ADVERTISEMENT

കരിയറിലെ ആദ്യ സൂപ്പർ ഹിറ്റ് ഗാനം പിറന്നതിന്റെ സന്തോഷത്തിലാണ് യുവസംഗീത സംവിധായകനും സൗണ്ട് ഡിസൈനറുമായ ഡോൺ വിൻസന്റ്. മഞ്ജു വാരിയറും സണ്ണി വെയ്നും മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചതുർമുഖത്തിനു വേണ്ടി ഡോൺ ഒരുക്കിയ 'മായ കൊണ്ടു കാണാക്കൂട് വച്ച്' എന്ന ട്രാക്ക് പത്ത് ലക്ഷത്തിലധികം കാഴ്ചക്കാരെ നേടി തുള്ളിച്ചാടി മുന്നേറുകയാണ്. കുറുമ്പും കുസൃതിയുമുള്ള ചതുർമുഖത്തിലെ മഞ്ജു വാരിയറിന്റെ കഥാപാത്രത്തെ അതിമനോഹരമായാണ് ഈ ഗാനത്തിലൂടെ പ്രേക്ഷകർക്ക് പരിചയപ്പെടുത്തുന്നത്. ഡോൺ ശബ്ദവിഭാഗം കൈകാര്യം ചെയ്ത 'കള'യും തീയറ്ററിൽ മികച്ച പ്രതികരണം നേടുന്നു. 

2016ൽ പുറത്തിറങ്ങിയ മൺറോ തുരുത്ത് എന്ന സിനിമ മുതൽ പ്രേക്ഷകശ്രദ്ധയും നിരൂപകപ്രശംസയും ഒരുപോലെ നേടിയ കമ്മട്ടിപ്പാടം. കിസ്മത്ത്, കാടു പൂക്കുന്ന നേരം, ഈട, തൊട്ടപ്പൻ, വൈറസ്, ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ, ട്രാൻസ് തുടങ്ങിയ ചിത്രങ്ങളുടെ ശബ്ദത്തിന്റെ പിന്നണിയിൽ ഈ ചെറുപ്പക്കാരന്റെ പ്രതിഭയുടെ കയ്യൊപ്പ് പതിഞ്ഞിട്ടുണ്ട്. തിളക്കമാർന്ന ആ കരിയറിലേക്ക് പുതിയ അധ്യായം എഴുതി ചേർക്കുകയാണ് മലയാളത്തിലെ ആദ്യ ടെക്നോ ഹൊറർ ചിത്രമായ ചതുർമുഖം. പുതിയ ചിത്രത്തിന്റെ വിശേഷങ്ങളുമായി ഡോൺ വിൻസന്റ് മനോരമ ഓൺലൈനിൽ. 

ഈ ഗാനം മഞ്ജു ചേച്ചിക്കു വേണ്ടി

ഞാൻ ആദ്യമായാണ് മഞ്ജു ചേച്ചിക്കു വേണ്ടി ഒരു പാട്ടൊരുക്കുന്നത്. അവരുടെ എനർജിയാണ് ഈ പാട്ടിൽ വർക്ക് ആയിരിക്കുന്നത്. സിനിമയിലെ അവരുടെ കഥാപാത്രത്തെ പരിചയപ്പെടുത്തുന്ന പാട്ടാണ് ഇത്. ഒരു പെപ്പി സോങ് വേണം എന്നു തന്നെയാണ് സംവിധായകർ പറഞ്ഞതും. പ്രീസ്റ്റിന്റെ സെറ്റിൽ വച്ചാണ് ഞാൻ മഞ്ജു ചേച്ചിയെ കാണുന്നത്. ചതുർമുഖത്തിന്റെ മ്യൂസിക് ഡയറക്ടർ ആണെന്നു പറഞ്ഞു പരിചയപ്പെട്ടു. സംവിധായകർ ചേച്ചിക്ക് ഈ പാട്ടിന്റെ ട്യൂൺ അയച്ചു കൊടുത്തിരുന്നു. എന്നെ കണ്ടപ്പോൾ ചേച്ചി ആ പാട്ട് മൂളി. വരികൾ ഒന്നും അപ്പോൾ ആയിട്ടുണ്ടായിരുന്നില്ല. ചേച്ചി അതു ചുമ്മാ മൂളുന്നതു കേട്ടപ്പോൾ ഞാൻ എക്സൈറ്റഡ് ആയി. ഇതു വർക്ക് ഔട്ട് ആവുമെന്ന് തോന്നി. അങ്ങനെ തന്നെ സംഭവിച്ചു.  

