17ാം വയസ്സിൽ വീട്ടിയത് 25 ലക്ഷത്തിന്റെ കടം, ഇന്നു സ്വന്തമായി കാറും: അൽ സാബിത്ത് അഭിമുഖം
Mail This Article
കഠിനാധ്വാനികളായവരുടെ വിജയം എന്നും അമ്പരപ്പിക്കുന്നതും പ്രത്യാശ നൽകുന്നതുമാണ്. ആ വിജയിയുടെ പ്രായം 17 ആണെങ്കിലോ? വിജയിച്ചത് ജീവിതത്തിലാണ്. വിജയി അൽ സാബിത്തും. വീട്ടിലെ കടങ്ങൾ വീട്ടി സമാധാനമായി ജീവിക്കാനാണ് അൽ സാബിത് എന്ന ഏഴു വയസുകാരൻ ജോലിക്ക് പോയി തുടങ്ങിയത്. ടെലിവിഷൻ പരമ്പരയിൽ അവതരിപ്പിച്ച കേശു എന്ന കഥാപാത്രത്തിന്റെ പേരിൽ അറിയപ്പെടാൻ തുടങ്ങിയപ്പോഴാണ് അൽ സാബിത്തിനു തന്റെ കലയിൽ വിശ്വാസം വന്നത്. പിന്നീട് അഭിനയിച്ചത് വെറും ജോലിയായല്ല. ആ കലയാണ് ഇത്രയും ഉയരത്തിൽ അൽ സാബിത്തിനെ എത്തിച്ചത്. ജീവിതത്തിലുണ്ടായിരുന്ന സ്വപ്‌നങ്ങൾ നടത്തിയെടുക്കുന്നതിനെക്കുറിച്ചും കേട്ട പരിഹാസങ്ങളെക്കുറിച്ചും അൽ സാബിത് മനോരമ ഓൺലൈനിൽ സംസാരിക്കുന്നു.
വീട്ടിയ കടം തന്ന ആത്മവിശ്വാസം
കുഞ്ഞായിരിക്കുമ്പോൾ മുതൽ അനുഭവിച്ച കഷ്ടപ്പാടുകൾ താണ്ടിയാണ് വീട്ടിലെ വലിയ കടം വീട്ടിയത്. പണ്ട് വീട്ടുകാർക്ക് ഒരു കച്ചവടമുണ്ടായിരുന്നു. അതിലുണ്ടായ നഷ്ടവും, വീട് പണിതപ്പോഴുണ്ടായ കടവുമെല്ലാം പെരുകിയിരുന്നു. കഷ്ടപ്പാടിന്റെ സമയത്ത് ഞാനും ഉമ്മയും മാത്രമായിരുന്നു വീട്ടിൽ. അങ്ങനെ അന്നത്തെ കടം വീട്ടിയപ്പോൾ കിട്ടിയ സന്തോഷവും ആത്മവിശ്വാസവും ചെറുതല്ല. അതിനുശേഷം,
ഈയടുത്ത് ഒരു കാർ വാങ്ങി. ഉമ്മയ്ക്കു കൂടി ഇഷ്ടപ്പെട്ട കാറായിരുന്നു അത്. ഇങ്ങനെയുള്ള ചെറിയ ചെറിയ വിജയങ്ങളാണ് എന്നെ നയിക്കുന്നത്.
ഏഴു വയസിൽ തുടങ്ങിയ ജോലി
കുട്ടികളെല്ലാം കളിച്ചു നടക്കുന്ന പ്രായത്തിൽ ജോലി ചെയ്യാൻ തുടങ്ങിയ ആളാണ് ഞാൻ. നാലു വയസുള്ളപ്പോൾ ഒരു സംഗീത ആൽബത്തിൽ അഭിനയിച്ചിരുന്നു എങ്കിലും അഭിനയത്തെ ജോലിയായി കണ്ടുതുടങ്ങിയത് ടെലിവിഷൻ പരമ്പര ചെയ്തു തുടങ്ങിയപ്പോൾ മുതലാണ്. രണ്ടാം ക്‌ളാസിൽ പഠിക്കുമ്പോളാണ് കാര്യമായി അഭിനയിക്കാൻ തുടങ്ങുന്നത്. പിന്നെ അത് ഞങ്ങളുടെ കുടുംബത്തിന്റെ വരുമാനമാർഗമായി. ഇപ്പോൾ ചിലരൊക്കെ 'അൽ സാബിത്താണ് പ്രചോദനം' എന്നെല്ലാം പറഞ്ഞു കേൾക്കുമ്പോൾ സന്തോഷമുണ്ട്. അത് ആത്മവിശ്വാസം കൂട്ടുന്നുമുണ്ട്.
