തിരികെ വരുമെന്നുറപ്പില്ലാത്തയാൾക്കുവേണ്ടി ഒരു ജന്മം മുഴുവൻ കാത്തിരുന്നവൾ, പാർവതീ... എത്ര മനോഹരമാണ് നിന്റെ പ്രണയം!

Mail This Article
ഒരു ജന്മം നീണ്ട കാത്തിരിപ്പിനെ ഒരു കുങ്കുമപ്പൊട്ടിന്റ ഇത്തിരിക്കടുംചുവപ്പുവട്ടത്തിലേക്ക് തളച്ചിട്ടൊരു നാടൻപെൺകുട്ടി. പാർവതിയെ ഓർമിക്കുമ്പോഴോക്കെ അവളുടെ നെറ്റിത്തടത്തിലെ കുറുമുടിയിഴകൾക്കുതാഴെ തെളിഞ്ഞു കാണുമായിരുന്ന ആ വലിയ കുങ്കുമപ്പൊട്ടാണ് ആദ്യം മനസ്സിൽവരിക. ഇഷ്ടം പറയാൻ നേരം ഗോവർധനെ കഴുത്തിനുചുറ്റും കെട്ടിപ്പിടിച്ചു മുഖത്തോടുമുഖം ചേർത്തുനിർത്തി നെറ്റിത്തടം പരസ്പരം കൂട്ടിമുട്ടിച്ച് ആ കുങ്കുമപ്പൊട്ടിന്റെ ചുവപ്പ് അവൾ അവന്റെ നെറ്റിയിലേക്കും പങ്കുവയ്ക്കുന്നൊരു മനോഹരഫ്രെയിമുണ്ട് ‘കാലാപാനി’ എന്ന ചിത്രത്തിൽ. എത്ര തീവ്രമായൊരു പ്രണയത്തിന്റെ കടുംചുവപ്പാണ് അവരുടെയിരുവരുടെയും നെറ്റിയിൽ അന്നേരം ഒരുമിച്ചു പതിഞ്ഞതെന്ന് ഞാൻ അസൂയപ്പെട്ടിട്ടുമുണ്ട്.
ദൂരദർശനിലെ ചിത്രഗീതത്തിലൂടെ കാലാപാനിയിലെ പാട്ടുകളാണ് ഓർമയിൽ ആദ്യം പതിഞ്ഞത്. പിന്നീട് കൊട്ടകയിലെ ഏറ്റവും പിൻസീറ്റിലിരുന്ന് ആ ചിത്രം കണ്ടതോർമിക്കുന്നു. പ്രൊജക്ടറിൽനിന്നു പല നിറങ്ങളിലുള്ള വെളിച്ചം വെളുത്ത തിരശ്ശീലയിലേക്കു വന്നുവീഴുമ്പോൾ എത്രപെട്ടെന്നാണ് ആ തിരക്കാഴ്ച സങ്കടങ്ങളുടെയും സംഘട്ടനങ്ങളുടെയുമായി മാറുന്നതെന്നോർത്ത് അന്ന് അദ്ഭുതപ്പെട്ടിട്ടുണ്ട്. പ്രണയത്തിലേക്കു മുതിരാത്തൊരു പാവാടക്കാലത്തു കണ്ടതാണെങ്കിലും പാർവതിക്കൊപ്പം ആ കൊട്ടകയിലെ ഇരുട്ടിന്റെ മറപറ്റി ഞാനും അന്നു കരയുന്നുണ്ടായിരുന്നു.
