ഇന്ത്യയിലെത്തുന്ന സഞ്ചാര പ്രേമികൾ ഉറപ്പായും സന്ദർശിക്കണം ഈ നാട്

Mail This Article
ആഭ്യന്തര സഞ്ചാരികളെ മാത്രമല്ല രാജ്യാന്തര സഞ്ചാരികളെയും ഒരേ പോലെ ആകർഷിക്കുന്ന നഗരങ്ങളിൽ ഒന്നാണ് രാജസ്ഥാനിലെ പുഷ്കർ. ഭൂപ്രകൃതിയും സംസ്കാരവും അതിനൊപ്പം ആത്മീയതലത്തിലുള്ള ഈ നഗരത്തിന്റെ ആകർഷണവും സഞ്ചാരികൾക്കിടയിൽ പുഷ്കർ എന്ന നാടിനെ പ്രിയപ്പെട്ടതാക്കുന്നു. നവംബറിൽ നടക്കുന്ന പുഷ്കർ കാമൽ ഫെയറിൽ പങ്കെടുക്കാൻ നിരവധി ആളുകളാണ് ഓരോ വർഷവും എത്തുന്നത്. ഒരു സഞ്ചാരി നിർബന്ധമായും കണ്ടിരിക്കേണ്ട സ്ഥലങ്ങളിൽ ഒന്നാണ് പുഷ്കർ.
∙ പുഷ്കർ തടാകം
പുഷ്കറിന്റെ ആത്മാവ് എന്നു പറയുന്നത് പുഷ്കർ തടാകമാണ്. ആത്മീയതയാലും ശാന്തതയാലും വലയം ചെയ്യപ്പെട്ട തടാകമാണിത്. ഇവിടെ എത്തുന്ന ഭക്തർ പുണ്യസ്നാനം നടത്താറുണ്ട്. ഏകദേശം 52 ഘാട്ടുകളാൽ ചുറ്റപ്പെട്ടതാണ് പുഷ്കർ തടാകം. ഈ തടാകത്തിൽ സ്നാനം നടത്തുന്നത് പാപങ്ങളെ കഴുകി കളയുമെന്നും ആത്മാവിനെ ശുദ്ധീകരിക്കുകയും ചെയ്യുമെന്നാണ് വിശ്വാസം. സൂര്യാസ്തമയ സമയത്തും സൂര്യോദയ സമയത്തും ഇവിടം വളരെ ശാന്തമാണ്. പുഷ്കർ എന്ന നഗരവുമായി ഈ തടാകം വളരെ പെട്ടെന്നു തന്നെ സഞ്ചാരികളെ അടുപ്പിക്കുന്നു. അതുപോലെ ബ്രഹ്മ ക്ഷേത്രവും സഞ്ചാരികളെ ആകർഷിക്കുന്ന പ്രധാന കേന്ദ്രങ്ങളിൽ ഒന്നാണ്. ഏകദേശം 400ൽ അധികം ക്ഷേത്രങ്ങളാണ് പുഷ്കറിലുള്ളത്.

∙ പുഷ്കർ കാമൽ ഫെയർ
പുഷ്കർ എന്ന നഗരത്തിലേക്ക് ഏറ്റവും കൂടുതൽ സഞ്ചാരികൾ എത്തുന്നത് പുഷ്കർ കാമൽ ഫെയറിന്റെ സമയത്താണ്. ഒരു സാംസ്കാരിക ഉത്സവം കൂടിയാണ് ഈ മേള. ഒട്ടക മത്സരങ്ങളും സജീവമായ മാർക്കറ്റുകളുമാണ് കാർണിവലിന്റെ പ്രധാന ആകർഷണം. എല്ലാ വർഷവും പുഷ്കർ മേള നടക്കാറുണ്ട്. മരുഭൂമി ഒരു കാർണിവൽ ആയി മാറുന്ന ഈ അനുഭവത്തിന് സാക്ഷികളാകാൻ ലോകമെമ്പാടും നിന്നും നിരവധി സഞ്ചാരികളാണ് എത്തുന്നത്. ഈ വർഷത്തെ പുഷ്കർ മേള 2025 ഒക്ടോബർ 30 മുതൽ നവംബർ അഞ്ചു വരെയാണ്. രാജസ്ഥാന്റെ കാലാതീതമായ പാരമ്പര്യങ്ങളെ അനുഭവിക്കാൻ കഴിയുന്ന ഒന്നാണ് പുഷ്കർ മേള.
