട്ട് ദിവസങ്ങളായെന്ന സൂചന നൽകി. കാർസ്കാഡന്‍റെ കാർ ഒരു സ്ത്രീ ഉപയോഗിക്കുന്നത് ചിലർ കണ്ടതാണ് ഐലീനെ കുരുക്കിയത്.
∙ 1990 ജൂലൈ 4
ഫ്‌ളോറിഡയിലെ ഓറഞ്ച് സ്പ്രിങ്സിൽ ഒരു കാർ കണ്ടെത്തി. വിശദമായ അന്വേഷണത്തിൽ, ഡോർ ഹാൻഡിലിൽ പ്രതിയുടേതെന്ന് സംശയിക്കുന്ന കൈപ്പത്തിയുടെ അടയാളം കണ്ടെത്തി. കാറിന്‍റെ ഉടമ 65 കാരനായയ പീറ്റർ എബ്രഹാം സീംസ് എന്ന, മർച്ചന്‍റ് നേവിയിൽനിന്നു വിരമിച്ച വ്യക്തിയായിരുന്നു. ഇയാളും കൊല്ലപ്പെട്ടതായാണ് അനുമാനം. സീംസിന്‍റെ മൃതദേഹത്തിന് എന്തു സംഭവിച്ചുവെന്നത് ഇന്നും ദുരൂഹമാണ്.
∙ 1990 ഓഗസ്റ്റ് 4
സോസേജ് വ്യാപാരിയായ, ഫ്‌ളോറിഡയിലെ ഒകാലയിൽ നിന്നുള്ള ട്രോയ് യൂജിൻ ബറെസിനെ 1990 ജൂലൈ 31 ന് കാണാതായെന്ന് പൊലീസിന് വിവരം ലഭിച്ചു. 1990 ഓഗസ്റ്റ് 4 ന് വനത്തിനുള്ളിൽ ബറെസിനെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. 56 കാരനായ ഇയാൾക്കു രണ്ടു തവണയാണ് വെടിയേറ്റിരുന്നു.
∙ 1990 സെപ്റ്റംബർ 11
പൊലീസ് മേധാവി, യുഎസ് എയർഫോഴ്സിൽ മേജർ തുടങ്ങിയ പദവികൾ അലങ്കരിച്ച ശേഷം വിരമിച്ച ചാൾസ് റിച്ചഡ് ഡിക്ക് ഹംഫ്രീസിന്‍റെ മൃതദേഹം 1990 സെപ്റ്റംബർ 12 ന് മരിയോൺ കൗണ്ടിയിലാണ് കണ്ടെത്തിയത്. തലയിലും ശരീരത്തിലുമായി ഏഴു തവണയാണ് 56 കാരനായ ചാൾസിന് വെടിയേറ്റത്.
∙ 1990 നവംബർ 19
റിസർവ് പൊലീസ് ഓഫിസറും സെക്യൂരിറ്റി ഗാർഡുമായ 62 കാരൻ വാൾട്ടർ ജെനോ അന്‍റോണിയോയുടെ മൃതദേഹം ഡിക്സി കൗണ്ടിയിൽനിന്നു ലഭിക്കുമ്പോൾ അത് ഏറെക്കുറെ നഗ്നമായിരുന്നു. നാലു തവണയാണ് വാൾട്ടർക്ക് വെടിയേറ്റത്. മൃതദേഹം കണ്ടെത്തി അഞ്ച് ദിവസത്തിനു ശേഷം ബ്രെവാർഡ് കൗണ്ടിയിൽനിന്നു വാൾട്ടറുടെ കാറും ലഭിച്ചു.
∙ പ്രണയിനിയുടെ വെളിപ്പെടുത്തൽ
1986 ൽ ഫ്‌ളോറിഡയിലെ ഡേടോണ ബീച്ചിലെ ഗേ ബാറിൽ വച്ച് 30 കാരി ഐലീൻ 24 കാരി ടൈറിയ മൂറിനെ കണ്ടുമുട്ടി. ഇരുവരും തമ്മിൽ പ്രണയത്തിലായി. തുടർന്ന് ഒരുമിച്ച് താമസമാക്കി. ഇക്കാലത്തും ചെലവിനുള്ള തുക തേടി ഐലീൻ ലൈംഗികത്തൊഴിൽ തുടർന്നിരുന്നു. പീറ്റർ എബ്രഹാം സീംസിന്‍റെ കാറിനെപ്പറ്റി പൊലീസ് നടത്തിയ അന്വേഷണത്തിൽ, അതിൽ രണ്ട് സ്ത്രീകൾ യാത്ര ചെയ്തെന്നു വിവരം കിട്ടിയിരുന്നു. വിരലടയാളങ്ങളും നിർണായകമായി.
