മോഹൻലാൽ
Mohanlal

മലയാള ചലച്ചിത്രരംഗത്ത് നാല് പതിറ്റാണ്ടുകളായി സജീവമായി അഭിനയിച്ചു കൊണ്ടിരിക്കുന്ന നടനാണ് മോഹൻലാൽ (പൂർണനാമം: മോഹൻലാൽ വിശ്വനാഥൻ, ജനനം: മേയ് 21, 1960). രണ്ടു തവണ മികച്ച നടനുള്ളതടക്കം അഞ്ച് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ നേടിയ മോഹൻലാൽ സ്വാഭാവികമായ നടന ശൈലിക്കു പ്രശസ്തനാണ്‌. മലയാളത്തിനു പുറമേ തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ തുടങ്ങിയ ഭാഷകളിലുള്ള ചലച്ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. 

ജീവിതം

വിശ്വനാഥൻ നായരുടേയും ശാന്താകുമാരിയുടേയും രണ്ടാമത്തെ പുത്രനായി 1960 മേയ് 21-നു പത്തനംതിട്ട ജില്ലയിലെ ഇലന്തൂരിൽ ജനനം. മോഹൻലാലിന്റെ അച്ഛൻ കേരള സെക്രട്ടേറിയേറ്റിലെ നിയമ വകുപ്പിലെ ഉദ്യോഗസ്ഥനായിരുന്നു. തിരുവനന്തപുരത്തുള്ള മുടവൻമുകൾ എന്ന സ്ഥലത്തെ തറവാട്ടു വീട്ടിലായിരുന്നു മോഹൻലാലിന്റെ കുട്ടിക്കാലം. മുടവൻമുകളിലുള്ള ഒരു ചെറിയ സ്കൂളിലാണ് മോഹൻലാൽ തന്റെ വിദ്യാഭ്യാസം ആരംഭിക്കുന്നത്. പ്രിയദർശൻ, എം.ജി. ശ്രീകുമാർ തുടങ്ങിയവർ അദ്ദേഹത്തിന്റെ സഹപാഠികൾ ആയിരുന്നു. ഈ സൗഹൃദം അദ്ദേഹത്തെ ഒരുപാടു സ്വാധീനിച്ചിട്ടുണ്ട്. കിളിക്കൊഞ്ചൽ എന്ന ചിത്രത്തിൽ അഭിനയിച്ചിട്ടുള്ള പ്യാരേലാൽ എന്ന അദ്ദേഹത്തിന്റെ ജ്യേഷ്ഠൻ 2000 ൽ മരണമടഞ്ഞിരുന്നു.

മോഹൻലാൽ ആദ്യമായി അഭിനയിച്ച സിനിമ തിരനോട്ടം ആയിരുന്നു. ലാലിന്റെ സുഹൃത്തുക്കളുടെ തന്നെ നിർമാണ സംരംഭമായ ഭാരത് സിനി ഗ്രൂപ്പ് ആണ് ഈ ചിത്രം നിർമിച്ചത് മോഹൻലാൽ ഈ ചിത്രത്തിൽ ഒരു ഹാസ്യ കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. സെൻസർ ബോർഡുമായി ബന്ധപ്പെട്ട ചില തടസ്സങ്ങൾ മൂലം ഈ ചിത്രം പുറത്തിറങ്ങിയില്ല. മോഹൻലാൽ അഭിനയിച്ച്, പ്രേക്ഷകരുടെ മുന്നിലെത്തിയ ആദ്യത്തെ സിനിമ മഞ്ഞിൽ വിരിഞ്ഞ പൂക്കൾ (1980) ആയിരുന്നു. ഫാസിൽ സംവിധാനം ചെയ്ത ചിത്രത്തിൽ വില്ലൻ വേഷത്തിലാണ് അദ്ദേഹം എത്തിയത്. അതിനുശേഷം ഐ.വി. ശശി, പത്മരാജൻ, സിബി മലയിൽ, ജോഷി തുടങ്ങിയ സംവിധായകർക്കൊപ്പം മോഹൻലാൽ ചേർന്നതോടെ മലയാളത്തിന് പകരംവയ്ക്കാനാകാത്ത താരമായി അദ്ദേഹം മാറി.