തമിഴ് സിനിമാ രംഗത്തെ ഉയർന്ന താരമൂല്യമുള്ള നടൻ. മലയാളത്തിലൂടെയാണ് അഭിനയത്തിൽ തുടക്കമെങ്കിലും വഴിത്തിരിവായത് 1998ല്‍ ബാല സംവിധാനം ചെയ്ത സേതു എന്ന ചിത്രമാണ്. പിതാമകൻ എന്ന ചിത്രത്തിലൂടെ 2003ൽ മികച്ച നടനുള്ള ദേശീയ അവാർഡും വിക്രം േനടിയിട്ടുണ്ട്. കെന്നഡി ജോൺ വിക്ടർ എന്ന വിക്രം ജനിക്കുന്നത് 1966 ഏപ്രിൽ 17-നാണ്.
ആദ്യനാളുകളിൽ തമിഴിൽ നേരിട്ട പരാജയത്തെത്തുടർന്ന് മലയാളത്തിൽ നായകനായും പിന്നെ സഹനടനായു അഭിനയിച്ച് കരിയർ ആരംഭിച്ചു. 1992 ൽ പി.സി. ശ്രീറാമിന്റെ സംവിധാനത്തിൽ ‘മീരാ’ എന്ന ചിത്രത്തിലൂടെയാണ് പ്രധാന തുടക്കം. എന്നാൽ സിനിമ വിജയമായിരുന്നില്ല. ഇതോടെ അവസരങ്ങൾ തേടി മലയാളത്തിലെത്തി. മലയാളത്തിൽ മമ്മൂട്ടിയോടൊപ്പം ധ്രുവം, സൈന്യം, ഇന്ദ്രപ്രസ്ഥം എന്നീ ചിത്രങ്ങളിലും സുരേഷ് ഗോപിയോടൊപ്പം രജപുത്രൻ പോലെയുള്ള ചിത്രങ്ങളിലും ഉപനായകന്റെ വേഷത്തിലെത്തി. നടൻ ക്യാപ്റ്റൻ രാജു സംവിധാനം ചെയ്ത ഇതാ ഒരു സ്നേഹഗാഥ, വിജയകൃഷ്ണൻ സംവിധാനം ചെയ്ത മയൂരനൃത്തം എന്നീ രണ്ടു മലയാളചിത്രങ്ങളിൽ നായകനുമായി.
1998ൽ ബാല സംവിധായകനായി അരങ്ങേറ്റം കുറിച്ച ‘സേതു’ വിക്രത്തിന്റെ അഭിനയ ജീവിതത്തിൽ വഴിത്തിരിവ് സൃഷ്ടിച്ചു.തുടർന്ന് ധിൽ,ധൂൾ,സാമി തുടങ്ങിയ ചിത്രങ്ങളും വൻ വിജയങ്ങളായി മാറി. 2003ലെ പിതാമഗൻ എന്ന ചിത്രത്തിലെ അഭിനയം വിക്രത്തിനു വൻ നിരൂപക പ്രശംസ നേടിക്കൊടുത്തു.
തലശ്ശേരി സ്വദേശിയായ ശൈലജ ബാലകൃഷ്ണ ആണ് വിക്രമിന്റെ ഭാര്യ. അക്ഷിത, ധ്രുവ് എന്നിവരാണ് മക്കൾ. ധ്രുവ് ഇപ്പോൾ അഭിനയരംഗത്ത് സജീവമാണ്.