’താൻ ഉദ്ദേശിച്ചതുപോലെ എല്ലാം നടന്നില്ലെങ്കിൽ ഡ്രസിങ് റൂമിലെ വിവരങ്ങൾ ചോർത്തും’: മുൻ കോച്ചിനെതിരെ ഉത്തപ്പ
Mail This Article
ബെംഗളൂരു∙ കാര്യങ്ങൾ തന്റെ ഹിതാനുസരണം നടന്നില്ലെങ്കിൽ, ഡ്രസിങ് റൂമിലെ രഹസ്യങ്ങൾ പോലും ചോർത്തിനൽകാൻ മടിയില്ലാത്ത പരിശീലകനായിരുന്നു ഓസ്ട്രേലിയക്കാരനായ ഗ്രെഗ് ചാപ്പൽ എന്ന് മുൻ ഇന്ത്യൻ താരം റോബിൻ ഉത്തപ്പ. തന്റേതായ അജൻഡകൾ നടപ്പാക്കുന്നതിൽ ബദ്ധശ്രദ്ധനായിരുന്നു ചാപ്പൽ എന്നും, ഇതിനു വിപരീതമായി എന്തെങ്കിലും സംഭവിച്ചാൽ ഡ്രസിങ് റൂമിലെ വിവരങ്ങൾ ചോർത്താൻ അദ്ദേഹം മടിച്ചിരുന്നില്ലെന്നുമാണ് ഉത്തപ്പയുടെ ആരോപണം. പരിശീലകനും താരങ്ങളും തമ്മിലുള്ള സ്വർച്ചേർച്ചയില്ലായ്മയാണ് 2007ലെ ഏകദിന ലോകകപ്പിൽ ഇന്ത്യയുടെ മോശം പ്രകടനത്തിന് കാരണമെന്നും ഉത്തപ്പ വെളിപ്പെടുത്തി.
‘‘പ്രത്യേക അജൻഡ മുൻനിർത്തിയുള്ള പ്രവർത്തനമായിരുന്നു ഗ്രെഗ് ചാപ്പലിന്റേത്. ഓസ്ട്രേലിയൻ ശൈലി ഇന്ത്യൻ ടീമിൽ അടിച്ചേൽപ്പിക്കാനായിരുന്നു അദ്ദേഹത്തിന്റെ ശ്രമം. ഇങ്ങനെയാണ് ഓസ്ട്രേലിയയിൽ ചെയ്യുന്നത്, അതുകൊണ്ട് ഇവിടെയും അങ്ങനെ വേണം എന്നതായിരുന്നു രീതി. ഇന്ത്യൻ സംസ്കാരത്തെ അദ്ദേഹം ഏതെങ്കിലും വിധത്തിൽ ബഹുമാനിച്ചിരുന്നതായി എനിക്കു തോന്നിയിട്ടില്ല. പകരം ഓസ്ട്രേലിയൻ സംസ്കാരം അടിച്ചേൽപ്പിക്കാനാണ് ശ്രമിച്ചത്’ – റോബിൻ ഉത്തപ്പ പറഞ്ഞു.
‘‘ഡ്രസിങ് റൂമിലെ വിവരങ്ങൾ പുറത്തേക്കു ചോർത്തിനൽകുന്ന മോശം സ്വഭാവവും അദ്ദേഹത്തിനുണ്ടായിരുന്നു. തന്റെ ഇംഗിതമനുസരിച്ചല്ല കാര്യങ്ങൾ പോകുന്നതെന്നു കണ്ടാൽ ഡ്രസിങ് റൂമിലെ വിവരങ്ങൾ അദ്ദേഹം ചോർത്തിനൽകും. ചാപ്പലിന്റെ ഈ ശൈലിയോട് ടീമംഗങ്ങൾക്ക് കടുത്ത വിയോജിപ്പുണ്ടായിരുന്നു’ – ഉത്തപ്പ വെളിപ്പെടുത്തി.
ഗ്രെഗ് ചാപ്പൽ ഇന്ത്യൻ പരിശീലകനായിരുന്ന കാലഘട്ടം തുടർച്ചയായി വിവാദങ്ങളാൽ മുഖരിതമായിരുന്നു. ഇന്ത്യൻ ക്രിക്കറ്റിലെ തന്നെ ഇരുണ്ട കാലഘട്ടമായാണ് ഈ കാലയളവ് ഗണിക്കപ്പെടുന്നത്. ഇക്കാലയളവിൽ ഇന്ത്യൻ ക്യാപ്റ്റനായിരുന്ന സൗരവ് ഗാംഗുലിയും ചാപ്പലും തമ്മിലുള്ള അസ്വാരസ്യങ്ങളും കുപ്രസിദ്ധമായിരുന്നു.
2007ലെ ഏകദിന ലോകകപ്പിൽ ചാപ്പലിന്റെ കീഴിൽ ഇറങ്ങിയ ഇന്ത്യ ബംഗ്ലദേശിനോടും ശ്രീലങ്കയോടും തോറ്റിരുന്നു. ഇതോടെ നോക്കൗട്ടിൽ കടക്കാനാകാതെ ഇന്ത്യൻ ടീം പുറത്തായി. ഇതോടെ അദ്ദേഹം ഇന്ത്യൻ ടീമിന്റെ പരിശീലക സ്ഥാനം രാജിവച്ചു. പിന്നീട് ഗാരി കിർസ്റ്റൻ ഇന്ത്യൻ ടീമിന്റെ പരിശീലകനാകുകയും ചെയ്തു.