ചുട്ടി കുത്തി വള്ളത്തോൾ മ്യൂസിയം; അറിയാം മ്യൂസിയം

Mail This Article
ചെറുതുരുത്തി ∙ കലാമണ്ഡലം നവതി ആഘോഷങ്ങളുടെ ഭാഗമായി ചുട്ടി കുത്തി വള്ളത്തോൾ മ്യൂസിയവും. മേൽക്കൂര പൊളിച്ച് മേഞ്ഞ്, പഴക്കം ചെന്ന മരങ്ങളും ഓടുകളും, വൈദ്യുത ഉപകരണങ്ങളും മാറ്റി, നിലം ഇഷ്ടിക നിരത്തി, പെയിന്റിങ്ങിലൂടെയാണ് 10 വർഷത്തിനു ശേഷം നടക്കുന്ന അറ്റകുറ്റപ്പണികളോടെ മ്യൂസിയത്തിന് നിറം കൂടിയത്. 25 ലക്ഷം രൂപ ചെലവഴിച്ച് ആറ് മാസം മുൻപ് ആരംഭിച്ച മ്യൂസിയത്തിലെ നിർമാണ പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിലാണ്.
അറിയാം മ്യൂസിയം
തൃശൂർ - ഷൊർണൂർ സംസ്ഥാന പാതയിലെ ചെറുതുരുത്തി കൊച്ചിൻ പാലത്തിനു സമീപത്താണ് വള്ളത്തോൾ മ്യൂസിയം. മഹാകവി വള്ളത്തോളും കുടുംബവും താമസിച്ചിരുന്ന ഇരുനില കെട്ടിടമാണ് ഇന്നത്തെ മ്യൂസിയം. 1958–ൽ മഹാകവി മരിച്ചെങ്കിലും 1985 വരെ കുടുംബാംഗങ്ങൾ ഇവിടെയാണ് താമസിച്ചിരുന്നത്. 1985 ൽ സർക്കാർ 1.60 ലക്ഷം രൂപയ്ക്ക് വള്ളത്തോൾ ഭവനം വാങ്ങിച്ചു. പിന്നീട് 3 വർഷത്തോളം പൂട്ടിയിട്ടു. 1988–ൽ ഏപ്രിൽ 24ന് അന്നത്തെ മുഖ്യമന്ത്രിയായിരുന്നു ഇ.കെ.നായനാർ മ്യൂസിയം ഉദ്ഘാടനം ചെയ്തു.
പ്രദർശന വസ്തുക്കൾ
വിശാലമായ പൂമുഖം, ഇരു വശങ്ങളിലായി 2 മുറികൾ. ഹാളിൽ മഹാകവിയുടെ പുസ്തകങ്ങൾ, പേന, കണ്ണട,1955 ൽ ലഭിച്ച പത്മഭൂഷൻ ബഹുമതി, വിവിധ രാജ്യങ്ങളിൽ നിന്ന് ലഭിച്ച സമ്മാനങ്ങൾ എന്നിവ പ്രദർശിപ്പിച്ചിട്ടുണ്ട്. വരാന്തയിൽ നവരസങ്ങളുടെയും മഹാഭാരതത്തിലെ ചൂതുകളി രംഗത്തിന്റെയും വലിയ എണ്ണ ചായ ചിത്രവും, വള്ളത്തോളിന്റെ ചിത്രങ്ങളും പ്രദർശിപ്പിച്ചിട്ടുണ്ട്.
വരാന്തയുടെ ഇരു വശങ്ങളിലായി ലൈബ്രറിയും വിവിധ രാജ്യങ്ങളിൽ നിന്ന് ലഭിച്ചിട്ടുള്ള പ്രദർശന വസ്തുക്കൾ എന്നിവ കാണാം. മുകളിലെത്തുമ്പോൾ മഹാകവിയുടെ കിടപ്പുമുറി, സൂക്ഷിച്ചിട്ടുള്ള കട്ടിൽ, മേശ, കസേര, കിരീടം, കലാമണ്ഡലത്തിലെ ആദ്യത്തെ ചെണ്ട അധ്യാപകൻ കേശവൻ നമ്പൂതിരി, ആദ്യത്തെ മദ്ദളം അധ്യാപകൻ തിരുവില്വാമല വെങ്കിച്ചൻ സ്വാമി, മോഹിനിയാട്ടം അധ്യാപികയായ ചിന്നമ്മു അമ്മ എന്നിവരുടെ എണ്ണ ഛായ ചിത്രങ്ങളും പ്രദർശിപ്പിച്ചിട്ടുണ്ട്.
പ്രവേശനം
കലാമണ്ഡലത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന മ്യൂസിയം സന്ദർശിക്കാൻ വിദ്യാർഥികൾക്ക് ഒരു രൂപയും, മുതിർന്നവർക്ക് 10 രൂപയുമാണ് നിരക്ക്. ഈ തുക കൊണ്ട് തന്നെ കേരള കലാമണ്ഡലത്തിലെ കൂത്തമ്പലവും, കളരികളും പഴയ കലാമണ്ഡലവും വള്ളത്തോൾ സമാധിയുമെല്ലാം സന്ദർശിക്കാം.