കുട്ടിത്തം എവിടെയും പോയിട്ടില്ല
എനിക്കും എന്നെപോലെ ചെറുപ്പത്തിൽ തന്നെ ജോലി ചെയ്യുന്ന കുട്ടികൾക്കും എപ്പോഴും കേൾക്കേണ്ടിവന്നിട്ടുള്ള കാര്യമാണ് 'ഇവർക്ക് പ്രായത്തിൽ കവിഞ്ഞ പക്വതയാണ്. കുട്ടിത്തമില്ല' എന്നൊക്കെ. ശരിക്കും ഞങ്ങളും കുട്ടികൾ തന്നെയാണ്. കുട്ടികളുടേതായ ചിന്തകളും വിചാരങ്ങളുമൊക്കെയെ ഞങ്ങൾക്കുമുള്ളു. എന്നാൽ കുട്ടികളെപ്പോലെ എപ്പോഴും പെരുമാറാൻ പറ്റുന്ന ജീവിതമല്ല ഞങ്ങളുടേത്. കൃത്യമായി കാര്യങ്ങൾ സംസാരിക്കേണ്ട ഇടത്ത് അങ്ങനെ പറഞ്ഞല്ലേ മതിയാകൂ. എല്ലായ്പ്പോഴും അല്പം ജാഗ്രത ഉണ്ടാകാറുണ്ട് എനിക്ക്. നിൽക്കേണ്ടത് പോലെ നിൽക്കാനും ഇപ്പോൾ പഠിച്ചിട്ടുണ്ട്. അപ്പോൾ സംസാരിക്കുന്ന കാര്യങ്ങളിലും അല്പം ഗൗരവം ഉണ്ടാകും.
പിന്നെ ചെറിയ പ്രായത്തിൽ തന്നെ വീട്ടിലെ കാര്യങ്ങളെല്ലാം അറിഞ്ഞും പരിഹരിച്ചും വളരുമ്പോൾ നമുക്കൊരു പാകതയൊക്കെ വരും. അതിനെ ‘തന്ത വൈബ്’ എന്ന് വിളിക്കുന്നത് എന്റെ പ്രായത്തിലുള്ള കുട്ടികൾ തന്നെയല്ലേ. അവരുടെ മനസികാവസ്ഥയൊക്കെ എനിക്ക് മനസ്സിലാകും. അതിൽ വ്യക്തിപരമായി പ്രശ്നം ഒന്നും തോന്നിയിട്ടില്ല.
സാധാരണ കുട്ടികൾ എപ്പോഴും അവരുടെ പ്രായക്കാരുമായാണ് ഇടപെടുന്നത്. ഞാൻ കുട്ടിക്കാലം മുതൽ ഇടപെടുന്നത് പല പ്രായത്തിലുള്ള, പല ജോലികൾ ചെയ്യുന്ന ആളുകളുമായാണ്. അപ്പോൾ എല്ലാവരോടും കുട്ടിക്കളി മതിയാകില്ല. എല്ലാവരോടും തുറന്നടിച്ചു സംസാരിക്കാൻ പറ്റില്ലല്ലോ. അങ്ങനെ വളർന്നതിൽ വിഷമം തോന്നിയിട്ടില്ല.
പഠനം പ്രധാനം
'ട്യൂഷന് പോകുന്നു. വീട്ടിലെത്തി പഠിക്കുന്നു. എല്ലാം കൂടി താങ്ങാൻ പറ്റുന്നില്ല' എന്നൊക്കെ ചില കുട്ടികൾ പറഞ്ഞു കേൾക്കാറുണ്ട്. അത് കേൾക്കുമ്പോൾ ചിരി വരും. ഞാൻ ചെറിയ കുട്ടിയായിരുന്നപ്പോൾ മുതൽ ജോലി ചെയ്യുന്നുണ്ടെങ്കിലും പഠനം ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ഉമ്മയും അധ്യാപകരും ഒരുപാടു സഹായിച്ചിട്ടുണ്ട്. വളരെ നല്ല മാർക്കിലാണ് ഞാൻ ഓരോ ക്‌ളാസും പാസായത്. ഇപ്പോൾ പന്ത്രണ്ടാം ക്‌ളാസിലാണ് പഠിക്കുന്നത്. ശേഷം പൊളിറ്റിക്‌സിൽ ഡിഗ്രി ചെയ്യാനാണ് ആഗ്രഹം.
കുന്നോളം ആഗ്രഹിച്ചാൽ
ഗ്രൗണ്ട് ക്ലിയറൻസുള്ള വണ്ടികളാണ് എനിക്ക് ഇഷ്ടം. ഇപ്പോഴുള്ള കാർ എനിക്ക് വാങ്ങാൻ കഴിയുന്നതിൽ ഏറ്റവും നല്ലതാണ്. ഒരുപാടു ആഗ്രഹിച്ചാൽ അതെല്ലാം വഴിയേ നടക്കും എന്നാണല്ലോ. ഇനി വാങ്ങാൻ കൊതിയുള്ള വാഹനം റേഞ്ച് റോവറാണ്. എല്ലാ സ്വപ്നങ്ങളും നടക്കും. അധ്വാനിക്കാനുള്ള നല്ല മനസ്സുണ്ടായാൽ മതിയല്ലോ!