ജമ്മു മറക്കില്ല, അശോകിന്റെ ധീരത

Mail This Article
ന്യൂഡൽഹി ∙ 1971 ലെ ഇന്ത്യ–പാക്ക് യുദ്ധത്തിൽ വീരമൃത്യു വരിച്ച അശോക് പ്രഹ്ലാദ്റാവു മുത്ഗികറിന് ആദരമൊരുക്കുകയാണ് ജമ്മുവിലെ ഗജാൻസു ഗ്രാമം. ഇദ്ദേഹം അന്ത്യവിശ്രമം കൊള്ളുന്ന ഗജാൻസുവിലെ നാട്ടുകാരാണ് അശോകിന്റെ കുടുംബാംഗങ്ങളെ ജമ്മുവിലേക്കു ക്ഷണിച്ചത്.
1971 ഡിസംബർ ആറിനു ലഫ്. കേണൽ എം.കെ.മേനോന്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ സേനയുടെ ഏഴാം യൂണിറ്റ് ജമ്മു അതിർത്തിയിൽ പാക്കിസ്ഥാൻ മേഖലയിലേക്ക് ഇരച്ചെത്തി. അതിർത്തി കടന്ന ഇവർക്കു നേരെ പാക്ക് വ്യോമസേനയുടെ ആക്രമണമുണ്ടായി. പരുക്കേറ്റിട്ടും അശോക് മെഷീൻ ഗൺ ഉപയോഗിച്ചു യുദ്ധവിമാനങ്ങളെ നേരിട്ടു. ഇന്ത്യൻ സൈന്യം മുന്നേറിയെങ്കിലും ശക്തമായ പോരാട്ടത്തിൽ ഇദ്ദേഹം വീരമൃത്യു വരിച്ചു. സംസ്കാരം ജമ്മുവിലെ ഗജാൻസുവിലാണ് നടത്തിയത്. അശോകിന്റെ ധീരത വ്യക്തമാക്കി അദ്ദേഹത്തിന്റെ പിതാവ് മുത്ഗികറിനു ലഫ്. കേണൽ മേനോൻ അയച്ച കത്ത് കുടുംബാംഗങ്ങൾ നിധി പോലെ സൂക്ഷിക്കുന്നു.
ജമ്മുവിലെ ഗ്രാമവാസികൾ സൈന്യത്തിന്റെ സഹായത്തോടെ അടുത്തിടെ അശോക് മുത്ഗികറിന്റെ കുടുംബാംഗങ്ങളെ ബന്ധപ്പെടുകയായിരുന്നു. ഇവരുടെ ക്ഷണം സ്വീകരിച്ച് അദ്ദേഹത്തിന്റെ സഹോദരി, 4 സഹോദരങ്ങൾ, കുടുംബാംഗങ്ങൾ എന്നിവരുൾപ്പെടുന്ന 14 അംഗ സംഘം നാളെ ജമ്മുവിലെത്തും. അനുസ്മരണ സമ്മേളനവും പ്രാർഥനയും ഒരുക്കിയിട്ടുണ്ട്. 1971 ൽ അശോക് ഉൾപ്പെട്ട ഇന്ത്യൻ സൈന്യം സഞ്ചരിച്ച പാതയിലൂടെ ഇവരും യാത്ര ചെയ്യും.