ലാലേട്ടൻ ഇഫക്ട്; ഇർഷാദ് ഇനി പഴയ ഗഡിയല്ല
Mail This Article
സോൾട്ട് ആൻഡ് പെപ്പർ മെട്രോ ലുക്കിൽ നടൻ ഇർഷാദ് അലി. മേക്കോവർ മനപ്പൂർവം ചെയ്തതാണെന്ന് താരം പറയുന്നു. സിനിമാജീവിതം 25 വർഷം പിന്നിടുമ്പോൾ പുതിയ വിശേഷങ്ങളുമായി ഇർഷാദ് മനോരമ ഓൺലൈനിൽ....
∙നാട്ടിൻപുറത്തുകാരനിൽനിന്ന് മെട്രോ ലുക്കിലേക്കു മാറിയല്ലോ. എന്താണ് ഇതിന്റെ സീക്രട്ട്?
അങ്ങനെ വലിയ സീക്രട്ടൊന്നുമില്ല. ഒരു നടന്റെ ടൂൾ അയാളുടെ ശരീരമല്ലേ. അടുത്തിടെ ദുബായിൽ ഒരു ഷൂട്ടിങ്ങിന്റെ ഭാഗമായി കുറച്ചുദിവസം താമസിച്ചിരുന്നു. അവിടത്തെ സുഖ ജീവിതവും ഭക്ഷണരീതിയും കൂടിയായപ്പോൾ ശരീരം എന്റെ കൈവിട്ടുപോകുന്നപോലെ തോന്നി. അതുകൊണ്ടാണ് ഒന്നു ഫിറ്റ് ആകാൻ തീരുമാനിച്ചത്. ബാംഗ്ലൂരുള്ള ഒരു നാച്ചുറോപ്പതി ആശുപത്രിയുടെ സഹായവും തേടി. ലാലേട്ടൻ വരെ ഒരിക്കൽ ഈ ആശുപത്രിയുടെ സഹായം തേടിയിട്ടുണ്ടെന്നാണ് അവർ അവകാശപ്പെടുന്നത്. മറ്റു പല പ്രമുഖ സെലിബ്രിറ്റികളും ഇതേപോലെ ഇടയ്ക്ക് അവരുടെ ലുക്കും ഗെറ്റപ്പുമൊക്കെ മാറ്റാറില്ലേ.
അതുപോലെ ഒരു എളിയ ശ്രമം നടത്തി നോക്കിയതാണ് ഞാനും. പിന്നെ എത്ര മെട്രോ അർബൻ ലുക്കിലേക്കു ശരീരം മാറിയാലും മനസ്സുകൊണ്ട് ഞാനൊരു നാട്ടിൻപുറത്തുകാരനാണ്. പക്ഷേ അത് എന്റെ പരിമിതിയായി മറ്റുള്ളവർക്ക് തോന്നരുത്. ഞാൻ ചെയ്ത മിക്ക കഥാപാത്രങ്ങൾക്കും ഒരു ഗ്രാമീണതയുണ്ട്. ഈ മേയ്ക്കോവർ മനപ്പൂർവം ചെയ്തതാണ്. എല്ലായ്പ്പോഴും ഗ്രാമീണ വേഷങ്ങൾ ചെയ്യുന്നതിന്റെ മടുപ്പും നാഗരിക കഥാപാത്രങ്ങളെ അവതരിപ്പിക്കണമെന്ന ആഗ്രഹവുമൊക്കെ ഇതിനു പിന്നിലുണ്ട്. എപ്പോഴും ഒരേ ലുക്കിൽ തുടർന്നാൽ ഒരേ തരം കഥാപാത്രങ്ങളാണ് തേടിവരിക.
അഭിനയം വളരെ സീരിയസ് ആയി കാണുന്നതുകൊണ്ടുതന്നെ അതിൽ വെറൈറ്റിയുണ്ടാകണമെന്ന് ആഗ്രഹിക്കുന്നു. സത്യത്തിൽ എനിക്കു മെട്രോ അപ്പീലുള്ള കഥാപാത്രമാകാനും സാധിക്കും എന്ന് എന്നെത്തന്നെ വിശ്വസിപ്പിക്കാനുള്ള ഒരു ശ്രമം കൂടിയാണിത്. അല്ലാതെ ഏതെങ്കിലും ഒരു പ്രത്യേക സിനിമയ്ക്കു വേണ്ടി ചെയ്തതല്ല. പിന്നെ പ്രേക്ഷകർക്കും എന്നെയൊന്ന് ഡിഫ്രന്റായി കാണണമെന്നുണ്ടാകില്ലേ...
