വ്യവസ്ഥയെ വറുത്തുകോരിയ വികെഎൻ; പയ്യന്റെ കാലുവെന്ത പാച്ചിൽ

Mail This Article
രണ്ടുപേർക്കിടയിലൊരു പുഴയുണ്ടെന്ന‍് എഴുതിയതു കവി കെ.ജി. ശങ്കരപ്പിള്ളയാണ്. ലക്കിടി കിള്ളിക്കുറിശ്ശിമംഗലത്ത് കലക്കത്തു ഭവനത്തിലെ കുഞ്ചൻ നമ്പ്യാർക്കും തിരുവില്വാമല വടക്കേ കൂട്ടാല നാരായണൻ കുട്ടി നായർക്കുമിടയിലും ഒരു പുഴയുണ്ടായിരുന്നു; സരസ്വതിയുടെ ജലപ്രസാദം പോലെ ഒഴുകിയ നിളയായിരുന്നു അത്. എഴുത്തുകാർക്കും കലാകാരൻമാർക്കും വളരാൻ തീരത്തു പശിമരാശി മണ്ണൊരുക്കിയ മഹാനദി. കുഞ്ചനും വികെഎന്നും ഇടയിൽ നിള മാത്രമല്ല, ഒന്നരനൂറ്റാണ്ടിലേറെ കാലത്തിന്റെ അകലവുമുണ്ടായിരുന്നു. പക്ഷേ അവർ ഇരുവരും മലയാളത്തിൽ പ്രവർത്തിച്ച അത്ഭുതം ഒന്നുതന്നെ. ഭാഷയിൽ അവർ സ്വതന്ത്രരായി വിഹരിച്ചു.

കൂച്ചുചങ്ങലകൾ പൊട്ടിച്ചെറിഞ്ഞ് അതിർത്തികൾ കൂസാതെ ‘അപഥ’ങ്ങളെ ചിരപരിചിത പഥങ്ങളാക്കി. രൂക്ഷപരിഹാസത്തിന്റെ വറവുചട്ടിയിലിട്ട് വ്യവസ്ഥയെ വറുത്തുകോരി. ഒഴുകിപ്പരക്കാൻ ശേഷിയുള്ള ഭാഷയാണു മലയാളമെന്ന് അനുഭവിപ്പിച്ചു. എല്ലാവരും അച്ചടക്കം പാലിച്ച്, ചിട്ടപ്പടി സാഹിത്യം എഴുതിയപ്പോൾ അവരുടെ പദാവലികൾ തുള്ളിയിറങ്ങി. ഒരു പുഴയ്ക്കപ്പുറമാണു കുഞ്ചനെന്നതിൽ അതികായൻ അത്യധികം ആഹ്ലാദിച്ചിരുന്നു.
തിരുവില്വാമല പോലെ ഒരിടത്തിരുന്ന്, വികെഎൻ ഭൂഗോളത്തിന്റെ ഓരോ ചലനവുമറിഞ്ഞു. യുഎസ് പ്രസിഡന്റുമാരുടെ നേരംപോക്കുകളും ചർച്ചിൽ പ്രഭൃതികളുടെ ലീലാവിലാസങ്ങളും ലോകയുദ്ധ ചരിത്രവുമെല്ലാം അറിഞ്ഞ് അനുദിനം അപ്ഡേറ്റ് ചെയ്തു. റേഡിയോ വാർത്തകളും ടൈം മാഗസിനുമായിരുന്നു അതിനു തുണയായത്.
ലോക ഗതിവിഗതികൾ അറിയാത്തവരെ, ചരിത്രബോധമില്ലാത്തവരെ വികെഎൻ സാഹിതി പരിഭ്രമിപ്പിച്ചു വശം കെടുത്തിക്കളയും. ഓരോ പ്രയോഗത്തിനുമുള്ളിൽ സൂചനകളുടെയും ദുഃസൂചനകളുടെയും സമാഹാരം തന്നെയുണ്ടാകും. വായനക്കാർ സ്വയം പുതുക്കുന്നതിനനുസരിച്ച് അവർക്കു വികെഎന്നെ പതുക്കെപ്പതുക്കെ പിടികിട്ടിവരും. വിരാട് ദർശനം സാധ്യമാകണമെങ്കിൽ ചെറുതായൊന്നും വിയർത്താൽ പോരാ. നാട്ടിലെ പരദൂഷണങ്ങൾ മാത്രമല്ല, പരനാടുകളിലെ ദൂഷണങ്ങളും അപ്പോഴപ്പോൾ അറിഞ്ഞു.
ആരായിരുന്നു പയ്യൻ? കരയാതിരിക്കാൻ ചിരിച്ചവൻ. ആരായിരുന്നു അവനു മാതൃക? പത്രപ്രവർത്തകനായ നരേന്ദ്രനെന്നു ചിലർ. മുൻ കേന്ദ്ര മന്ത്രിയായ കെ.പി.ഉണ്ണിക്കൃഷ്ണനെന്നു ചിലർ. സി.പി.രാമചന്ദ്രനെന്ന പത്രപ്രവർത്തക ജീനിയസെന്ന് ഇനിയും ചിലർ. ഇവരൊന്നുമല്ല, പയ്യൻ സാക്ഷാൽ വികെഎൻ തന്നെയെന്നു കരുതുന്നവരുമുണ്ട്. അതാണു കൂടുതൽ ശരിയാകാനിട. ഡൽഹിയിൽ കണ്ട ചിലരുടെ രീതികൾ വികെഎൻ പയ്യനിൽ ആരോപിച്ചിട്ടുണ്ടാകാം. പക്ഷേ പയ്യൻ അവന്റെ ഉൺമയിൽ സാക്ഷാൽ വികെഎൻ തന്നെ. പയ്യന്റെ കാലുവെന്ത പാച്ചിലിലുണ്ട്, മഹാസങ്കടത്തിന്റെ ഭൂതകാലം.
വികെഎന്നും അത്തരം പുകയുന്ന അഗ്നിപർവതങ്ങളെ ഉള്ളിൽകൊണ്ടുനടന്നിരുന്നെന്നു കെ.രഘുനാഥന്റെ ‘മുക്തകണ്ഠം വികെഎൻ’ എന്ന അസാധാരണപുസ്തകത്തിലൂടെയാണ് നാം അറിഞ്ഞത്. പിതൃശോകവും പുത്രശോകവും അനുഭവിച്ചുരുകാൻ വിധിക്കപ്പെട്ട വികെഎൻ. അതിനെ അഭിമുഖീകരിച്ചതു വ്യവസ്ഥയിലുള്ള അവിശ്വാസത്തിലൂടെയാണ്. സൂര്യനു കീഴെയെന്നല്ല, മുകളിലുള്ളതിനെയും വെറുതെ വിടാതിരിക്കാനുള്ള വാഗ്ബലം അദ്ദേഹത്തിനുണ്ടായിരുന്നു. അസംബന്ധം നിറഞ്ഞ ഫലിതങ്ങളിലൂടെ, നമ്മുടെ വിധേയത്വങ്ങളെ, സ്വസ്ഥവൃത്തങ്ങളിലെ സുഖിച്ചിരിപ്പിനെ മാരകമായി മുറിവേൽപ്പിക്കും വിധം കടന്നാക്രമിക്കുകയായിരുന്നു.

