ഗുരുവായൂർ ക്ഷേത്രക്കുളത്തിലെ ജലം ശുദ്ധീകരിക്കും
Mail This Article
ഗുരുവായൂർ ∙ രുദ്രതീർഥം എന്നറിയപ്പെടുന്ന ക്ഷേത്രക്കുളത്തിലെ ജലം നാനോ ബബിൾ ടെക്നോളജി ഉപയോഗിച്ച് നവീകരിക്കുന്നതിനു തീരുമാനമായി. ഉജാല നിർമാതാക്കളായ ജ്യോതി ലാബറട്ടറീസിന്റെ വഴിപാടായിട്ടാണ് 35 ലക്ഷം രൂപയുടെ പദ്ധതി . രാസപദാർഥങ്ങൾ ഒന്നും ഉപയോഗിക്കാതെ ചെറുകുമിളകളായി ഓക്സിജൻ കടത്തി വിട്ട് ജലം ശുദ്ധീകരിക്കുന്ന സംവിധാനം ഏർപ്പെടുത്തുന്നത് ഡൽഹി ആസ്ഥാനമായുള്ള കമ്പനിയാണ്. ആദ്യ 45 ദിവസം തുടർച്ചയായി ശുദ്ധീകരണ പ്രക്രിയ പൂർത്തിയായാൽ വെള്ളം ശുദ്ധമാകും. പിന്നെ ഇടവേളകളിൽ വീണ്ടും ശുദ്ധീകരണ പ്രക്രിയ നടത്തും. 3 വർഷത്തേക്ക് കമ്പനി തന്നെ ശുദ്ധീകരണം നടത്തും. തിങ്കളാഴ്ച ദേവസ്വം ഭരണസമിതി യോഗത്തിൽ പദ്ധതി നടപ്പാക്കാൻ തീരുമാനം എടുത്തു. കമ്പനിയുമായി കരാർ ഒപ്പിട്ടാൽ ഉടൻ ശുദ്ധീകരണം തുടങ്ങും.