ഇപോസ് സംവിധാനം പണിമുടക്കി; റേഷനായി അലഞ്ഞ് കാർഡുടമകൾ

Mail This Article
കണ്ണൂർ ∙ റേഷൻ സാധനങ്ങൾ ലഭിക്കാൻ ഇതുവരെ ഇങ്ങനെ അലയേണ്ടി വന്നിട്ടില്ലെന്നു ജില്ലയിലെ റേഷൻ കാർഡുടമകൾ. തിങ്കളാഴ്ച മുതലാണ് സർവർ തകരാർ തുടങ്ങിയത്. തകരാർ പരിഹരിക്കപ്പെടാത്തതിനെ തുടർന്ന് റേഷൻകടകൾ 29 വരെ പൂട്ടിയിടുകയാണെന്ന അറിയിപ്പ് ഇന്നലെ വൈകിട്ട് 3.45 ഓടെയാണു ലഭിച്ചത്. അതുവരെ പല തവണ റേഷൻകടകളിലെത്തി മടങ്ങേണ്ട സാഹചര്യമായിരുന്നു ഉപഭോക്താക്കൾക്ക്.
തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ ചില സമയങ്ങളിൽ മന്ദഗതിയിലാണെങ്കിലും സർവർ പ്രവർത്തിച്ചിരുന്നു. എന്നാൽ എല്ലാ റേഷൻകടകളിൽ നിന്നും വിരലിലെണ്ണാവുന്നത്ര കാർഡ് ഉടമകൾക്കു മാത്രമാണു റേഷൻ വിതരണം ചെയ്യാൻ കഴിഞ്ഞത്. മാസാവസാനം അടുത്ത സാഹചര്യത്തിൽ ഈ രണ്ടു ദിവസങ്ങളിലും ഉപഭോക്താക്കൾ പല തവണ റേഷൻകടകളിൽ വന്നെങ്കിലും ഇ–പോസ് മെഷീൻ പ്രവർത്തിച്ചതേയില്ല. ഉപഭോക്താക്കളുടെ അലച്ചിൽ കണ്ട് ഒടിപി സംവിധാനത്തിൽ വിതരണം നടത്താൻ വ്യാപാരികൾ ശ്രമിച്ചെങ്കിലും അവിടെയും പരാജയമായിരുന്നു ഫലം.
തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ റേഷൻ ലഭിക്കാതെ മടങ്ങിയവർ ഇന്നലെ രാവിലെ തന്നെ റേഷൻകടകളിൽ എത്തിയെങ്കിലും 8.30 മുതൽ സർവർ തകരാറിലാണെന്ന വിവരമാണു വ്യാപാരികളിൽ നിന്നു ലഭിച്ചത്. തകരാർ പരിഹരിക്കുമെന്ന പ്രതീക്ഷയിൽ കാത്തു നിന്നെങ്കിലും ഫലമുണ്ടായില്ല. ഏതായാലും വന്നതല്ലേ, ഉച്ച വരെ കാത്തു നിൽക്കാം എന്ന് കാർഡുടമകൾ തീരുമാനിച്ചപ്പോഴാണു സർവർ തകരാർ പരിഹരിക്കുന്നതിന്റെ ഭാഗമായി വൈകിട്ട് 4 വരെ റേഷൻകടകൾ അടച്ചിടണമെന്ന നിർദേശം വന്നതായി 11 മണിയോടെ വ്യാപാരികൾ അറിയിച്ചത്.
ഇക്കാര്യം ഇന്നലെ തന്നെയോ, നേരത്തെയോ അറിയിക്കാമായിരുന്നില്ലേ എന്നു ചോദിച്ചു ചില റേഷൻകടകളിൽ ഉപഭോക്താക്കൾ ബഹളം വച്ചു. വൈകിട്ട് 4നു സർവർ പരിഹരിക്കുമോ എന്ന കാർഡുടമകളുടെ ചോദ്യത്തിന് ഉറപ്പിച്ചൊന്നും പറയാനാവാതെ വ്യാപാരികളും വലഞ്ഞു. അതത് സപ്ലൈ ഓഫിസുകളിൽ വ്യാപാരികൾ ഫോണിൽ ബന്ധപ്പെട്ടെങ്കിലും അധികൃതർക്കും വ്യക്തമായ മറുപടി ഉണ്ടായില്ല.
വൈകിട്ടോടെ സർവർ തകരാർ പരിഹരിക്കും എന്നു കരുതി 4 മണിക്കു മുൻപേ തന്നെ ഏറെ ഉപഭോക്താക്കൾ റേഷൻകടകളിൽ എത്തിയിരുന്നു. എന്നാൽ സർവർ തകരാർ പരിഹരിക്കുന്നതിന്റെ ഭാഗമായി 29 വരെ റേഷൻകടകൾ അടച്ചിടണമെന്ന ഭക്ഷ്യ വകുപ്പിന്റെ നിർദേശം 3.45 ഓടെ വ്യാപാരികൾക്കു ലഭിച്ചു. ഇതറിഞ്ഞതോടെ ഉപഭോക്താക്കൾ എല്ലാവരും തിരിച്ചു പോയി. വൈകിട്ട് വ്യാപാരികൾ എത്താതിരുന്ന റേഷൻകടകൾക്കു മുന്നിൽ ഭക്ഷ്യ വകുപ്പിന്റെ നിർദേശം അറിയാതെ കാർഡുടമകൾ കാത്തു നിൽക്കുന്നതും കാഴ്ചയായി.
ഹൈദരാബാദ് എൻഐസിയിൽ വന്ന നെറ്റ്‌വർക് തകരാറാണ് സർവർ തകരാറിന് കാരണമെന്നാണു ഭക്ഷ്യ വകുപ്പ് അറിയിച്ചിട്ടുള്ളത്. 29 മുതൽ മേയ് 3 വരെ ജില്ലയിൽ റേഷൻ കടകൾ ഉച്ചയ്ക്ക് 2 മുതൽ 7 വരെയാണ് പ്രവർത്തിക്കുക. ഈ മാസത്തെ റേഷൻ വിതരണം മേയ് 5 വരെ നടത്തുമെന്നും ഭക്ഷ്യ വകുപ്പ് അറിയിച്ചു.