ADVERTISEMENT

രാജ്യപുരോഗതിക്കു കഠിനാധ്വാനം ചെയ്തതിനു ഞങ്ങളെ ശിക്ഷിക്കുകയാണോ വേണ്ടത്? ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടേതാണ് ഈ ചോദ്യം. ജനസംഖ്യയുടെ അടിസ്ഥാനത്തിൽ ലോക്സഭാ സീറ്റുകളുടെ എണ്ണത്തിൽ മാറ്റം വരുത്താനുള്ള കേന്ദ്ര സർക്കാരിന്റെ നീക്കമാണ് ഈ ചോദ്യത്തിനു പിന്നിൽ. പഞ്ചാബ്, ഒഡീഷ എന്നീ സംസ്ഥാനങ്ങളും ഈ വിഷയത്തിൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്കൊപ്പമാണ്.അതീവഗൗരവമുള്ള ഈ ആശങ്കയാണ് ചെന്നൈയിൽ തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്റെ നേതൃത്വത്തിൽ നടന്ന യോഗം ചർച്ച ചെയ്തത്. ‘നീതിയുക്തമായ പുനർനിർണയം’ ആവശ്യപ്പെട്ടു നടത്തിയ യോഗത്തിൽ കേരളം, തെലങ്കാന, പഞ്ചാബ് മുഖ്യമന്ത്രിമാരും കർണാടക ഉപമുഖ്യമന്ത്രിയും പങ്കെടുത്തു.

ഒഡീഷ മുൻമുഖ്യമന്ത്രി നവീൻ പട്നായിക് ഓൺലൈനായും പങ്കെടുത്തു. ലോക്സഭാ മണ്ഡല പുനർനിർണയം 25 വർഷത്തേക്കുകൂടി നീട്ടിവയ്ക്കണമെന്ന് 6 സംസ്ഥാനങ്ങളിലെ രാഷ്ട്രീയ നേതാക്കൾ പങ്കെടുത്ത യോഗം പ്രമേയം പാസാക്കി. ഇന്ത്യാമുന്നണിയുടെ ഭാഗമല്ലാത്ത ബിജെഡി, ബിആർഎസ്, ശിരോമണി അകാലി ദൾ എന്നീ പാർട്ടികളും യോഗത്തിൽ പങ്കെടുത്തത് വിഷയത്തിന്റെ പ്രാധാന്യം മനസ്സിലാക്കിയാണ്.നീതിയുക്തമല്ലാത്ത പുനർനിർണയം നടന്നാൽ സംസ്ഥാനങ്ങളുടെ ഫെഡറൽ അവകാശങ്ങൾ ഹനിക്കപ്പെടുമെന്നും അതു രാജ്യത്തെ ജനാധിപത്യ സംവിധാനത്തിനു ദോഷം ചെയ്യുമെന്നും യോഗം വ്യക്തമാക്കി. സംസ്ഥാനങ്ങൾ ചേർന്ന് ജോയിന്റ് ആക്​ഷൻ കമ്മിറ്റി രൂപീകരിക്കുകയും അടുത്ത മാസം ഹൈദരാബാദിൽ അടുത്ത യോഗം ചേരാൻ തീരുമാനിക്കുകയും ചെയ്തു.

ഓരോ സംസ്ഥാനത്തെയും ലോക്സഭാ മണ്ഡലങ്ങളുടെ എണ്ണവും അതിർത്തിയും ഓരോ സെൻസസിനു ശേഷവും പുനർനിർണയിക്കണമെന്നു ഭരണഘടനയുടെ 82–ാം വകുപ്പ് നിർദേശിക്കുന്നു. 1951, 1961, 1971 വർഷങ്ങളിൽ നടന്ന മൂന്നു സെൻസസുകൾക്കു ശേഷം ഡീലിമിറ്റേഷൻ കമ്മിഷൻ അതു നിർവഹിക്കുകയും ചെയ്തു. 1971ലെ സെൻസസിന്റെ അടിസ്ഥാനത്തിലാണ് 543 സീറ്റായി നിശ്ചയിച്ചത്. ഈ സമയം 54.8 കോടിയായിരുന്നു ജനസംഖ്യ. തുടർന്ന് ജനസംഖ്യാനിയന്ത്രണത്തെ പ്രോത്സാഹിപ്പിക്കുന്നതിനു വേണ്ടിയാണ് ഈ പ്രക്രിയ മരവിപ്പിച്ചത്. ഭരണഘടന രണ്ടു തവണ ഭേദഗതി ചെയ്ത് ഈ മരവിപ്പിക്കൽ 2026 വരെ നീട്ടി. ഈ കാലാവധി അവസാനിക്കാൻ പോകുന്നുവെന്നതാണ് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ ആശങ്കയ്ക്കു കാരണം.നിലവിലെ 543 സീറ്റ് പുനർവിന്യസിച്ചാൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ആകെയുള്ള 129 സീറ്റ് 103 വരെയായി കുറയാം. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ സീറ്റ് വലിയതോതിൽ കൂടാനും സാധ്യതയുണ്ട്.

