ADVERTISEMENT

ദുബായ് ∙ ബഹുനിലക്കെട്ടിടങ്ങളുടെ സുരക്ഷ ഉറപ്പാക്കാനും നിരീക്ഷണം ശക്തമാക്കാനും ഡ്രോൺ ഉപയോഗപ്പെടുത്തി ദുബായ് പൊലീസ്. ദുബായുടെ പ്രധാന ബിസിനസ് ഡിസ്ട്രിക്കുകളായ ജുമൈറ ലേക്സ് ടവേഴ്സ് (ജെഎൽടി), അപ്ടൗൺ ദുബായ് എന്നിവിടങ്ങളിലാണ് ആദ്യ ഘട്ടത്തിൽ ഡ്രോൺ സേവനം പ്രയോജനപ്പെടുത്തുക. ദുബായ് മൾട്ടി കമ്മോഡിറ്റീസ് സെന്ററുമായി (ഡിഎംസിസി) സഹകരിച്ചാണ് ആധുനിക ഡ്രോൺ ബോക്സ് സംവിധാനം ഒരുക്കിയത്.

പദ്ധതിയുടെ വിജയകരമെങ്കിൽ മറ്റു ഭാഗങ്ങളിലേക്കും വ്യാപിപ്പിക്കാനാണ് ആലോചിക്കുന്നത്. സ്മാർട്ട് സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി നഗരസുരക്ഷ ഊർജിതമാക്കാൻ ഇതിലൂടെ സാധിക്കും. ജനസാന്ദ്രതയുള്ള ബഹുനിലക്കെട്ടിടങ്ങളിൽ ഈ രീതി ഏറെ സഹായകമാകുമെന്നാണ് വിലയിരുത്തുന്നത്. അടിയന്തര ഘട്ടങ്ങളിൽ നിമിഷനേരം കൊണ്ട് ലക്ഷ്യസ്ഥാനങ്ങളിലേക്ക് കുതിക്കുന്ന ഡ്രോൺ സ്ഥലത്തെ ദൃശ്യവും വിവരങ്ങളും പൊലീസ് കൺട്രോൾ റൂമിലേക്കു നൽകും. യോജിച്ച സംവിധാനങ്ങളുമായി രക്ഷാസേനകളെ വിന്യസിച്ച് രക്ഷാപ്രവർത്തനം ഊർജിതമാക്കാം.

ആഗോളതലത്തിൽ ഏറ്റവും നൂതന സാങ്കേതിക വിദ്യകളിലൊന്നാണ് ഡ്രോൺ ബോക്സ് എന്ന് ഡിഎംസിസി എക്സിക്യൂട്ടീവ് ചെയർമാനും സിഇഒയുമായ അഹമ്മദ് ബിൻ സുലായം പറഞ്ഞു. വൈകാതെ നഗരത്തിന്റെ മറ്റു മേഖലകളിലേക്കും വ്യാപിപ്പിക്കും. അടിയന്തര ഘട്ടങ്ങളിൽ എത്രയും വേഗം ലക്ഷ്യസ്ഥാനത്തെത്തി രക്ഷാപ്രവർത്തനം ഊർജിതമാക്കാനും ഇതുവഴി സാധിക്കുമെന്ന് ജനറൽ ഡിപാർട്മെന്റ് ഓഫ് ഓപറേഷൻസിലെ ഏരിയൽ സിസ്റ്റം സെന്റർ മേധാവി ക്യാപ്റ്റൻ മുഹമ്മദ് ഒമർ അൽമുഹൈരി പറഞ്ഞു.

പൊതുസുരക്ഷ മെച്ചപ്പെടുത്തുന്നതിനായി ജെഎൽടി, അപ്ടൗൺ ദുബായ് എന്നിവിടങ്ങളിൽ ഡ്രോണുകൾ വിന്യസിക്കാൻ ദുബായ് പോലീസും ഡിഎംസിസിയും കരാർ ഒപ്പിടുകയും ചെയ്തു. യുഎഇയിൽ ഉയർന്ന കെട്ടിടങ്ങൾ നിരീക്ഷിക്കാൻ ഡ്രോണിനെ വിന്യസിക്കുന്നത് ഇതാദ്യമാണ്.

English Summary:

DMCC, Dubai Police to increase public safety through advanced drone network

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com