ഐശ്വര്യ റായിയെ ഇഡി ചോദ്യംചെയ്തു; ചോദ്യം ചെയ്യൽ മണിക്കൂറിലേറെ നീണ്ടു

Mail This Article
ന്യൂഡൽഹി ∙ നികുതി വെട്ടിപ്പു ലക്ഷ്യമിട്ടുള്ള വിദേശ നിക്ഷേപ ഇടപാടുമായി ബന്ധപ്പെട്ടു ബോളിവുഡ് നടി ഐശ്വര്യ റായിയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ചോദ്യം ചെയ്തു. വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും അനധികൃത വിദേശ നിക്ഷേപങ്ങൾ സംബന്ധിച്ച 2016ലെ ‘പാനമ രേഖകളി’ലെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ 2017ൽ ആരംഭിച്ച അന്വേഷണത്തിന്റെ ഭാഗമായാണു ഡൽഹിയിലെ ഇഡി ആസ്ഥാനത്ത് നടിയെ 5 മണിക്കൂറിലേറെ ചോദ്യം ചെയ്തത്. ഇതിനു മുൻപു 2 തവണ നോട്ടിസ് നൽകിയെങ്കിലും ഹാജരായിരുന്നില്ല. ഇന്നലെ പ്രത്യേക അന്വേഷണ സംഘത്തിനു മുൻപാകെ ഐശ്വര്യ മൊഴി നൽകി. വിദേശ ഇടപാടുകളുമായി ബന്ധപ്പെട്ട രേഖകളും ഹാജരാക്കി.
ബ്രിട്ടിഷ് വെർജിൻ ദ്വീപിലെ കമ്പനിയിൽ 2005 മുതൽ 2008 വരെ ഐശ്വര്യ നടത്തിയ നിക്ഷേപങ്ങളാണ് ഇഡി പരിശോധിക്കുന്നത്. കമ്പനിയുടെ ഡയറക്ടർ പദവി ഐശ്വര്യ വഹിച്ചിരുന്നുവെന്നാണു വിവരം. നിക്ഷേപങ്ങളിൽ വിദേശനാണ്യ വിനിമയ ചട്ടങ്ങളുടെ ലംഘനമുണ്ടായിട്ടുണ്ടോയെന്നു പരിശോധിക്കും. 2009ൽ ദുബായ് ആസ്ഥാനമായുള്ള സ്ഥാപനം ഈ കമ്പനി ഏറ്റെടുത്തതുമായി ബന്ധപ്പെട്ട ഇടപാടുകളും അന്വേഷിക്കും.
ഐശ്വര്യയുടെ ഭർത്താവും നടനുമായ അഭിഷേക് ബച്ചനെ വിദേശനിക്ഷേപവുമായി ബന്ധപ്പെട്ട് മുൻപ് ഇഡി ചോദ്യം ചെയ്തിരുന്നു. പാനമ പേപ്പർ വെളിപ്പെടുത്തലിൽ 300 ഇന്ത്യക്കാരുടെ വിദേശനിക്ഷേപ ഇടപാടുകൾ സംബന്ധിച്ച വിവരങ്ങളാണുള്ളത്.
English Summary : ED summons Aishwarya Rai Bachchan in Panama Papers leak case