തിരൂർ പൂങ്ങോട്ടുകുളം ട്രാഫിക് സിഗ്നലിന് ഒരു നിറമേ അറിയൂ; മഞ്ഞ!: പച്ചയും ചുവപ്പും തെളിയാറില്ല

Mail This Article
തിരൂർ ∙ രൂക്ഷമായ ഗതാഗതക്കുരുക്ക് നിയന്ത്രിക്കാൻ 3 മാസങ്ങൾക്കു മുൻപ് സ്ഥാപിച്ച ട്രാഫിക് സിഗ്നൽ സംവിധാനത്തിൽ ഇപ്പോഴും കത്തിക്കൊണ്ടിരിക്കുന്നത് മഞ്ഞ ലൈറ്റ് മാത്രം. പച്ചയും ചുവപ്പും നിറങ്ങൾ ഇനിയെന്നു തെളിയുമെന്നാണു നാട്ടുകാരുടെ ചോദ്യം. ഏറെ തിരക്കുള്ള പൂങ്ങോട്ടുകുളം ജംക‍്ഷനിലാണ് 3 മാസം മുൻപ് സിഗ്നൽ സംവിധാനം സ്ഥാപിച്ചത്. എന്നാൽ വേഗം കുറച്ചു പോകണമെന്ന അറിയിപ്പു നൽകുന്ന മഞ്ഞ നിറമുള്ള ലൈറ്റ് കത്തിയും കെട്ടും നിൽക്കുന്നതല്ലാതെ മറ്റു ലൈറ്റുകൾ ഇതിൽ തെളിയാറില്ല. ചമ്രവട്ടം പാതയിലെ ഏറെ തിരക്കുള്ള ജംക‍്ഷനാണിത്. അടുത്ത ദിവസം വലിയൊരു മാൾ ഇവിടെ തുറക്കുന്നുണ്ട്.
സമീപത്ത് മറ്റൊരു വലിയ മാൾ നിർമാണം പൂർത്തിയായിക്കൊണ്ടിരിക്കുന്നു. ഇതെല്ലാം തുറന്നു കഴിഞ്ഞാൽ ഈ ജംക‍്ഷനിൽ ഗതാഗതക്കുരുക്ക് കൂടുതൽ രൂക്ഷമാകുമെന്ന് ഉറപ്പാണ്. താഴേപ്പാലത്തും സിഗ്നൽ സംവിധാനം വരുമെന്നു പറഞ്ഞിരുന്നു. ഇതിനു വേണ്ട ഇരുമ്പുതൂണുകളും മറ്റും ഒരു വർഷം മുൻപ് താഴേപ്പാലത്ത് റോഡരികിൽ കൊണ്ടുവന്നിട്ടിട്ടുണ്ട്. വൈദ്യുതീകരണത്തിന് അടക്കമുള്ള വസ്തുക്കൾ ടൗൺഹാളിനു സമീപത്തും കൊണ്ടുവന്നിട്ടിട്ടുണ്ട്. എന്നാൽ കുരുക്ക് കൂടുന്ന നഗരത്തിൽ ഇവയൊന്നും കൃത്യസമയത്ത് സ്ഥാപിക്കാനുള്ള നടപടികൾ വേഗത്തിൽ നടക്കുന്നില്ലെന്നു മാത്രം. സ്ഥാപിച്ചു കഴിഞ്ഞ പൂങ്ങോട്ടുകുളത്തെ ട്രാഫിക് സിഗ്നൽ എത്രയും വേഗം പ്രവർത്തിപ്പിച്ചു തുടങ്ങണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.