∙ സാഹസിക യാത്ര
പുഷ്കറിൽ എത്തിയാൽ നിർബന്ധമായും ചെയ്തിരിക്കേണ്ട ഒന്നാണ് മരുഭൂമിയിലൂടെയുള്ള സഫാരി. രാജസ്ഥാനിലെ സ്വർണമണലിൽ കൂടിയുള്ള ഈ യാത്ര മനോഹരമായ ഒരു അനുഭവമാണ് സമ്മാനിക്കുന്നത്. പരമ്പരാഗതമായ അനുഭവം ആഗ്രഹിക്കുന്നവർക്ക് ഒട്ടക സഫാരിയാണ് നൽകുന്നത്. ജീപ്പ് സഫാരി ഇഷ്ടപ്പെടുന്നവർക്ക് അതും തിരഞ്ഞെടുക്കാം. ഹൈക്കിങ് ആഗ്രഹിക്കുന്നവർക്ക് പുഷ്കറിലെ സാവിത്രി ക്ഷേത്രത്തിലേക്കു കാൽനടയായി പോകാവുന്നതാണ്. സാവിത്രി ദേവിക്കു സമർപ്പിച്ചിരിക്കുന്ന ഈ ക്ഷേത്രത്തിന് മതപരമായ പ്രാധാന്യവുമുണ്ട്. ഇവിടെ നിന്ന് സൂര്യോദയവും സൂര്യാസ്തമയവും ആസ്വദിക്കാം. കൂടാതെ പുഷ്കർ മേളയുടെ സമയത്ത് ഹോട്ട് എയർ ബലൂൺ സാഹസികതയും ആസ്വദിക്കാം. നഗരത്തെ മുഴുവനായി കാണാൻ ഈ യാത്രയിൽ കഴിയും.
രാജസ്ഥാനി കലകളുടെയും സംഗീതത്തിന്റെയും കരകൗശല വൈദഗ്ധ്യത്തിന്റെയും കേന്ദ്രം കൂടിയാണ് പുഷ്കർ. ഷോപ്പിങ് ഇഷ്ടപ്പെടുന്നവർക്ക് മനോഹരമായ ഒരു കേന്ദ്രം കൂടിയാണ് ഇത്. കൈ കൊണ്ട് നിർമിച്ച ആഭരണങ്ങൾക്കു പ്രസിദ്ധമാണ് പുഷ്കർ ബസാർ. ആഭരണങ്ങൾ കൂടാതെ വസ്ത്രങ്ങളും തുകൽ ഉൽപന്നങ്ങളും പരമ്പരാഗതമായ രാജസ്ഥാനി വസ്തുക്കളും ഇവിടെ ലഭ്യമാണ്. രാജസ്ഥാനിലെ പ്രാദേശിക വിഭവങ്ങൾ തെരുവ് ഭക്ഷണശാലകളിൽ നിന്ന് ആസ്വദിക്കാവുന്നതാണ്. ദാൽ ബാടി ചുർമ, കച്ചോരികൾ, മാൽപുവ എന്നീ ഭക്ഷണങ്ങൾ ഇവിടെനിന്ന് ആസ്വദിക്കാം. കൂടാതെ, വൈവിധ്യമാർന്ന ഭക്ഷണങ്ങളുമായി കഫേകളും സഞ്ചാരികളെ കാത്തിരിക്കുന്നു.