ഡെംപോയുടെ വമ്പ് ഏറ്റില്ല, ഗോകുലം കേരളയ്ക്ക് തുടര്‍ച്ചയായ രണ്ടാം വിജയം (1–0)
Mail This Article
പനജി∙ ഐ ലീഗില്‍ ഗോകുലം കേരളയ്ക്ക് തുടര്‍ച്ചയായ രണ്ടാം ജയം. ഗോവയില്‍ നടന്ന മത്സരത്തില്‍ ഡെംപോ എസ്‌സിയെ എതിരില്ലാത്ത ഒരു ഗോളിനാണ് ഗോകുലം പരാജയപ്പെടുത്തിയത്. മത്സരത്തിന്റെ 86–ാം മിനിറ്റിലായിരുന്നു ഗോകുലത്തിന്റെ വിജയ ഗോള്‍ പിറന്നത്. പകരക്കാരനായെത്തിയ അഭിജിത്തായിരുന്നു ഡെംപോയുടെ വല കുലുക്കിയത്.
നാച്ചോ അബെല്‍ഡോ ഡെംപോ ബോക്‌സിലേക്ക് ഹെഡ് ചെയ്തിട്ട പന്ത് മാര്‍ട്ടിന്‍ ചാവസ് പോസ്റ്റ് ലക്ഷ്യമാക്കി ഷോട്ടുതിര്‍ത്തു. എന്നാല്‍ ഡെംപോ പ്രതിരോധ താരത്തിന്റെ കാലില്‍ തട്ടിത്തെറിച്ച പന്ത് നേരെ അഭിജിത്തിന്റെ കാലിലേക്കാണ് എത്തിയത്. ഡെംപോ പ്രതിരോധത്തിനും ഗോള്‍ കീപ്പര്‍ക്കും ഒരവസരവും നല്‍കാതെയുള്ള അഭിജിത്തിന്റെ വലംകാലന്‍ ഷോട്ട് അനായാസം വല തുളച്ചു. ഗോള്‍ വഴങ്ങിയതോടെ സമനില ഗോളിനായി ഡെംപോ പൊരുതിയെങ്കിലും ഗോകുലം പ്രതിരോധം വിട്ടുകൊടുക്കാന്‍ തയാറായിരുന്നില്ല.
ജയത്തോടെ എട്ട് മത്സരങ്ങളില്‍ നിന്ന് 13 പോയിന്റോടെ ഗോകുലം ഐ ലീഗ് പോയിന്റ് പട്ടികയില്‍ നാലാമതെത്തി. എട്ട് മത്സരങ്ങളില്‍ മൂന്ന് ജയവും നാലു സമനിലയും ഒരു തോല്‍വിയുമാണ് ഗോകുലത്തിന്റെ സമ്പാദ്യം. വെള്ളിയാഴ്ച കോഴിക്കോട് നാംധാരി എഫ്സിക്കെതിരേയാണ് ഗോകുലത്തിന്റെ അടുത്ത മത്സരം.
എട്ട് മത്സരങ്ങളില്‍ നിന്ന് 10 പോയിന്റുള്ള ഡെംപോ പോയിന്റ് ടേബിളില്‍ ഏഴാമതാണ്. എട്ട് മത്സരങ്ങളില്‍ നിന്ന് 16 പോയിന്റുമായി ചര്‍ച്ചില്‍ ബ്രദേഴ്‌സ് ഒന്നാം സ്ഥാനത്തു തുടരുന്നു. 14 പോയിന്റ് വീതമുള്ള നാംധാരിയും ഇന്റര്‍ കാശിയുമാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളില്‍.