എ.വി. റസലിന് അന്ത്യാഞ്ജലി; സംസ്കാരം ഇന്ന്

Mail This Article
കോട്ടയം ∙ സിപിഎം ജില്ലാ സെക്രട്ടറി എ.വി. റസലിനു നാടിന്റെ അന്ത്യാഞ്ജലി. കക്ഷിരാഷ്ട്രീയത്തിനതീതമായി നൂറുകണക്കിനാളുകൾ ആദരാഞ്ജലി അർപ്പിക്കാൻ എത്തിയിരുന്നു. ചെന്നൈയിൽ നിന്നു നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിച്ച മൃതദേഹം സിപിഎം ജില്ലാ കമ്മിറ്റി ഓഫിസിൽ എത്തിച്ചപ്പോഴേക്കും അദ്ദേഹത്തെ അവസാനമായി ഒരുനോക്കു കാണാൻ പുരുഷാരം തടിച്ചുകൂടിയിരുന്നു. ഇവിടെ മുഖ്യമന്ത്രി പിണറായി വിജയൻ, സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, മുതിർന്ന നേതാവ് വൈക്കം വിശ്വൻ, മന്ത്രിമാരായ റോഷി അഗസ്റ്റിൻ, പി.എ.മുഹമ്മദ് റിയാസ്, വി.എൻ. വാസവൻ, വീണാ ജോർജ് തുടങ്ങിയവർ ആദരാഞ്ജലിയർപ്പിച്ചു. ഉച്ചയ്ക്കു ശേഷം മൃതദേഹം ചങ്ങനാശേരി ഏരിയ കമ്മിറ്റി ഓഫിസായ വിആർബി മന്ദിരത്തിലെത്തിച്ചു. ഇവിടെ പ്രവർത്തകരുടെ അന്ത്യാഞ്ജലിക്കു ശേഷം തെങ്ങണയിലെ വീട്ടിലേക്ക്. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12നു വീട്ടുവളപ്പിൽ നടക്കും. മലയാള മനോരമയ്ക്കു വേണ്ടി എഡിറ്റോറിയൽ ഡയറക്ടർ ജോസ് പനച്ചിപ്പുറം റീത്ത് സമർപ്പിച്ചു.