നിർത്തിയിട്ട ഓട്ടോയിൽ ഇടിച്ച കാർ മതിലിലും ഇടിച്ചു; ഓട്ടോ ഡ്രൈവർക്കു പരുക്ക്

Mail This Article
തൊടുപുഴ∙ കെഎസ്ആർടിസി ബസ് സ്റ്റാൻഡിനു മുന്നിൽ നിർത്തിയിട്ട ഓട്ടോറിക്ഷ ഇടിച്ച കാർ മതിലിൽ ഇടിച്ചുണ്ടായ അപകടത്തിൽ ഒരാൾക്കു പരുക്ക്. ഓട്ടോറിക്ഷയ്ക്കും കാറിനും ഇടയിൽ പെട്ടുപോയ കാൽനടയാത്രക്കാരി പരുക്കേൽക്കാതെ അദ്ഭുതകരമായി രക്ഷപ്പെട്ടു. ഓട്ടോ ഡ്രൈവർ ചിറകണ്ടം സ്വദേശി പടിപ്പുരയ്ക്കൽ അബ്ദുൽസമദിനെ സാരമായ പരുക്കുകളോടെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മ്രാല സ്വദേശി ബിജു ആണ് കാറോടിച്ചിരുന്നത്.
മാതാ ഷോപ്പിങ് ആർക്കേഡിലെ സെക്യൂരിറ്റി ജീവനക്കാരനാണ് ഇയാൾ. മദ്യപിച്ചു വാഹനമോടിച്ചതിന് ഇയാൾക്കെതിരെ കേസെടുത്തിട്ടു ണ്ടെന്ന് പൊലീസ് പറഞ്ഞു. ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടോടെയാണ് അപകടം. നാൽക്കവലയായ ഇവിടെ ഗതാഗതക്കുരുക്ക് പതിവാണ്. അപകടമുണ്ടായ സമയത്ത് താരതമ്യേന വാഹനത്തിരക്കു കുറഞ്ഞിരുന്നതിനാൽ വലിയ ദുരന്തം ഒഴിവായി. കാറിന്റെ മുൻഭാഗം നിശ്ശേഷം തകർന്നു.
സ്റ്റാൻഡിൽ ഉണ്ടായിരുന്ന മറ്റൊരു ഓട്ടോറിക്ഷയിൽ ഉരസിയതിനു ശേഷമാണ് കാർ അബ്ദുൽ സമദിന്റെ ഓട്ടോറിക്ഷ ഇടിച്ചു തെറിപ്പിച്ചത്. ഓട്ടോറിക്ഷയ്ക്കും കാര്യമായ കേടുപാടുണ്ട്. പതിവായി തിരക്കുണ്ടാകാറുള്ള ഇവിടെ ഓട്ടോറിക്ഷാ സ്റ്റാൻഡ് ക്രമീകരിച്ചിരിക്കുന്നത് അശാസ്ത്രീയമായാണ് എന്ന് മുൻപ് പരാതി ഉയർന്നിട്ടുണ്ട്. കെഎസ്ആർടിസി അധികൃതരും ഇക്കാര്യം ചൂണ്ടിക്കാട്ടിയിട്ടുണ്ടെങ്കിലും ഇതുവരെ നടപടിയുണ്ടായിട്ടില്ല.