144.17 കോടി: ജനസംഖ്യയിൽ ഒന്നാമതായി ഇന്ത്യ; സ്ത്രീകൾ ജീവിക്കുന്നു, പുരുഷന്മാരെക്കാൾ 3 വർഷം അധികം
Mail This Article
ന്യൂഡൽഹി ∙ ഇന്ത്യയിൽ പുരുഷൻമാരുടെ ആയുർദൈർഘ്യം 71 വയസ്സ്. സ്ത്രീകളുടേത് 74. ലോക ജനസംഖ്യാ സ്ഥിതി വ്യക്തമാക്കുന്ന പുതിയ യുണൈറ്റഡ് നേഷൻസ് പോപ്പുലേഷൻ ഫണ്ട് റിപ്പോർട്ടിലാണ് ഈ വിവരം. ഇന്ത്യൻ ജനസംഖ്യയിൽ 24% പേർ 14 വയസ്സിനു താഴെയുള്ളവരാണ്. 10–19 പ്രായക്കാർ 17% ഉണ്ട്. 10–24 വയസ്സുകാർ 26% പേരും. 15–64 വയസ്സുകാരായ 68% പേരുമുണ്ട്. 7% പേർ 65 വയസ്സോ അതിൽ കൂടുതലോ ഉള്ളവരാണെന്നും റിപ്പോർട്ടിലുണ്ട്.
144.17 കോടി മനുഷ്യരുമായി ലോകത്തെ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള രാജ്യമായി ഇന്ത്യ തുടരുന്നുവെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. 142.5 കോടി ജനങ്ങളുള്ള ചൈനയാണ് രണ്ടാമത്. ഫലപ്രദമായ ആരോഗ്യപരിരക്ഷ വഴി പ്രസവാനന്തര മരണനിരക്ക് കുറഞ്ഞെങ്കിലും ചില ആശങ്കകൾ ഇന്ത്യയിൽ നിലനിൽക്കുന്നുവെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. രാജ്യത്തെ 640 ജില്ലകളിൽ മൂന്നിടത്തു മാത്രമാണ് പ്രസവാനന്തര മരണനിരക്കു കുറയ്ക്കുന്നതിനുള്ള സുസ്ഥിര വികസന ലക്ഷ്യം കൈവരിച്ചത്. ലക്ഷം പ്രസവത്തിൽ 70 എന്നതാണ് സുസ്ഥിര വികസന ലക്ഷ്യത്തിന്റെ തോത്. അരുണാചൽപ്രദേശിലെ തിരപ് ജില്ലയിലാണ് ഏറ്റവും കൂടുതൽ മരണനിരക്ക്– ഒരു ലക്ഷം പ്രസവത്തിൽ 1671.