‘അശോകചക്രവർത്തി ഔറംഗസേബിനെ പോലെ’; ദയാ പ്രസാദ് സിൻഹയ്ക്കെതിരെ ഉപേന്ദ്ര ഖുഷ്വാഹ
Mail This Article
പട്ന ∙ അശോക ചക്രവർത്തിയെ മുഗൾ ചക്രവർത്തി ഔറംഗസേബുമായി താരതമ്യപ്പെടുത്തിയ നാടകകൃത്ത് ദയാ പ്രസാദ് സിൻഹയ്ക്ക് പ്രഖ്യാപിച്ച കേന്ദ്ര സാഹിത്യ അവാർഡ് പിൻവലിക്കണമെന്ന് ജനതാദൾ (യു) നേതാവ് ഉപേന്ദ്ര ഖുഷ്വാഹ ആവശ്യപ്പെട്ടു. ബിജെപി സാംസ്കാരിക സെൽ ദേശീയ കൺവീനർ കൂടിയാണ് പത്മശ്രീ അവാർഡ് ജേതാവു കൂടിയായ ദയാ പ്രസാദ് സിൻഹ.
അശോക ചക്രവർത്തി ചെറുപ്പത്തിൽ ഏറെ ക്രൂരതകളും പാപങ്ങളും ചെയ്തിട്ടുണ്ടെന്നും മുഗൾ ചക്രവർത്തി ഔറംഗസേബിനെ പോലെ പാപങ്ങളെ പുണ്യപ്രവർത്തികളിലൂടെ മറയ്ക്കാൻ ശ്രമിച്ചുവെന്നും അഭിമുഖത്തിൽ ദയാ പ്രസാദ് സിൻഹ അഭിപ്രായപ്പെട്ടതാണു വിവാദമായത്. അശോക ചക്രവർത്തിയുടെ ജീവിതം ആധാരമാക്കിയ നാടകത്തിനാണ് സിൻഹയ്ക്കു സാഹിത്യ അക്കാഡമി പുരസ്കാരം പ്രഖ്യാപിച്ചത്. പാർട്ടി ദേശീയ ഭാരവാഹിയായ സിൻഹയ്ക്കെതിരെ നടപടിയെടുക്കാൻ ബിജെപി തയാറായില്ലെങ്കിൽ തിരിച്ചടിയുണ്ടാകുമെന്നും ഉപേന്ദ്ര ഖുഷ്വാഹ മുന്നറിയിപ്പു നൽകി.
മഗദയിലെ മൗര്യവംശ ചക്രവർത്തിയായിരുന്ന അശോകൻ ഇടയ സമുദായക്കാരനായിരുന്നു. അശോക ചക്രവർത്തിയുടെ ജീവിതം ബിഹാറിലെ പിന്നാക്ക രാഷ്ട്രീയ കക്ഷി നേതാക്കൾ പ്രചോദനമായി ഉയർത്തിക്കാട്ടാറുമുണ്ട്.
English Summary: Upendra Kushwaha against Daya Prasad Sinha