ലോക്ഡൗണിലെ പാട്ടൊരുക്കൽ

സിനിമയിൽ രണ്ടു പാട്ടുകളാണുള്ളത്. രണ്ടാമത്തേത് ഒരു സീനിൽ വന്നു പോകുന്ന ഒരു പാട്ടാണ്. മെലഡി ലൈനിലുള്ള ഒന്ന്.  ലോക്ഡൗണിന്റെ സമയത്താണ് എല്ലാം നടക്കുന്നത്. അതുകൊണ്ട് സമയം പോയത് അറിഞ്ഞിട്ടേയില്ല. പാട്ടിന് വരികളെഴുതിയത് മനു മഞ്ജിത് ആണ്. അദ്ദേഹത്തിനൊപ്പം നേരിൽ ഇരുന്നിട്ടില്ല. എല്ലാം ഫോൺ വഴിയായിരുന്നു. സംവിധായകർ കൂടെ ഇരുന്നിരുന്നു. മനുവേട്ടൻ വരികളെഴുതിയിട്ടു വിളിക്കും. ഫോണിൽ കറക്ഷൻസ് പറയും. അങ്ങനെയായിരുന്നു വർക്ക്. ഈ രംഗത്തിനു വേണ്ടി ആദ്യം ചെയ്തു വച്ച ട്രാക്കായിരുന്നു ഇത്. പക്ഷേ, വേറെ എന്തെങ്കിലും ചെയ്തു നോക്കാമെന്നു പറഞ്ഞതുകൊണ്ട് രണ്ടു ഈണങ്ങൾ കൂടി ചെയ്തു. എന്നാൽ അത് വർക്ക് ഔട്ട് ആയില്ല. ഒടുവിൽ ആദ്യം ചെയ്തു വച്ച ട്രാക്കു തന്നെ ഉറപ്പിച്ചു. ശ്വേത മോഹനാണ് പാട്ടു പാടിയത്. അതിമനോഹരമായി അവർ അതു ചെയ്തു. 

തീയറ്ററിൽ കാണേണ്ട സിനിമ

മൂന്നാലു വർഷങ്ങളായി ചർച്ചയിലുള്ള പ്രൊജക്ട് ആണ് ചതുർമുഖം. ഇബ്‍ലിസ്, കള എന്നീ സിനിമകൾ ചെയ്ത രോഹിത്തിന്റെ സുഹൃത്തുക്കളാണ് ചതുർമുഖത്തിന്റെ സംവിധായകരായ രൻജീത് കമല ശങ്കറും സലിലും. അങ്ങനെയാണ് ഈ തിരക്കഥ വായിച്ചതും ഇതിന്റെ ഭാഗമാകുന്നതും. ഇതൊരു ഹൊറർ സിനിമ ആയതുകൊണ്ട് സൗണ്ടും മ്യൂസികും ചെയ്യുന്ന ഒരാളെ തന്നെ അവർക്കു വേണമായിരുന്നു. സിനിമയിൽ സൗണ്ട് ഡിസൈനും പശ്ചാത്തലസംഗീതത്തിനും കൃത്യമായ റോളുണ്ട്. ഇത് തീയറ്ററിൽ പോയി തന്നെ എക്സ്പീരിയൻസ് ചെയ്യേണ്ട സിനിമയാണ്. ടെക്നോ ഹൊറർ സിനിമ ആയതുകൊണ്ട് നന്നായി പരീക്ഷണങ്ങൾ നടത്താൻ പറ്റി. ഇത്തരം ഒരു പരീക്ഷണം ആദ്യമായതിനാൽ എനിക്കു മുന്നിൽ റഫറൻസുകൾ ഒന്നുമില്ലായിരുന്നു. അതു ഒരേ സമയം വെല്ലുവിളിയും വലിയ സാധ്യതയുമായിരുന്നു. വിഷ്വലിൽ ഇല്ലാത്തത് ശബ്ദത്തിൽ ചെയ്തെടുക്കണം. അതാണ് വെല്ലുവിളി. ഓരോന്നു ചെയ്തു നോക്കി, അതു ശരിയാകുന്നുണ്ടോയെന്ന് ചർച്ച ചെയ്തും റീവർക്ക് ചെയ്തുമൊക്കെയാണ് ഇത് പൂർത്തിയാക്കിയത്. 

ഫോണും ആ റിങ്ടോണും

ഈ സിനിമയിൽ മൊബൈൽ ഫോണും ഒരു കഥാപാത്രമാണ്. അതിന്റെ ഒരു റിങ് ടോണുണ്ട്. അത് വളരെ ശ്രദ്ധിക്കപ്പെടുന്ന ഒന്നാകണമെന്ന് പറഞ്ഞിരുന്നു. തിരക്കഥ വായിച്ചതിനു ശേഷം ആദ്യം ചെയ്തത് ആ റിങ് ടോണാണ്. പാട്ടൊക്കെ ചെയ്യുന്നത് അതിനു ശേഷമാണ്. ആദ്യം ചെയ്തു വച്ച ആ റിങ് ടോൺ തന്നെയാണ് സിനിമയിൽ ഉപയോഗിച്ചിരിക്കുന്നതും. അതു റീവർക്ക് ചെയ്യേണ്ടി വന്നിട്ടില്ല. രണ്ടാമത്തെ മോഷൻ പോസ്റ്റർ ഇറക്കിയപ്പോൾ അതു ഉപയോഗിച്ചിരുന്നു. പ്രേക്ഷകർ അതു വളരെയേറെ ശ്രദ്ധിച്ചിരുന്നു. സിനിമ റിലീസ് ആകുമ്പോൾ ഒരുപക്ഷേ ആളുകൾ ഏറെ ശ്രദ്ധിക്കാൻ പോകുന്ന ഒരു ശബ്ദം അതായിരിക്കും.   

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com