സമസ്തകേരളവും അലഞ്ഞ മഹാകവി പി.കുഞ്ഞിരാമൻ നായരുടെ പ്രിയപ്പെട്ട ഇടങ്ങളിലൊന്നായിരുന്നു തിരുവില്വാമല. അവിടെ വന്നാൽ രണ്ടു ദർശനങ്ങൾ കവി മുടക്കാറില്ല. ഒന്നു വില്വാദ്രി നാഥൻ, മറ്റൊന്നു സാക്ഷാൽ വികെഎൻ. അത്തരമൊരു സന്ദർശനത്തെക്കുറിച്ചു ‘കവിയുടെ കാൽപാടുകളി’ൽ ഓർമിക്കുന്നുണ്ട്: ‘വികെഎൻ–മലഞ്ചെരുവിലെ ചന്ദനമരം. ചുണ്ടിൽ പുഞ്ചിരി, ഹാസ സാഹിത്യം കൂട്ടിയ മോഹിനിയാട്ടത്തിലെ രസികനായ ആ നട്ടുവൻ മുഖത്തു പനിനീർപ്പൂനോട്ടമെറിഞ്ഞു. ശേഷിച്ച പൊക്കുവട മുറ്റത്തിട്ടു. ഒരു കാക്ക എങ്ങുനിന്നോ ചാടി വീണു. ഒറ്റത്തീറ്റയറിയാത്ത അവൻ കൂട്ടരെ അവന്റെ ഭാഷയിൽ കൂകി വിളിച്ചു. വികെഎൻ ചൂണ്ടിക്കാട്ടി. ഇതാ മുറ്റത്തൊരു സോഷ്യലിസ്റ്റ്. വിശ്വപ്രേമത്തിന്റെ പോർക്കളത്തിലെ സ്നേഹ സഹകരണ സമരം. ആ സോഷ്യലിസം കറുത്ത ഉടുപ്പിട്ട ഇവൻ നടപ്പിലാക്കി. നിർത്തിപ്പൊരിച്ച കോഴിയും ബിരിയാണിയും മുക്കറ്റം കേറ്റി പട്ടിണിപ്പാവങ്ങളുടെ തലയിൽ വോട്ടുപറ്റാൻ സോഷ്യലിസം അടിച്ചേൽപ്പിക്കുന്നവർ ഈ കറുത്ത ക്യാംപിൽ സ്റ്റഡി ക്ലാസിനിരിക്കട്ടെ!’. ആത്മബന്ധമുണ്ടായിരുന്ന പിയുടെ വരികളെ അപനിർമിച്ചിട്ടുണ്ട് വികെഎൻ. ഒരുദാഹരണം ഇതാ: ‘മരിക്കും ഞാൻ നിനക്കായി കാവ്യാദർശ ദേവതേ’ എന്നു പി. ‘മരിക്കും ഞാൻ നിനക്കായി കുലടാദർശദേവതേ’ എന്നു വികെഎൻ. പി കേരളം മുഴുവൻ അലഞ്ഞപ്പോൾ വികെഎൻ അപൂർവമായേ വടക്കേ കൂട്ടാല വീടു വിട്ട് ഇറങ്ങിയുള്ളൂ. എഴുത്തിലായിരുന്നു തുള്ളിയിറക്കം!