ADVERTISEMENT

ജീവിതസൗകര്യങ്ങൾ ഏറെയാണെങ്കിലും ബെംഗളൂരു പോലെ ഒരു നഗരത്തിൽ ജീവിക്കണമെങ്കിൽ ഒട്ടേറെ ബുദ്ധിമുട്ടുകൾ നേരിടേണ്ടി വരും. അടിക്കടി തടസ്സപ്പെടുന്ന ജലവിതരണമാണ് അവയിലൊന്ന്. കോൺക്രീറ്റ് കാടുകൾക്ക് നടുവിൽ അൽപസമയം വൈദ്യുതി ഇല്ലെങ്കിൽ സ്വന്തമായി ഇരിക്കാനാവാത്ത അവസ്ഥ.  എന്നാൽ ഇതേ ബെംഗളൂരു നഗരത്തിൽ വൈദ്യുതി കണക്‌ഷനോ ഗ്യാസ് കണക്‌ഷനോ എന്തിനേറെ കുടിവെള്ള കണക്‌ഷൻ  പോലുമില്ലാതെ സ്വസ്ഥമായി ജീവിക്കുന്ന ഒരു കുടുംബമുണ്ട്. രഞ്ജൻ മാലിക് - രേവ ദമ്പതികളുടെ പ്രകൃതി സൗഹൃദ വീടാണ് സുസ്ഥിര ജീവിതത്തിന്റെ മാതൃകയാകുന്നത്.

770 ചതുരശ്ര അടി വിസ്തീർണ്ണമുള്ള ഈ വീട് ഏറ്റവും കുറഞ്ഞ ചെലവിൽ, എന്നാൽ പ്രകൃതിക്ക് ദോഷകരമാകാത്ത രീതിയിൽ ജീവിക്കാനുള്ള എല്ലാ സാധ്യതകളും തുറന്നിടുന്നുണ്ട്. പാരിസ്ഥിതിക ആഘാതം നിർമാണഘട്ടത്തിൽ തന്നെ കുറച്ചുകൊണ്ടായിരുന്നു വീട് പൂർത്തിയായത്. മണ്ണ്, ടെറാക്കോട്ട, റീസൈക്കിൾ ചെയ്ത വസ്തുക്കൾ എന്നിവയാണ് വീട് നിർമിക്കാൻ ഉപയോഗിച്ചത്. മാംഗ്ലൂർ മഡ് ടൈലുകളാണ് മേൽക്കൂരയിൽ ഉപയോഗിച്ചിരിക്കുന്നത്. ഫ്ലോറിങ്ങിന് ടെറാക്കോട്ട ടൈലും തിരഞ്ഞെടുത്തു.

30 ഡിഗ്രി ചെരിവിലാണ് മേൽക്കൂര. മഴവെള്ളം വേഗത്തിൽ സംഭരിക്കാനും അതേസമയം വേനൽക്കാലത്ത് വീടിനുള്ളിൽ തണുപ്പ് നിലനിർത്താനും ഇത് സഹായിക്കുന്നുണ്ട്. അഞ്ചു ശതമാനത്തിൽ താഴെ മാത്രമാണ് വീടിന്റെ നിർമാണത്തിനായി സിമന്റ് ഉപയോഗിച്ചിരിക്കുന്നത്. സിമന്റിന് പകരം ചെളികൊണ്ടാണ് വീടിന്റെ അടിത്തറ കോൺക്രീറ്റ് ചെയ്തിരിക്കുന്നത്. പരിസ്ഥിതി സൗഹൃദപരം എന്നതിലുപരി ഭൂകമ്പങ്ങളെ ചെറുത്തുനിൽക്കാനുള്ള ശേഷിയും ഇതിലൂടെ വീടിന് ലഭിക്കുന്നു. 

green-home
Representative Image generated using AI Assist

ബാഹ്യവിഭവങ്ങളെ പരമാവധി ആശ്രയിക്കാതെ പ്രവർത്തിക്കുന്ന വീടാണ് ഇത്. 10,000 ലിറ്റർ ശേഷിയുള്ള മഴവെള്ള സംഭരണ സംവിധാനം ഇവിടെയുണ്ട്. മുനിസിപ്പൽ വാട്ടർ കണക്‌ഷൻ  എടുക്കേണ്ട ആവശ്യം വന്നിട്ടേയില്ല എന്ന് ഉടമസ്ഥർ പറയുന്നു. ബെംഗളുരുവിന്റെ പലഭാഗങ്ങളും ജലക്ഷാമത്തിൽ ബുദ്ധിമുട്ടുമ്പോഴും ഇവർക്ക് ഒരിക്കലും അത്തരമൊരു പ്രതിസന്ധി നേരിടേണ്ടി വന്നിട്ടില്ല. 