ഒരു മണ്ഡലത്തിലെ ആകെ വോട്ടർമാരുടെ എണ്ണത്തിന്റെ കാര്യത്തിൽ നിലവിലുള്ള മാനദണ്ഡം പിന്തുടർന്നാൽ ആകെ സീറ്റുകൾ എണ്ണൂറിലധികം ആയി ഉയരാം. അപ്പോഴും യുപി, ബിഹാർ, രാജസ്ഥാൻ, മധ്യപ്രദേശ് സംസ്ഥാനങ്ങളിൽ വലിയ സീറ്റു വർധനയുണ്ടാകാം. ഇതു സംഭവിച്ചാൽ, കേന്ദ്രസർക്കാരിന്റെ ‘നാം രണ്ട്, നമുക്കു രണ്ട്’ മുദ്രാവാക്യം അനുസരിച്ച് ജനസംഖ്യാ നിയന്ത്രണ പരിപാടിയോടു തുറന്ന മനസ്സോടെ സഹകരിച്ച കേരളവും തമിഴ്നാടും ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ അകാരണമായി ശിക്ഷിക്കപ്പെടും.സീറ്റുകളുടെ എണ്ണം നിശ്ചയിക്കാൻ ജനസംഖ്യ മാത്രം അടിസ്ഥാനമാക്കരുതെന്നാണ് ചെന്നൈ യോഗം അഭിപ്രായപ്പെട്ടത്. വിവിധ സംസ്ഥാനങ്ങൾ നേടിയ വികസനവും പുരോഗതിയും പരിഗണിക്കണം. ജിഡിപിയുടെ 36% സംഭാവന ചെയ്യുന്ന ദക്ഷിണേന്ത്യയ്ക്കു നിലവിൽ 24% പ്രാതിനിധ്യം മാത്രമാണുള്ളത്. വികസനത്തെ ശിക്ഷിച്ചുകൊണ്ട് 2047ൽ എങ്ങനെ സൂപ്പർപവർ ആകുമെന്ന ചോദ്യവും യോഗം ഉന്നയിച്ചു. ലോക്സഭയിലെ സീറ്റുകളുടെ എണ്ണം നിലനിർത്തി നിയമസഭാ സീറ്റുകളിൽ മാത്രം മാറ്റം വരുത്തുക എന്ന നിർദേശവും അവർ മുന്നോട്ടുവയ്ക്കുന്നു.

ബിജെപിക്കു സ്വാധീനമുള്ള മേഖലകളിലാണ് പ്രധാനമായും സീറ്റു വർധിക്കുന്നതെന്നതിനാൽ അധികാരം ഉറപ്പാക്കാനുള്ള അവരുടെ നീക്കമാണിതെന്നും പ്രതിപക്ഷം ആരോപിക്കുന്നുണ്ട്. ഒരു സംസ്ഥാനത്തിന്റെയും സീറ്റുകൾ കുറയില്ലെന്നു കേന്ദ്രമന്ത്രി അമിത്‌ ഷാ വിശദീകരിച്ചിട്ടുണ്ട്. എന്നാൽ, ദക്ഷിണേന്ത്യയുടെ സീറ്റ് കുറയ്ക്കാതെ ഉത്തരേന്ത്യയിലെ സീറ്റുകളുടെ എണ്ണം അമിതമായി വർധിപ്പിച്ചാലും ഫലം ഒന്നുതന്നെ.പാർലമെന്റിലെ പ്രാതിനിധ്യം കുറയുമെന്ന ആശങ്ക പരിഹരിക്കാൻ എല്ലാ സംസ്ഥാനങ്ങളെയും രാഷ്ട്രീയപാർട്ടികളെയും വിശ്വാസത്തിലെടുത്തുള്ള തുടർനടപടികളാണ് വേണ്ടത്. തിടുക്കത്തിലുള്ള ഏതു തീരുമാനവും സംസ്ഥാനങ്ങൾക്കിടയിലും കേന്ദ്രവുമായുള്ള സമീപനത്തിലും അവിശ്വാസം വളരാൻ കാരണമാകും. ജനാധിപത്യവും ഫെഡറലിസവും രാഷ്ട്രീയ താ‍ൽപര്യങ്ങൾക്കു മുന്നിൽ ബലികഴിക്കപ്പെടരുത്.

English Summary:

Editorial: South India's Concerns Over Lok Sabha Delimitation Grow Louder

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com