പണി തീർന്നിട്ടും തുറന്നു കൊടുക്കാത്ത സ്വിമ്മിങ് പൂൾ, ചെളിക്കുളമായിക്കിടക്കുന്ന ഫുട്ബോൾ മൈതാനം; എന്നു റെഡിയാകും
Mail This Article
പണി തീർന്നിട്ടും തുറന്നു കൊടുക്കാത്ത സ്വിമ്മിങ് പൂൾ, ചെളിക്കുളമായിക്കിടക്കുന്ന ഫുട്ബോൾ മൈതാനം. ഇത് എന്താണ് ഇങ്ങനെ എന്നു ചിറ്റൂർ ഗവ.കോളജിലെ കുട്ടികൾ ചോദിക്കാൻ തുടങ്ങിയിട്ടു നാളുകളേറെയായി.കിഫ്ബി വഴി കോടികൾ മുടക്കി നിർമിച്ച സ്പോർട്സ് കോംപ്ലക്സിന്റെ കാഴ്ചകളാണിത്. ഈ കുളത്തിൽ എന്നു നീന്താനാകുമെന്നോ ഈ കളിക്കളത്തിൽ എന്നു കളിക്കാനാകുമെന്നോ ചിറ്റൂരുകാർക്ക് അറിയില്ല. പുതിയ ഫുട്ബോൾ മൈതാനം നിർമിക്കാൻ നിലവിൽ ഉണ്ടായിരുന്ന മൈതാനം കുത്തിക്കിളച്ചിട്ടതോടെ കളിക്കാൻ മറ്റു സ്ഥലമില്ലാതായി.
കുളം
നാടാകെ സ്റ്റേഡിയങ്ങളും നീന്തൽക്കുളങ്ങളും നിർമിക്കാനുള്ള തീരുമാനത്തിന്റെ ഭാഗമായാണ് ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് ചിറ്റൂർ ഗവ.കോളജിനു സ്പോർട്സ് കോംപ്ലക്സ് അനുവദിച്ചത്. നിർമാണം പൂർത്തീകരിച്ച് കോളജിനു കൈമാറാനും പിന്നീടത് ജനകീയ ഉപയോഗത്തിനു വിനിയോഗിക്കാനുമായിരുന്നു തീരുമാനം. 5.54 കോടി രൂപ ചെലവിൽ സ്വിമ്മിങ് പൂൾ, ഫുട്ബോൾ ടർഫ് എന്നിവയാണ് ആദ്യഘട്ടത്തിൽ ഉണ്ടായിരുന്നത്.
രണ്ടാം ഘട്ടത്തിൽ ഇൻഡോർ സ്റ്റേഡിയം, 400 മീറ്റർ സിന്തറ്റിക് ട്രാക്ക് ഉൾപ്പെടെ നിർമിക്കാനായിരുന്നു പദ്ധതി. കിഫ്ബി ഫണ്ട് ഉപയോഗിക്കുന്ന പദ്ധതിയിൽ കിറ്റ്കോ ആണ് നിർവഹണ ഏജൻസി. 25 മീറ്റർ നീളവും 12 മീറ്റർ വീതിയുമുള്ളതാണു നീന്തൽക്കുളം. കുഴൽക്കിണർ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഇല്ലായിരുന്നെങ്കിലും നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുൻപു പുറത്തു നിന്നു വെള്ളം കൊണ്ടുവന്നു നിറച്ച് നീന്തൽക്കുളം ഉദ്ഘാടനം ചെയ്തു.
അതിനു ശേഷം കുഴൽക്കിണറും മറ്റു സൗകര്യങ്ങളും ആയെങ്കിലും കുളം ഇപ്പോഴും അടഞ്ഞു തന്നെ.വെള്ളം ശുദ്ധീകരിക്കാത്തതിനാലും മഴവെള്ളം ഒഴുകിയെത്തുന്നതിനാലും നീന്തൽക്കുളത്തിൽ ചെളിയും പായലും കെട്ടിനിൽക്കുന്നുണ്ട്. ചെളി നീക്കിയില്ലെങ്കിൽ കുളം ഉപയോഗശൂന്യമാകും.