വൈദ്യുതി ഉപയോഗത്തിന്റെ കാര്യത്തിലാണ് ഈ വീട് തികച്ചും വേറിട്ട് നിൽക്കുന്നത്. വൈദ്യുതി വിളക്കുകളോ ഫാനുകളോ ഇവിടെയില്ല. വലിയ ജനാലകളും തുറസ്സായ ഇടങ്ങളും പരമാവധി ഉൾപ്പെടുത്തിയിരിക്കുന്നതുകൊണ്ട് പകൽ സമയത്തുടനീളം വീടിനുള്ളിൽ സ്വാഭാവിക വായുവും വെളിച്ചവും നിറയും. രാത്രികാലങ്ങളിൽ എണ്ണ വിളക്കുകളാണ് വെളിച്ചത്തിനായി ഉപയോഗിക്കുന്നത്. ഇലക്ട്രിക് വാഹനം ചാർജ് ചെയ്യുന്നതിന് വേണ്ടി മാത്രമാണ് ഇവരുടെ വൈദ്യുതി ഉപയോഗം. വൈദ്യുതി ഉത്പാദനത്തിനായി സോളർപാനലുകൾ സ്ഥാപിച്ചിട്ടുമുണ്ട്. പ്രകൃതിയുടെ സ്വാഭാവിക സമയം അനുസരിച്ചുള്ള ജീവിതക്രമമാണ് ബാഹ്യവിഭവങ്ങളെ ആശ്രയിക്കാതെ ജീവിക്കാൻ ഇവരെ സഹായിക്കുന്നത്. 

ആഹാരസാധനങ്ങൾ സൂക്ഷിച്ചുവയ്ക്കാനായി പരമ്പരാഗത ടെറാക്കോട്ട ഫ്രിഡ്ജാണ് ഇവർ തിരഞ്ഞെടുത്തിരിക്കുന്നത്. വൈദ്യുതി ഇല്ലാതെ തന്നെ 8 -10 ഡിഗ്രി സെൽഷ്യസിൽ  ആഹാരസാധനങ്ങൾ കേടാകാതെ സൂക്ഷിക്കാൻ ഇത് സഹായിക്കുന്നു. തക്കാളി, ചീര, പപ്പായ തുടങ്ങി 40 ഇനങ്ങൾ വിളയുന്ന തങ്ങളുടെ ജൈവ പൂന്തോട്ടത്തിൽ ഉപയോഗിക്കാനായി ഗ്രേ വാട്ടർ റീസൈക്കിൾ ചെയ്തെടുക്കുന്നു.

ഭക്ഷണ വിഭവങ്ങൾ പാകം ചെയ്യാൻ സൗരോർജ്ജ കുക്കറിനെ ആശ്രയിക്കുന്നതിനാൽ എൽപിജി ഗ്യാസ് കണക്‌ഷനും ഉപയോഗിക്കേണ്ടി വരുന്നില്ല. ആധുനിക ജീവിതത്തിനു വേണ്ട എല്ലാ സൗകര്യങ്ങളും പ്രകൃതിദത്തമായ രീതിയിൽ ഉൾക്കൊള്ളിച്ച് പരിസ്ഥിതിക്ക് യാതൊരു തരത്തിലും ദോഷം വരുത്താതെ സുസ്ഥിരത ഉറപ്പാക്കിക്കൊണ്ട് ജീവിക്കാൻ ഒരിടം എങ്ങനെ ഒരുക്കാം എന്നതിന്റെ മാതൃകയാണ് ഈ വീട്.

English Summary:

Sustainable House with no water connection and LPG connection

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com