ഏറ്റവുമേറ്റവും ഇഷ്ടപ്പെട്ടൊരാൾക്കുവേണ്ടിയുള്ള കാത്തിരിപ്പാണ് ആ ഇഷ്ടത്തെ ഏറ്റവും സുന്ദരമാക്കുന്നതെന്ന് പാർവതിയായിരിക്കണം ആദ്യമായി എനിക്കു പറഞ്ഞുതന്നത്. തിരികെ വരുമെന്നുറപ്പില്ലാത്തൊരാൾക്കുവേണ്ടി ഒരു ജന്മംമുഴുവൻ അവൾ കാത്തിരുന്നില്ലേ? ഇല്ല, പാർവതിക്ക് ഉറപ്പുണ്ടായിരുന്നു, എന്നെങ്കിലുമൊരിക്കൽ ഗോവർധൻ അവളെ തേടിവരുമെന്ന്.... നാട്ടിലെ ആളൊഴിഞ്ഞ റെയിൽവേ സ്റ്റേഷനിലൂടെ കടന്നുപോകുന്ന ഓരോ കൽക്കരിവണ്ടിയിലും അവൾ അവനെ തിരഞ്ഞില്ലേ? അവസാനത്തെ തീവണ്ടിയും ഗോവർധനില്ലാതെ കടന്നുപോയിട്ടും അടുത്ത ദിവസത്തെ ആദ്യത്തെ തീവണ്ടിക്കായി അവൾ വീണ്ടും ആ കാത്തിരിപ്പു തുടർന്നില്ലേ? ഏറ്റവും മനോഹരമായി പ്രണയിക്കുകയെന്നാൽ ഏറ്റവും മനോഹരമായി കാത്തിരിക്കുക എന്നുകൂടിയാണെന്നു പറഞ്ഞുതരികയായിരുന്നോ ആ ചിത്രം.
ഗാനം: കൊട്ടും കുഴൽവിളി
ചിത്രം: കാലാപാനി
രചന: ഗിരീഷ് പുത്തഞ്ചേരി
സംഗീതം: ഇളയരാജ
ആലാപനം: എം.ജി.ശ്രീകുമാർ, കെ.എസ്.ചിത്ര
കൊട്ടുംകുഴൽ വിളി താളമുള്ളിൽ തുള്ളി കണ്ണിൽ തെന്നി
തങ്കത്തിങ്കൾ രഥമേറി സ്വരം പാടി വരൂ ദേവി (2)
കളഭപ്പൊട്ടും തൊട്ട് പവിഴ പട്ടും കെട്ടി
അരികിൽ നിൽക്കും നിന്നെ വരവേൽക്കാം ഞാൻ
വരവേൽക്കാം ഞാൻ
പൊന്നാതിരയല്ലേ നെയ്യാമ്പലിലെ പൊന്നൂയലിലാടിടാം
പൊന്നാതിരയല്ലേ നെയ്യാമ്പലിലെ പൊന്നൂയലിലാടിടാം
(കൊട്ടും കുഴൽ..)
നെഞ്ചിന്നുള്ളിലെ മഞ്ജരികളിലോമനേ ഓമനേ
അഞ്ജലിയുടെ പൊൻ മലരിതളാർദ്രമായ് ഓമലേ (2)
ചന്ദനത്തിൽ നനയും തേൻ ചുണ്ടിലെ ഗാനമായ്
മഞ്ഞുമണി പോൽ തിളങ്ങും കണ്ണിലെ നാളമായ്
എന്നും എന്റെയാത്മാവിലെ രാഗാഞ്ജലിയായ്
ശുഭതേ വരദേ പ്രിയതേ സഖീ
നാനനാനാ നാ നാനനനാനാ..
(കൊട്ടും കുഴൽ....)
സന്ധ്യകളുടെ കുങ്കുമനിറ ശോഭയായ് ശോഭയായ്
നിൻ ചിരിയുടെമഞ്ജിമയിനി ഓർമ്മയായ് ഓർമ്മയായ് (2)
അഞ്ജനത്തിൽ കുതിരുമീ വാനിലെ താരമായ്
ഇന്നുമെന്റെ ശൂന്യതയിൽ പുണ്യമായ് പൂക്കുമോ
കാളിന്ദി നിന്റെ കാല്‍പ്പാടുകൾ ഞാൻ തേടി വരാം
ശ്രുതിയായ് സ്മൃതിയായ് സുഖമായ് സ്വയം
(കൊട്ടും കുഴൽ....)