പീരക്കാംതടം സർവീസ് റോഡിൽ വീണ്ടും അപകടം; മിനിലോറി നിയന്ത്രണംവിട്ട് താഴ്ചയിലേക്കു മറിഞ്ഞു

Mail This Article
പിലാത്തറ∙ദേശീയപാത പിലാത്തറ പീരക്കാംതടം സർവീസ് റോഡിൽ മിനി ലോറി നിയന്ത്രണം വിട്ടു മറിഞ്ഞു. മൂന്ന് പേർക്കു പരുക്കേറ്റു. ഇന്നലെ പയ്യന്നൂരിൽ നിന്നു പിലാത്തറ ഭാഗത്തേക്ക് പോവുകയായിരുന്ന മിനി ലോറി സർവീസ് റോഡിൽ നിന്നും നിയന്ത്രണംവിട്ടു നവീകരണ പ്രവൃത്തി നടക്കുന്ന താഴ്ചയുള്ള റോഡിലേക്കു മറിഞ്ഞത്.
അപകടത്തിൽ ലോറി ജീവനക്കാരായ ആദിൽ, റിഷാദ്, മുബഷീർ എന്നിവർക്കാണു പരുക്കേറ്റത്. പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടി. ഇവരെ പരിയാരത്തെ കണ്ണൂർ ഗവ: മെഡിക്കൽ കോളജ് ആശുപത്രി പ്രവേശിപ്പിച്ചു. പയ്യന്നൂരിൽ നിന്ന് അഗ്നിരക്ഷാ വിഭാഗം എത്തിയാണ് വാഹനത്തിൽ കുടുങ്ങിയവരെ ഹൈഡ്രോളിക് കട്ടർ ഉപയോഗിച്ച് പുറത്തെടുത്തത്.
അപകടം പതിവ്
ദേശീയപാത പിലാത്തറ സർവീസ് റോഡിൽ വാഹന അപകടം പതിവാകുന്നു. പിലാത്തറ പീരിക്കാം തടം ഭാഗത്താണ് അപകടങ്ങൾ സംഭവിക്കുന്നത്. സർവീസ് റോഡിന്റെ വീതി കുറവും അശാസ്ത്രീയമായ സർവീസ് റോഡ് നിർമാണവും വാഹന അപകടത്തിനു കാരണമാകുന്നു. വീതി കുറവുള്ള സർവീസ് റോഡിലെ ചില വാഹനങ്ങളുടെ അമിത വേഗവും അപകട സാധ്യതയുണ്ടാക്കുന്നു. കഴിഞ്ഞ ദിവസങ്ങളിൽ ലോറി, കാർ, മിനി ലോറി എന്നീ വാഹനങ്ങൾ ഈ ഭാഗത്ത് അപകടത്തിൽപ്പെട്ടിരുന്നു. വീതി കുറവുള്ള സർവീസ് റോഡിനു ചേർന്നുള്ള കുഴികളും ഓവുചാലുകളും സ്ലാബും വാഹനങ്ങൾ കടന്നു പോകാൻ പ്രയാസമാകുന്നുണ്ട്.
സർവീസ് റോഡിൽ പലയിടത്തും സിഗ്നൽ ബോർഡുകൾ സ്ഥാപിക്കാത്തതും വാഹന യാത്രക്കാരെ വിഷമത്തിലാക്കുന്നു. റോഡിലെ വീതി കുറവ് നോക്കാതെ വാഹനങ്ങൾ അമിത വേഗത്തിൽ ഓടുന്നതും നിയന്ത്രണങ്ങൾ പാലിക്കാതെ മറികടക്കുന്നതും അപകടത്തിനു കാരണമാകുന്നതായി നാട്ടുകാർ പറയുന്നു.