സമയം നോക്കി പുതിയ ടോൾ 31 മുതൽ; ‘നല്ലനേരം’ നോക്കി യാത്ര ചെയ്യണം, പാർക്കിങ് നിരക്കിലും മാറ്റം

Mail This Article
ദുബായ് ∙ നേരം നോക്കി ടോൾ ഈടാക്കുന്ന സംവിധാനം ഈ 31 മുതൽ നടപ്പാക്കുമെന്നു സാലിക്ക് കമ്പനി പ്രഖ്യാപിച്ചു. തിങ്കൾ മുതൽ ശനി വരെ രാവിലെ 6 മുതൽ 10വരെയും വൈകിട്ട് 4 മുതൽ 8വരെയും 6 ദിർഹമാണ് ടോൾ നിരക്ക്.
രാവിലെ 10 മുതൽ വൈകിട്ട് 4 വരെയും രാത്രി 8 മുതൽ ഒന്നുവരെയും 4 ദിർഹമാണ് ഈടാക്കുക. രാത്രി ഒന്നു മുതൽ രാവിലെ 6 വരെ ടോൾ ഈടാക്കില്ല. ഞായറാഴ്ചകളിൽ ദിവസം മുഴുവൻ 4 ദിർഹമാണ് ടോൾ. രാത്രി 1 മുതൽ രാവിലെ 6 വരെ സൗജന്യവും. വർഷം മുഴുവൻ ഇതേ നിരക്കാകും ഈടാക്കുക. എന്നാൽ, റമസാൻ മാസം മാത്രം സമയ ക്രമത്തിൽ മാറ്റമുണ്ടാകും. റമസാനിൽ രാവിലെ 9 മുതൽ വൈകുന്നേരം 5 വരെ 6 ദിർഹമായിരിക്കും ടോൾ. രാവിലെ 7 മുതൽ 9 വരെയും വൈകുന്നേരം 5 മുതൽ രാത്രി 2 വരെയും 4 ദിർഹമായിരിക്കും ടോൾ. രാത്രി 2 മുതൽ രാവിലെ 7 വരെ സൗജന്യം. ഞായറാഴ്ചകളിൽ രാവിലെ 7 മുതൽ രാത്രി 2 വരെ 4 ദിർഹം തന്നെയായിരിക്കും ടോൾ. രാത്രി 2 മുതൽ രാവിലെ 7 വരെ സൗജന്യമായിരിക്കും.
അതേസമയം, അൽ സഫ നോർത്ത് സൗത്ത്, മംസാർ നോർത്ത് സൗത്ത് ടോൾ ഗേറ്റുകൾ ഒരു മണിക്കൂറിനുള്ളിൽ കടന്നാൽ, ഒരു ടോൾ മാത്രമേ ഈടാക്കു. നിലവിൽ ദുബായിലെ 10 ടോൾ ഗേറ്റിലും ദിവസം മുഴുവൻ 4 ദിർഹമാണ് ടോൾ. തിരക്കേറിയ സമയത്ത് കൂടുതൽ ടോളും അല്ലാത്ത സമയം കുറഞ്ഞ ടോളും, അർധരാത്രിക്ക് ശേഷം സൗജന്യവും എന്നതാണ് പുതിയ പരിഷ്കാരം.
പാർക്കിങ് നിരക്കിലും സമയം അനുസരിച്ചു മാറ്റം വരുത്തും. മാർച്ചിൽ ഇത് പ്രാബല്യത്തിൽ വരും. രാവിലെ 8നും 10നും ഇടയിലും വൈകുന്നേരം 4നും 8നും ഇടയിലും പ്രീമിയം പാർക്കിങ് സ്ഥലങ്ങളിൽ മണിക്കൂറിന് 6 ദിർഹവും മറ്റ് സ്ഥലങ്ങളിൽ 4 ദിർഹവുമാണ് ഏർപ്പെടുത്തുക. മറ്റു സമയങ്ങളിൽ സാധാരണ നിരക്ക് തുടരും. രാത്രി 10 മുതൽ രാവിലെ 8 വരെയും ഞായറാഴ്ചകളിലും പാർക്കിങ് സൗജന്യമാണ്.
∙ ഉയർന്ന പാർക്കിങ് നിരക്ക് ഇവന്റ് കേന്ദ്രങ്ങളിലും
തിരക്ക് കുറയ്ക്കുന്നതിന്റെ ഭാഗമായുള്ള ഉയർന്ന പാർക്കിങ് നിരക്ക് പ്രധാന ഇവന്റ് കേന്ദ്രങ്ങളിൽ ഏർപ്പെടുത്തും. ആദ്യ ഘട്ടമായി ദുബായ് വേൾഡ് ട്രേഡ് സെന്ററിലാണ് ഉയർന്ന പാർക്കിങ് നിരക്ക് ഈടാക്കുന്നത്. വലിയ പരിപാടികൾ നടക്കുമ്പോൾ മണിക്കൂറിന് 25 ദിർഹമായിരിക്കും ഇവിടത്തെ പാർക്കിങ് നിരക്ക്. ഫെബ്രുവരി മുതൽ ഇത് നടപ്പാക്കുമെന്ന് ആർടിഎ അറിയിച്ചു.