∙ സിനിമാജീവിതം 25 വർഷം പിന്നിടുന്നു. എങ്ങനെ സ്വയം വിലയിരുത്തുന്നു?
25 വർഷം എന്നെ സംബന്ധിച്ചിടത്തോളം ഒരു ചെറിയ കാലയളവല്ല. എന്റെ ഇതുവരെയുള്ള ജീവിതത്തിന്റെ പകുതിയോളം വരും എന്റെ സിനിമാജീവിതവും. പക്ഷേ തുടക്കകാലത്ത് ആൾക്കൂട്ടത്തിലൊരാളായും മറ്റും ചെറിയ വേഷങ്ങളായിരുന്നു. പിന്നെ പതിയെപ്പതിയെ ഒന്നോ രണ്ടോ ഡയലോഗുകൾ ലഭിക്കാൻ തുടങ്ങി. പക്ഷേ ഓരോ വേഷങ്ങൾക്കുമിടയിൽ നീണ്ട ഇടവേളകളുണ്ടായിരുന്നു. ‘പാഠം ഒന്ന് ഒരു വിലാപ’ത്തിൽ മീരാ ജാസ്മിന്റെ നായകനായി അഭിനയിച്ചെങ്കിലും പിന്നീട് ശ്രദ്ധേയ വേഷങ്ങളൊന്നും ലഭിച്ചില്ല.
പതുക്കെ ഒരു തരം മടുപ്പ് എന്നെ ബാധിച്ചുതുടങ്ങി. അങ്ങനെയാണ് തൽക്കാലത്തേക്ക് സീരിയലിൽ ശ്രദ്ധ കേന്ദ്രീകരിച്ചത്. 8 വർഷം സീരിയൽ മാത്രമായിരുന്നു എന്റെ ലോകം. പക്ഷേ അപ്പോഴും സീരിയൽരംഗത്തെ എന്റെ നല്ല സുഹൃത്തുക്കൾ എന്നോടു പറഞ്ഞുകൊണ്ടേയിരുന്നു, നീ സിനിമയിൽ പോകേണ്ട ആളാണ്. സീരിയൽ അല്ല നിന്റെ ലോകമെന്ന്. പിന്നീട് ‘ഭക്തജനങ്ങളുടെ ശ്രദ്ധയ്ക്ക്’ എന്ന സിനിമയിലൂടെ വീണ്ടും ഇൻഡസ്ട്രിയിലേക്കു തിരികെവന്നു. എത്ര നന്നായി നമ്മൾ അഭിനയിച്ചാലും എത്ര നല്ല കഥാപാത്രത്തെ അവതരിപ്പിച്ചാലും സിനിമ തീയറ്ററിൽ കുറച്ചേറെ ദിവസം പ്രദർശിപ്പിക്കപ്പെടുക കൂടി വേണം.
എങ്കിലല്ലേ ജനം നമ്മെ തിരിച്ചറിയൂ. ‘പുള്ളിപ്പുലികളും ആട്ടിൻകുട്ടിയും’ വലിയ ബ്രേക്ക് തന്നു. ഒരു മുഴുനീള പൊലീസ് ഓഫിസറുടെ വേഷം ചെയ്യണമെന്ന് വലിയ മോഹമുണ്ടായിരുന്നു. അങ്ങനെ ‘ദൃശ്യ’ത്തിലെ പൊലീസ് ഓഫിസറുടെ വേഷം ഞാൻ ജിത്തു ജോസഫിനോടു ചോദിച്ചുവാങ്ങിയതാണ്. നല്ല വേഷം ചോദിച്ചുവാങ്ങുന്നതിൽ ഒരു മടിയും തോന്നിയിട്ടില്ല. 2011നു ശേഷം സിനിമയിൽ കുറച്ചുകൂടി സജീവമായി.. ‘ജാവ’ തന്ന കോൺഫിഡൻസിൽ കുറച്ചുകൂടി സെലക്ടീവായി. ഇപ്പോഴങ്ങനെ ചാൻസ് ചോദിച്ചു ബുദ്ധിമുട്ടേണ്ട സ്ഥിതിയില്ല. നല്ല കഥാപാത്രങ്ങൾ നമ്മെ ഇങ്ങോട്ടു തേടിവരാൻ തുടങ്ങി. 25 വർഷം കൊണ്ടുണ്ടായ വലിയ മാറ്റമല്ലേ അത്. സൂപ്പർ സ്റ്റാറുകളില്ലെങ്കിലും സിനിമ ഹിറ്റാവുമെന്നതിനു പല ഉദാഹരണങ്ങളും നാം കണ്ടു. ചെറിയ സിനിമകൾ തരുന്ന പോസിറ്റിവിറ്റിയിൽ ആത്മവിശ്വാസമുണ്ട്. സിനിമ വലുതോ ചെറുതോ എന്നല്ല, എന്റെ കഥാപാത്രം പ്രേക്ഷകർ ഓർത്തിരിക്കണം എന്നതു മാത്രമാണ് ഇപ്പോൾ ആഗ്രഹം.
