ADVERTISEMENT

കോംപാക്ട് സെ‍ഡാൻ അമേസിന്റെ പുതിയ മോഡൽ പുറത്തിറക്കി ഹോണ്ട. 7.99 ലക്ഷം രൂപ മുതൽ 10.89 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം പ്രാരംഭ വില. മൂന്നു മോഡലുകളിലായി മാനുവൽ, സിവിടി ട്രാൻസ്‌മിഷനുകളിലായി ലഭിക്കുന്ന വാഹനത്തിന്റെ ‘വി’ മാനുവലിന് 7.99 ലക്ഷം രൂപയും ഓട്ടമാറ്റിക്കിന് 9.19 ലക്ഷം രൂപയുമാണ് വില. വിഎക്സ് മാനുവലിന് 9.09 ലക്ഷം രൂപയും സിവിടി ഓട്ടമാറ്റിക്കിന് 9.99 ലക്ഷം രൂപയുമാണ്. ഉയർന്ന മോഡലായ ഇസഡ് എക്സ് മാനുവലിന്റെ വില 9.69  ലക്ഷം രൂപയും സിവിടിയുടെ വില 10.89 ലക്ഷം രൂപയുമാണ്. 

honda-amaze-price

എഡിഎഎസ് ലെവൽ 2 സാങ്കേതിക വിദ്യയുമായിട്ടാണ് അമേസ് എത്തുന്നത്. സെഗ്‌മെന്റിൽത്തന്നെ ആദ്യമായിട്ടാണ് ഈ ഫീച്ചർ അവതരിപ്പിക്കുന്നത്. ഇതോടെ എഡിഎസ് ലെവൽ 2 ഉള്ള, ഏറ്റവും കുറഞ്ഞ വിലയുള്ള മോഡലും അമേസായി. ഹോണ്ടയുടെ ഏറ്റവും ജനപ്രിയ കാറുകളിലൊന്നായ അമേസിന്റെ 5.8 ലക്ഷം യൂണിറ്റ് ഇതുവരെ വിറ്റുപോയിട്ടുണ്ട് എന്നാണ് ഹോണ്ട പറയുന്നത്. വാഹനത്തിന്റെ ടെസ്റ്റ് ഡ്രൈവ് ഇന്ന് ആരംഭിക്കുമെന്നും അടുത്ത മാസം മുതൽ വാഹനം ഉപഭോക്താക്കൾക്കു ലഭിക്കുമെന്നുമാണ് ഹോണ്ട അറിയിക്കുന്നത്. 

എക്സ്റ്റീരിയർ

നിലവിലെ മോഡലിൽനിന്ന് ഏറെ മാറ്റങ്ങളുമായിട്ടാണ് പുതിയ അമേസ് എത്തിയത്. എലിവേറ്റിന് സമാനമായ വലിയ ഹെക്സഗണൽ ഗ്രിൽ, കൺപുരികം പോലുള്ള ഡേടൈം റണ്ണിങ് ലാംപ്, എൽഇഡി ബൈപോളാർ ഹെഡ്‌ലാംപ് എന്നിവ നൽകിയിരിക്കുന്നു. വലുപ്പം കൂടിയ ബംപറാണ് വാഹനത്തിന്. വശങ്ങളിൽനിന്നു നോക്കിയാൽ കൂടുതൽ ഷാർപ്പായ ഡിസൈൻ. ഹെഡ്‌ലാംപിൽനിന്ന് ആരംഭിച്ച് ടെയിൽലാംപ് വരെ നീളുന്ന ക്യാരക്ടർ ലൈനുണ്ട്. പുതിയ ഡ്യുവൽ ടോൺ ഡിസൈനിലുള്ള 15 ഇഞ്ച് അലോയ് വീലുകളാണ്. സിറ്റിയുമായി സാമ്യമുണ്ട് പിൻഭാഗത്തിന്. മനോഹരമായ എൽഇഡി ടെയിൽലാംപും നൽകിയിരിക്കുന്നു. സെഗ്‌മെന്റിലെ ഏറ്റവും ഉയർന്ന ബൂട്ട് സ്പെയ്സാണ് – 416 ലീറ്റർ. 

honda-amaze-1

ഇന്റീരിയർ

എസ്‍യുവിയായ എലിവേറ്റിൽനിന്നു പ്രചോദനം ഉൾക്കൊണ്ട ഉൾഭാഗമാണ്. ഉയർന്ന മോഡലിൽ 10.25 ഇഞ്ച് ഫ്രീ സ്റ്റാൻഡിങ് ടച്ച് സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റമാണ് (മറ്റു മോഡലുകളിൽ 8 ഇഞ്ചും). അടിസ്ഥാന മോഡൽ മുതൽ 7 ഇഞ്ച് ടിഫ്ടി കളർ ഡിസ്പ്ലെയും നൽകിയിട്ടുണ്ട്. എലിവേറ്റിൽനിന്നു കടം കൊണ്ട സ്റ്റിയറിങ് വീലും ഡാഷ് ബോർഡ്  ഡിസൈനുമാണ്. എച്ച്‌വിഎസി കൺട്രോൾ, സെമി ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, മൾട്ടി ഫങ്ഷനൽ സ്റ്റിയറിങ് വീൽ, സെന്റർ കൺസോൾ, വയർലെസ് ചാർജിങ് പോർട്ട് എന്നിവയുണ്ട്. 

എൻജിൻ

ഹോണ്ടയുടെ 1.2 ലീറ്റർ നാലു സിലിണ്ടർ പെട്രോൾ എൻജിനാണ് വാഹനത്തിന്. അഞ്ച് സ്പീഡ് മാനുവൽ, സിവിടി ഗിയർബോക്സുകൾ. 90 എച്ച്പി കരുത്തും 110 എൻഎം ടോർക്കുമുണ്ട്. മാനുവലിന് 18.65 കിലോമീറ്ററും ഓട്ടമാറ്റിക്കിന് 19.46 കിലോമീറ്ററുമാണ് ഇന്ധനക്ഷമത. ലൈൻ വാച്ച് ക്യാമറ അടക്കം 28ൽ അധികം സുരക്ഷാ സംവിധാനങ്ങളുമായിട്ടാണ് പുതിയ വാഹനം എത്തിയിരിക്കുന്നത്. മൂന്നു വർഷം അൺലിമിറ്റഡ് കിലോമീറ്റർ വാറന്റി നൽകുന്ന പുതിയ അമേസിന് അത് ഏഴു വർഷം വരെ നീട്ടാനുള്ള സൗകര്യവും ലഭ്യമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com