ADVERTISEMENT

കൊലപാതക കേസിൽ അറസ്റ്റിലായ കന്നഡ സൂപ്പർതാരം ദർശൻ ഇൻസ്റ്റഗ്രാമിൽ നടിയും രാഷ്ട്രീയപ്രവർത്തകയുമായ സുമലതയേയും കുടുംബത്തേയും അൺഫോളോ ചെയ്തതുമായി ബന്ധപ്പെട്ട് വിവാദത്തിൽ വിശദീകരണവുമായി സുമലത. അനാവശ്യ വിവാദങ്ങൾ ഒഴിവാക്കണമെന്നും ആരെ ഫോളോ ചെയ്യണമെന്നുള്ളത് ഒരാളുടെ വ്യക്തിപരമായ തിരഞ്ഞെടുപ്പാണെന്നും സുമലത പ്രതികരിച്ചു. സുമലതേയും കുടുംബത്തേയും ദർശൻ ‘അൺഫോളോ’ ചെയ്തതിനു ശേഷം സുമലത പങ്കുവച്ച വാക്കുകളും സ്റ്റാറ്റസും ദർശനെ ഉദ്ദേശിച്ചാണെന്നായിരുന്നു ആരാധകരുടെ അനുമാനം. ഇതാണ് വിവാദമായത്. 

സുമലതയുടെ വിശദീകരണക്കുറിപ്പ്: 

എന്റെ മുൻ പോസ്റ്റുകളിലൊന്നുമായി ബന്ധപ്പെട്ട് തീർത്തും അനാവശ്യമായ ഒരു വിവാദത്തിൽ വ്യക്തത വരുത്തുന്നതിനാണ് ഈ കുറിപ്പ്. മുൻപ് പങ്കുവച്ച പോസ്റ്റ് ആരെയെങ്കിലും പ്രത്യേകമായി കുറിച്ചല്ല, മറിച്ച് പൊതുവായ ഒരു നിരീക്ഷണമായിരുന്നു. സോഷ്യൽ മീഡിയയിൽ എന്നെ പിന്തുടരുന്നവരെക്കുറിച്ചും അൺഫോളോ ചെയ്യുന്നവരെക്കുറിച്ചുമുള്ള വിവരങ്ങൾ സൂക്ഷിക്കുന്ന ശീലം എനിക്കില്ല.

 

യാദൃച്ഛികമെന്നു പറയട്ടെ, ഇന്ന് വാർത്തകളിൽ നിന്നാണ് ഇൻസ്റ്റാഗ്രാമിലും ട്വിറ്ററിലും ആരെയും ഫോളോ ചെയ്യണ്ട എന്ന തീരുമാനം ദർശൻ എടുത്ത വിവരം ഞാൻ അറിയുന്നത്. ഇതിന് എന്തിനാണ് ഇത്രയും പ്രധാന്യം നൽകുന്നതെന്ന് മനസ്സിലാകുന്നില്ല. ആരെ ഫോളോ ചെയ്യണം, ചെയ്യണ്ട എന്നത് അദ്ദേഹത്തിന്റെ വ്യക്തിപരമായ തിരഞ്ഞെടുപ്പാണ്, അതിനെ മാനിക്കാം.

 

അനാവശ്യ വിവാദങ്ങൾ ഉണ്ടാക്കരുതെന്ന് ഞാൻ എല്ലാവരോടും അഭ്യർത്ഥിക്കുന്നു. എന്റെ കുറിപ്പ് ആരെയെങ്കിലും കുറിച്ചുള്ളതല്ല, ഞാൻ ഒരിക്കലും എന്റെ കുടുംബവുമായും അടുത്ത ആളുകളുമായും സോഷ്യൽ മീഡിയയിലൂടെ ആശയവിനിമയം നടത്താറില്ല. 

സുമലതയേയും കുടുംബത്തെയും ദർശൻ അൺഫോളോ ചെയ്ത സമയത്ത് സുമലത പങ്കുവച്ച പോസറ്റ് ദർശനുമായി ബന്ധപ്പെടുത്തിയാണ് ആരാധകർ വായിച്ചത്. ‘സത്യത്തെ വളച്ചൊടിക്കുകയും പശ്ചാത്താപമില്ലാതെ ആളുകളെ വേദനിപ്പിക്കുകയും കുറ്റപ്പെടുത്തുകയും ചെയ്തിട്ട് സ്വയം ഹീറോ ആയി കരുതുന്നവർക്കാണ് മികച്ച അഭിനയത്തിനുള്ള ഓസ്കർ നൽകേണ്ടത്’ എന്നായിരുന്നു സുമലതയുടെ ഒരു പോസ്റ്റ്. 

അതിനു പിന്നാലെ മറ്റൊരു പോസ്റ്റും താരം പങ്കുവച്ചു. ‘വേദനയില്ലാതെ ഉണരുന്നത്, പൂർണ്ണമായി മനസ്സിലാക്കിയതായി തോന്നുന്ന സംഭാഷണങ്ങൾ നടത്തുന്നത്, ആശങ്കകളിലേക്ക് ഓടാതെ വർത്തമാനകാലത്ത് സ്വസ്ഥമായിരിക്കാൻ കഴിയുന്ന ഒരു മനസ്സുണ്ടാവുന്നതെല്ലാം സമൂഹമാധ്യമത്തിലേക്ക് ഭംഗിയുള്ള ഫോട്ടോകളാക്കാൻ കഴിയാത്ത നിധികളാണ്, എന്നാൽ അവ ഉള്ളിൽ നിന്ന് സമ്പന്നമാണെന്ന് തോന്നുന്ന ഒരു ജീവിതത്തിന്റെ അടിത്തറയാണ്," എന്നതായിരുന്നു സുമലതയുടെ പോസ്റ്റിൽ ഉണ്ടായിരുന്നത്. ഇവയാണ് ആരാധകർക്കിടയിൽ ചർച്ചയായത്.  സുമലതയെയും കുടുംബത്തെയും പിന്തുടരാതിരിക്കാനുള്ള ദർശന്റെ തീരുമാനത്തിന് പിന്നിലെ കാരണം വ്യക്തമല്ല. എന്നിരുന്നാലും, ഈ സംഭവവികാസം അദ്ദേഹത്തിൻന്റെ ആരാധകർക്കിടയിൽ വലിയ ചർച്ചയായി.

ചിത്രദുർഗ സ്വദേശിയായ രേണുകസ്വാമി എന്നയാളുടെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് ദർശൻ അറസ്റ്റിലായത്.  ആദ്യം ആത്മഹത്യയാണെന്ന് കരുതിയ കേസ് പിന്നീട് കൊലപാതകമാണെന്ന് തെളിയുകയായിരുന്നു. ദർശന്റെ സുഹൃത്തും നടിയുമായ പവിത്ര ഗൗഡയ്ക്ക് അശ്ലീല സന്ദേശമയച്ച യുവാവിനെ ദർശൻ ഉൾപ്പെട്ട സംഘം കമ്പുകൊണ്ടും ബെൽറ്റുകൊണ്ടും ക്രൂരമായി മർദിച്ചാണ് കൊലപ്പെടുത്തിയതെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി.

English Summary:

Darshan unfollows Sumalatha and 5 others: Actress Reaction

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com