ഇരകളിൽനിന്ന് ഐലീൻ മോഷ്ടിച്ച വസ്തുക്കൾ 1990 ൽ ഐലീനും ടൈറിയ മൂറും ചേർന്ന് ഫ്‌ളോറിഡയിലെ പണയശാലകളിൽ വിറ്റു. കൊലപാതക അന്വേഷണത്തിനിടെ, വോൾസിയ കൗണ്ടി പൊലീസ് റിച്ചാർഡ് ചാൾസ് മല്ലോറിയുടെ വസ്‌തുക്കൾ ഒരു പ്രാദേശിക പണയശാലയിൽനിന്നു കണ്ടെത്തി. ഐലീന്‍റെ പെരുവിരലിന്‍റെ അടയാളമുള്ള രസീതും പൊലീസിന് ഇവിടെനിന്ന് ലഭിച്ചു. ഈ അടയാളങ്ങളും പീറ്റർ എബ്രഹാം സീംസിന്‍റെ കാറിൽനിന്നു ലഭിച്ച കൈപ്പത്തിയുടെ അടയാളങ്ങളും ഒരേ പ്രതിയിലേക്കു വിരൽചൂണ്ടി.
മല്ലോറിയുടെ കയ്യിൽനിന്ന് ഐലീൻ മോഷ്ടിച്ച മറ്റു വസ്തുക്കളും പൊലീസ് കണ്ടെത്തി. വെയർഹൗസിൽനിന്ന് മല്ലോറിയുടെ വാഹനത്തിലെ ക്യാമറ കണ്ടെത്തിതോടെ ടൈറിയ മൂറിനെ പൊലീസ് സംശയിക്കാൻ തുടങ്ങി. മൂറിന്‍റെ നീക്കങ്ങൾ പൊലീസ് വലയത്തിലായി. മൂറിനെ പിടികൂടി ചോദ്യം ചെയ്തപ്പോൾ ഐലീനെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചു. ഇതിനിടെ ഫ്‌ളോറിഡയിലെ ഹാർബർ ഓക്‌സിലെ ഒരു ബൈക്കർ ബാറിൽ വച്ച് മറ്റൊരു കേസിൽ ഐലീൻ പിടിയിലായിരുന്നു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ ഐലീൻ കുറ്റം സമ്മതിച്ചു. തന്നെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചവരെയാണ് താൻ കൊന്നതെന്ന് ഐലീൻ പൊലീസിനോട് പറഞ്ഞു. മോഷണത്തെക്കുറിച്ചും മറ്റും ചോദ്യം വന്നതോടെ ഐലീൻ പല കഥകളും കൊലപാതകങ്ങൾക്കു കാരണമായി പറയാൻ തുടങ്ങി.
ഫ്‌ളോറിഡ ഡിപ്പാർട്ട്‌മെന്‍റ് ഓഫ് കറക്‌ഷൻസ്, ബ്രോവാർഡ് കറക്‌ഷനൽ ഇൻസ്റ്റിറ്റ്യൂഷൻസ് എന്നിവ ഐലീന് വധശിക്ഷ വിധിച്ചു. 1996ൽ യുഎസ് സുപ്രീം കോടതി പ്രതിയുടെ അപ്പീൽ തള്ളി. 2001 ൽ ഫ്‌ളോറിഡ സുപ്രീം കോടതിയിൽ സമർപ്പിച്ച ഹർജി പിൻവലിക്കാനും നിയമോപദേശകനെ വേണ്ടെന്നും ആവശ്യപ്പെട്ട് ഐലീൻ തന്നെ രംഗത്ത് വന്നു. അക്കാലത്ത്, തന്‍റെ ജീവിതത്തിലെ മനോഹരമായ ബന്ധവും ഇപ്പോഴും കാത്തുസൂക്ഷിക്കുന്ന പ്രണയവും കാമുകിയായ ടൈറിയ മൂറുമായാണെന്ന് ഐലീൻ വെളിപ്പെടുത്തി. അവസാനകാലത്തു നൽകിയ അഭിമുഖങ്ങളിൽ, സമൂഹത്തെ വെറുക്കുന്നെന്നും അവർ പറഞ്ഞിരുന്നു.
∙ അവസാനത്തെ കാപ്പി
വധശിക്ഷയ്ക്കു വിധിക്കപ്പെട്ട ഐലീനെ ഫ്‌ളോറിഡയിലെ സ്റ്റേറ്റ് ജയിലിലേക്കു മാറ്റി. അവസാന ഭക്ഷണത്തിന് 20 ഡോളറിൽ താഴെ മതി വിലയെന്ന് ഐലീൻ ആഗ്രഹിച്ചു. അതിനാൽ ഒരു കപ്പ് കാപ്പി മാത്രമാണ് അവസാനമായി സ്വീകരിച്ചത്. 2002 ഒക്‌ടോബർ 9ന് മാരകമായ വിഷം കുത്തിവച്ച് വധശിക്ഷ നടപ്പാക്കി. ഫ്‌ളോറിഡയിൽ വധശിക്ഷയ്ക്കു വിധേയയായ രണ്ടാമത്തെ വനിതയാണ് ഐലീൻ.