കോലിക്ക് ഇഷ്ടമില്ലെങ്കിൽ ഉടൻ ടീമിനു പുറത്താകും, അംബാട്ടി റായുഡുവിനെ ഒഴിവാക്കി: വെളിപ്പെടുത്തലുമായി മുൻ ഇന്ത്യൻ താരം
Mail This Article
മുംബൈ∙ ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോലിക്കെതിരെ രൂക്ഷവിമർശനമുയർത്തി മുൻ ഇന്ത്യൻ താരം റോബിൻ ഉത്തപ്പ. കോലി ക്യാപ്റ്റനായിരുന്ന കാലത്ത് സ്വന്തം ഇഷ്ടം പോലെ താരങ്ങളെ ടീമിലേക്കെടുക്കുകയും ഒഴിവാക്കുകയും ചെയ്തതായാണ് ഉത്തപ്പയുടെ വെളിപ്പെടുത്തൽ. കോലിക്ക് ഇഷ്ടമല്ല എന്ന ഒറ്റക്കാരണത്തിന്റെ പേരിലാണ് 2019ലെ ഏകദിന ലോകകപ്പ് ടീമിൽനിന്ന് അംബാട്ടി റായുഡു പുറത്തായതെന്ന് ഉത്തപ്പ തുറന്നടിച്ചു. അപ്രതീക്ഷിതമായി ഓൾ റൗണ്ടർ വിജയ് ശങ്കർ ലോകകപ്പ് ടീമിലെത്തിയത് അന്ന് ആരാധകരെ ഞെട്ടിച്ചിരുന്നു.
അംബാട്ടി റായുഡുവിനെ ടീമിൽനിന്ന് ഒഴിവാക്കിയതിനെതിരെ താരം തന്നെ അന്ന് സിലക്ഷൻ കമ്മിറ്റിക്കെതിരെ ആഞ്ഞടിക്കുകയും ചെയ്തു. അന്ന് സിലക്ഷൻ കമ്മിറ്റി തലവനായിരുന്ന എം.എസ്.കെ. പ്രസാദ് ഇടപെട്ടാണ് റായുഡുവിനെ ടീമിൽനിന്നു മാറ്റിയതെന്നായിരുന്നു പ്രധാന വിമര്‍ശനം. എന്നാൽ കോലിയാണ് എല്ലാത്തിനും പിന്നിലെന്നാണ് റോബിൻ ഉത്തപ്പയുടെ പുതിയ വെളിപ്പെടുത്തല്‍.
‘‘വിരാട് കോലിക്ക് ആരെയെങ്കിലും ഇഷ്ടപ്പെട്ടില്ലെങ്കിൽ, നല്ലതെന്നു തോന്നിയില്ലെങ്കില്‍, അപ്പോൾ തന്നെ ടീമിൽനിന്നു പുറത്താകും. അംബാട്ടി റായുഡുവാണ് അതിന്റെ വലിയ ഉദാഹരണം. എല്ലാവർക്കും മുൻഗണനകളുണ്ടാകും. പക്ഷേ ലോകകപ്പ് കളിക്കുമെന്ന എല്ലാ പ്രതീക്ഷകളുമായി നിൽക്കുന്ന ഒരു താരത്തോട് ഇങ്ങനെ ചെയ്യരുത്. എന്നെ സംബന്ധിച്ച് അതൊരിക്കലും ശരിയായ കാര്യമല്ല.’’– റോബിൻ ഉത്തപ്പ ഒരു സ്പോർട്സ് മാധ്യമത്തോടു പറഞ്ഞു. ഫിറ്റ്നസ് പ്രശ്നങ്ങളുടെ പേരിൽ യുവരാജ് സിങ്ങിനെ ടീമിൽനിന്നു മാറ്റിനിർത്തിയതിനു പിന്നിലും കോലിയാണെന്ന് ഉത്തപ്പ നേരത്തേ ആരോപിച്ചിരുന്നു.