താരങ്ങൾക്കൊപ്പം മുഴുവൻ സമയവും കുടുംബം വേണ്ട, ടീം ബസിലെ യാത്ര നിർബന്ധം; നിയന്ത്രിക്കാൻ ബിസിസിഐ
Mail This Article
മുംബൈ∙ ബോർഡർ– ഗാവസ്കർ ട്രോഫിയിലെ തോൽവിക്കു പിന്നാലെ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾക്കുമേൽ കടുത്ത നിയന്ത്രണങ്ങൾ കൊണ്ടുവരാനുറച്ച് ബിസിസിഐ. ഒരു പരമ്പരയുടെ സമയം മുഴുവൻ കുടുംബത്തോടൊപ്പം താമസിക്കുന്ന താരങ്ങളുടെ രീതി മാറ്റാനാണ് ബിസിസിഐ ഒരുങ്ങുന്നതെന്ന് ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു. 45 ദിവസത്തെ പര്യടനമാണെങ്കിൽ കുടുംബത്തോടൊപ്പം താരങ്ങൾ രണ്ടാഴ്ച മാത്രം ചെലവഴിച്ചാൽ മതിയെന്നാണ് ബിസിസിഐയുടെ നിലപാട്.
താരങ്ങളെല്ലാം ടീം ബസിൽ തന്നെ യാത്ര ചെയ്യാനും തീരുമാനമായി. അടുത്തിടെ നടന്ന പരമ്പരകൾക്കിടെ ഇന്ത്യൻ ടീമിലെ ചില താരങ്ങൾ പ്രത്യേക വാഹനങ്ങളിൽ യാത്ര ചെയ്തതു വിവാദമായിരുന്നു. ബിസിസിഐയുടെ പ്രത്യേക യോഗത്തിലാണ് ഇക്കാര്യങ്ങളെല്ലാം ചർച്ച ചെയ്തത്. ഓസ്ട്രേലിയൻ പര്യടനത്തിനു പോയ ഇന്ത്യൻ ടീം വിവിധ ഘട്ടങ്ങളായാണ് അവിടെ എത്തിച്ചേർന്നതെന്നും ഈ രീതി മാറണമെന്നും മുൻ ഇന്ത്യൻ താരം സുനിൽ ഗാവസ്കർ വിമർശിച്ചിരുന്നു.
‘‘ഓസ്ട്രേലിയയിൽ സംഭവിച്ച പിഴവ് ഇനിയുണ്ടാകരുത്. ഇന്ത്യൻ ടീം ഇംഗ്ലണ്ടിലേക്കു പോകുമ്പോൾ ഒരു സംഘമായി മാത്രം പോകുക. ഓസ്ട്രേലിയയിൽ നാലു സംഘമായാണ് അവര്‍ പോയത്. ഓസ്ട്രേലിയയിലെ ആദ്യ രണ്ടു ദിവസം, ടീമിനൊപ്പം ക്യാപ്റ്റനും വൈസ് ക്യാപ്റ്റനും പരിശീലകനും ഉണ്ടായിരുന്നില്ല. നേതൃനിരയില്ലാതെ വന്ന ടീമിനെ എളുപ്പത്തിൽ തോൽപിക്കാം എന്ന ആത്മവിശ്വാസമാകും ഇത് ഓസ്ട്രേലിയയ്ക്കു നൽകുന്നത്. ഈ രീതി ഇംഗ്ലണ്ടിനെതിരെ സംഭവിക്കരുത്.’’– സുനിൽ ഗാവസ്കർ വിമർശിച്ചു.