∙ ലോക്ഡൗൺകാലത്ത് കവിത വായനവുമായി സമൂഹമാധ്യമങ്ങളിൽ സജീവമായിരുന്നല്ലോ?
കവിതയോട്, പ്രത്യേകിച്ച് ഗദ്യ കവിതകളോട് പണ്ടേ പ്രണയമുണ്ട്. വീരാൻകുട്ടിയെപ്പോലുള്ള കവിസുഹൃത്തുക്കളുടെ സ്വാധീനമാകാം. കെജിഎസ്സിനെപ്പോലുള്ളവരോടുള്ള അടുപ്പമാകാം. കുട്ടിക്കാലത്ത് നോമ്പുകാലത്താണ് ഏറെ പുസ്തകങ്ങൾ വായിച്ചത്. കുഞ്ഞുണ്ണിമാഷിന്റെ കവിതകളിൽ തുടങ്ങിയ ഇഷ്ടമാണ്. ഇന്നും സിനിമപോലെ തന്നെ ഇഷ്ടമാണ് വായന. ലോക്ഡൗൺകാലത്ത് അതിന്റെ ഒരു തുടർച്ചയായാണ് ഫെയ്സ്ബുക്കിൽ കവിതകൾ വായിക്കാൻ തുടങ്ങിയത്.
കോവിഡ്കാലം കവിതാക്കാലമാക്കാൻ കഴിഞ്ഞതിൽ സന്തോഷം തോന്നി. ഓരോ ദിവസവും ഓരോ കവിത അവതരിപ്പിച്ചു. അതിന് കുറെയേറെ ആസ്വാദകരുണ്ടായി. പലരും എന്റെ കവിതാവായന കേൾക്കാൻ കാത്തിരിക്കാൻ തുടങ്ങി. എന്റെ ഓരോ ദിവസത്തെയും എനർജി ആ വായന എനിക്കു പകർന്നു. പക്ഷേ പതുക്കെ ഞാൻ അതിന് അഡിക്ടഡ് ആകുന്നപോലെ തോന്നി. അങ്ങനെ ഒറ്റദിവസം പെട്ടെന്ന് ഞാനത് അവസാനിപ്പിക്കുകയായിരുന്നു. ഇപ്പോഴും എന്റേതായ വായന ഞാൻ തുടരുന്നുണ്ട്. പല എഴുത്തുകാരും ആസ്വാദകരുമായി കണക്ടഡ് ആയായാണ് ഞാനെന്റെ ലോക്ഡൗൺ മടുപ്പ് മാറ്റിയത്.
∙പുതിയ വിശേഷങ്ങൾ? സിനിമകൾ?
ഞാൻ ഹീറോ ആയി അഭിനയിക്കുന്ന ‘ടു മെൻ’ എന്ന ചിത്രത്തിൽ ഏറെ പ്രതീക്ഷയുണ്ട്. പൂർണമായും ദുബായിൽ ചിത്രീകരിച്ച സിനിമയാണ്. ഇന്ദ്രൻസേട്ടനൊപ്പം ‘ചായ’ എന്ന സിനിമയുണ്ട്. ഇടവേളകളില്ലാതെ വ്യത്യസ്ത കഥാപാത്രങ്ങളുമായി നിങ്ങളിലേക്ക് എത്തിച്ചേരണമെന്നുതന്നെയാണ് ആഗ്രഹം