പാക്ക് വംശജനായ ഇംഗ്ലണ്ട് താരത്തിന്റെ വീസ വൈകുന്നു, യാത്ര റദ്ദാക്കി ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ്
Mail This Article
മുംബൈ∙ ഇന്ത്യയ്ക്കെതിരായ ട്വന്റി20 പരമ്പരയ്ക്കുള്ള ഇംഗ്ലണ്ട് ടീമിലെ താരത്തിന്റെ യാത്ര വീസ പ്രശ്നം കാരണം വൈകുന്നു. പാക്കിസ്ഥാൻ വംശജനായ ഇംഗ്ലിഷ് താരം സാക്കിബ് മഹ്മൂദിന് ഇതുവരെ വീസ ലഭിക്കാത്തതാണ് യാത്ര നീണ്ടുപോകാനുള്ള കാരണം. യുകെയിൽനിന്ന് യുഎഇയിലേക്കു പോകുന്ന സാക്കിബ്, ഇംഗ്ലണ്ട് ബോളർമാർക്കു വേണ്ടിയുള്ള ക്യാംപിൽ പങ്കെടുക്കും. ജെയിംസ് ആൻഡേഴ്സൻ നയിക്കുന്ന ക്യാംപിൽ ജോഫ്ര ആർച്ചർ, ഗസ് അറ്റ്കിൻസൻ, ബ്രൈഡൻ കാഴ്സ്, മാർക് വുഡ് എന്നിവരും പങ്കെടുക്കുന്നുണ്ട്.
പാക്ക് വംശജനായ സാക്കിബിന് വീസ ലഭിക്കാത്തതിനാൽ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ്, നേരത്തേ തീരുമാനിച്ച യാത്ര റദ്ദാക്കി. സംഭവത്തിൽ ഇംഗ്ലിഷ് ക്രിക്കറ്റ് ബോർഡ് ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇംഗ്ലണ്ടിൽ കടുത്ത തണുപ്പായതിനാൽ ഇൻഡോറിലാണ് യുവതാരം പരിശീലിക്കുന്നത്. അതേസമയം മറ്റ് ഇംഗ്ലിഷ് ബോളർമാർ യുഎഇയിലെ ഗ്രൗണ്ടുകളില്‍ പരിശീലനം തുടരുകയാണ്.
ജനുവരി 22ന് കൊൽക്കത്തയിലാണ് ഇന്ത്യ– ഇംഗ്ലണ്ട് പരമ്പരയിലെ ആദ്യ മത്സരം. ചെന്നൈ, രാജ്കോട്ട്, പുണെ, മുംബൈ എന്നിവിടങ്ങളിലാണു മറ്റു മത്സരങ്ങൾ. ട്വന്റി20 പരമ്പരയ്ക്കു ശേഷം മൂന്നു മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയും ഇന്ത്യയും ഇംഗ്ലണ്ടും കളിക്കും. 27 വയസ്സുകാരനായ സാക്കിബ് ഫാസ്റ്റ് ബോളറാണ്.
ട്വന്റി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീം– ജോസ് ബട്‍ലർ (ക്യാപ്റ്റൻ), റെഹാൻ അഹമ്മദ്, ജോഫ്ര ആർച്ചർ, ഗസ് അക്കിൻസൻ, ജേക്കബ് ബെതൽ, ഹാരി ബ്രൂക്ക്, ബ്രൈഡൻ കാഴ്സ്, ബെൻ ഡക്കറ്റ്, ജെയ്മി ഓവർട്ടന്‍, ജെയ്മി സ്മിത്ത്, ലിയാം ലിവിങ്സ്റ്റൻ, ആദിൽ റഷീദ്, സാക്കിബ് മഹ്മൂദ്, ഫിൽ സാൽട്ട്, മാർക് വുഡ്.