ക്ലാർക്ക് സാധ്യതാ ലിസ്റ്റിലും കടുംവെട്ട്, കട്ട് ഓഫ് മാർക്കിൽ വൻ വർധന; ഉദ്യോഗാർഥികളെ നിരാശരാക്കി പിഎസ്‌സി

Mail This Article
ഉദ്യോഗാർഥികളെ നിരാശരാക്കി, വിവിധ വകുപ്പുകളിലെ ക്ലാർക്ക് (എൽഡി ക്ലാർക്ക്) സാധ്യതാ ലിസ്റ്റിലും പിഎസ്‌സി വക വെട്ടിനിരത്തൽ. ഇതുവരെ ലിസ്റ്റ് പ്രസിദ്ധീകരിച്ച 10 ജില്ലകളിൽ നിന്നു 14,896 പേരെയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ തവണ ഈ ജില്ലകളിൽ നിന്നു 17,133 പേരാണ് ലിസ്റ്റിലുൾപ്പെട്ടത്. ഇത്തവണ 2237 പേരുടെ കുറവ്. കൊല്ലം, കോട്ടയം, ഇടുക്കി, മലപ്പുറം ഒഴികെ 10 ജില്ലകളിലെ സാധ്യതാ ലിസ്റ്റാണ് മാർച്ച് ഒന്നു വരെ പ്രസിദ്ധീകരിച്ചത്. ഏറ്റവും കൂടുതൽ പേർ ലിസ്റ്റിൽ ഉൾപ്പെട്ടത് തിരുവനന്തപുരം ജില്ലയിലാണ്– 2259. കുറവ് വയനാട് ജില്ലയിൽ– 720. സാധ്യതാ ലിസ്റ്റിൽ ഉൾപ്പെട്ടവരുടെ സർട്ടിഫിക്കറ്റ് പരിശോധന പൂർത്തിയാക്കി റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കും. നിലവിലുളള റാങ്ക് ലിസ്റ്റുകൾ ജൂലൈ 31ന് അവസാനിക്കുന്നതോടെ ഒാഗസ്റ്റ് ഒന്നിന് പുതിയ റാങ്ക് ലിസ്റ്റുകൾ നിലവിൽ വരും.
കട്ട് ഓഫ് മാർക്കിൽ വൻ വർധന
വിവിധ ജില്ലകളിലെ കട്ട് ഒാഫ് മാർക്കും ഇത്തവണ വൻതോതിൽ വർധിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ തവണ 48.67മുതൽ 55.33 വരെയായിരുന്നു 14 ജില്ലകളിലെയും എൽഡിസി കട്ട് ഒാഫ് മാർക്ക്. ഇത്തവണ 57 മുതൽ 72.67 വരെയാണ് കട്ട് ഒാഫ് മാർക്ക് നിശ്ചയിച്ചിരിക്കുന്നത്. ഉയർന്ന കട്ട് ഒാഫ് മാർക്ക് തിരുവനന്തപുരം ജില്ലയിലും (72.67) കുറവ് കണ്ണൂർ (57) ജില്ലയിലുമാണ്.
പത്തനംതിട്ട, വയനാട്: സപ്ലി. ലിസ്റ്റിൽ വർധന
പത്തനംതിട്ട, വയനാട് ജില്ലകളിലെ ക്ലാർക്ക് സാധ്യതാ ലിസ്റ്റിൽ മുൻ ലിസ്റ്റിനെ അപേക്ഷിച്ച് ഉദ്യോഗാർഥികൾ കൂടിയിട്ടുണ്ട്. സപ്ലിമെന്ററി ലിസ്റ്റിൽ ആളെ കൂട്ടിയതാണ് വർധനയ്ക്കു കാരണം. കഴിഞ്ഞ തവണ പത്തനംതിട്ട ജില്ലയിലെ സപ്ലിമെന്ററി ലിസ്റ്റിൽ 523 പേരെയാണ് ഉൾപ്പെടുത്തിയിരുന്നതെങ്കിൽ ഇത്തവണ 571 പേരെ ഉൾപ്പെടുത്തി. ഇതോടെ സാധ്യതാ ലിസ്റ്റിൽ 2 പേരുടെ വർധനയുണ്ടായി. എന്നാൽ, മുൻ മെയിൻ ലിസ്റ്റിൽ 571 പേർ ഉൾപ്പെട്ടിരുന്നപ്പോൾ ഇത്തവണത്തെ മെയിൻ ലിസ്റ്റിൽ 552 പേരാണുളളത്–19 പേരുടെ കുറവ്.
വയനാട് ജില്ലയിലെ സപ്ലിമെന്ററി ലിസ്റ്റിൽ കഴിഞ്ഞ തവണ 280 പേരെ ഉൾപ്പെടുത്തിയിരുന്ന സ്ഥാനത്ത് ഇത്തവണ 364 പേരായിട്ടുണ്ട്. ഇവിടെയും മെയിൻ ലിസ്റ്റ് കുറച്ചു. കഴിഞ്ഞ തവണ 372 പേരെ മെയിൻ ലിസ്റ്റിൽ ഉൾപ്പെടുത്തിയപ്പോൾ ഇത്തവണ 339 പേർ മാത്രം. 33 പേരുടെ കുറവ്. സപ്ലിമെന്ററി ലിസ്റ്റിൽ 84 പേർ വർധിച്ചപ്പോൾ സാധ്യതാ ലിസ്റ്റിൽ ആകെ 35 പേരുടെ വർധനയുണ്ടായി.
മെയിൻ ലിസ്റ്റ് വെട്ടിക്കുറച്ച് സപ്ലിമെന്ററി ലിസ്റ്റ് വർധിപ്പിച്ചതുകൊണ്ട് സാധ്യതാ ലിസ്റ്റിൽ ഉൾപ്പെട്ടവർക്കു പ്രത്യേകിച്ചു നേട്ടമൊന്നുമില്ല. മെയിൻ ലിസ്റ്റ് അവസാനിച്ചാൽ സപ്ലിമെന്ററി ലിസ്റ്റും ഇല്ലാതാകും.
തസ്തികമാറ്റം ലിസ്റ്റിൽ 11 ജില്ലകളിലായി 1364 പേർ
തസ്തികമാറ്റം വഴിയുള്ള ക്ലാർക്ക് സാധ്യതാ ലിസ്റ്റിൽ 11 ജില്ലകളിലായി ഉൾപ്പെടുത്തിയിരിക്കുന്നത് 1364 പേരെ. ഏറ്റവും കൂടുതൽ ലിസ്റ്റിൽ ഉൾപ്പെട്ടത് തിരുവനന്തപുരം ജില്ലയിലാണ്–265. കുറവ് വയനാട് ജില്ലയിൽ–45. പരീക്ഷയിൽ 40% മാർക്കും അതിൽ കൂടുതലും നേടിയവരെയാണ് ഈ വിഭാഗത്തിന്റെ ലിസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.