മൈതാനം
105 മീറ്റർ നീളവും 72 മീറ്റർ വീതിയുമുള്ള ആധുനിക ഫുട്ബോൾ മൈതാനമാണു വിഭാവനം ചെയ്തത്. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് മന്ത്രി ഇ.പി.ജയരാജനാണു പദ്ധതിയുടെ നിർമാണോദ്ഘാടനം നടത്തിയത്. നിലവിലെ ഗ്രൗണ്ട് കിളച്ചുമറിച്ചു പ്രത്യേക തരം ചുവന്ന മണ്ണ് ഉപയോഗിച്ചു സ്റ്റേഡിയം നിർമിക്കാനായിരുന്നു പരിപാടി. സ്റ്റേഡിയത്തിൽ ഉപയോഗിക്കാനായി വിലയേറിയ വിദേശ ഇനം പുല്ല് എത്തിച്ചു.
എന്നാൽ പണി പാതിയിൽ നിലച്ചു. സ്റ്റേഡിയത്തിനു വേണ്ട ചുവന്ന മണ്ണ് പാലക്കാട്ടു ലഭിക്കാത്തതാണു മുടങ്ങാനുള്ള ഒരു കാരണം. ഇതര ജില്ലകളിൽ നിന്നു മണ്ണ് എത്തിക്കണമെങ്കിൽ ജിയോളജി വകുപ്പിന്റെ അനുമതി നേടിയെടുക്കൽ ഉൾപ്പെടെയുള്ള നടപടിക്രമങ്ങളേറെയുണ്ട്. ഇതിനിടെ മഴ തുടങ്ങിയതോടെ പണി മുടങ്ങി.
കിളച്ചുമറിച്ച സ്റ്റേഡിയത്തിലൂടെ വാഹനങ്ങൾ കടന്നുപോയതോടെ ‘പൂട്ടിയ കണ്ടം ’ പോലെയായി. നടാനായി എത്തിച്ച പുല്ലും നശിച്ചു. ഗ്രൗണ്ടിന്റെ അവസ്ഥ കണ്ടാൽ കഷ്ടം തോന്നും. കുട്ടികൾക്കു കളിക്കാൻ ഇടമില്ലാതായതോടെ മറ്റൊരു സ്ഥലം പിടിഎയുടെ ധനസഹായത്തോടെ നന്നാക്കിയിരിക്കുകയാണ്.
കരാറുകാരന്റെ വീഴ്ച
2018ൽ ആരംഭിച്ച നിർമാണപ്രവർത്തനങ്ങൾ നീളുന്നത് കരാറുകാരന്റെ പരാജയമാണെന്നു നാട്ടുകാർ ആരോപിക്കുന്നു. ഒട്ടും ആസൂത്രണമില്ലാതെയായിരുന്നു നിർമാണപ്രവൃത്തികൾ നടത്തിയത്. മന്ത്രി കെ.കൃഷ്ണൻകുട്ടിയുടെ നേതൃത്വത്തിൽ പല തവണ ചർച്ച നടത്തിയെങ്കിലും കൃത്യമായ പരിഹാരം ഉണ്ടായില്ല. ഈ പദ്ധതിയോടൊപ്പം നിർമാണം തുടങ്ങിയ മറ്റു സ്റ്റേഡിയങ്ങൾ തുറന്നുകൊടുത്തു.
നിസ്സാര ജോലികളാണു ബാക്കിയുള്ളതെങ്കിലും അതു പൂർത്തീകരിക്കാത്തതിനാലാണു നീന്തൽക്കുളം ഇപ്പോഴും വിട്ടു കൊടുക്കാത്തത്. കായികമേഖലയിൽ ഏറെ നേട്ടമുണ്ടാക്കാറുള്ള ചിറ്റൂർ കോളജിനു പഴയ മൈതാനം നഷ്ടമാവുകയും പുതിയത് കിട്ടാതിരിക്കുകയും ചെയ്ത അവസ്ഥയാണിപ്പോൾ.