ന്യൂയോർക്ക് മലയാളി അസോസിയേഷൻ പ്രസിഡന്റായി ലാജി തോമസിനെ തിരഞ്ഞെടുത്തു

Mail This Article
ന്യൂയോർക്ക് ∙ ന്യൂയോർക്ക് കേന്ദ്രമായി പ്രവർത്തിക്കുന്ന ന്യൂയോർക്ക് മലയാളി അസോസിയേഷന്റെ (നൈമ) പ്രസിഡന്റായി ലാജി തോമസിനെ തിരഞ്ഞെടുത്തു. ന്യൂയോർക്കിലെ ലോങ്ങ് ഐലന്റിൽ സ്ഥിരതാമസമായ ലാജി തോമസ് സംഘടനയുടെ സ്ഥാപകരിൽ പ്രധാനിയും, വൈസ് പ്രസിഡന്റ്, പ്രോഗ്രാം കോഡിനേറ്റർ എന്നീ ചുമതലകളും വഹിച്ചിരുന്നു. ഗ്ലോബൽ സംഘടനയായ പ്രവാസി മലയാളീ ഫെഡറേഷന്റെ (പിഎംഎഫ്) നോർത്ത് അമേരിക്ക റീജിയണൽ സെക്രട്ടറിയാണ്.
മാർത്തോമ്മാ സഭയുടെ യുവജനസഖ്യത്തിലൂടെ പ്രവർത്തിച്ചു വന്ന ലാജി തോമസ് സംഘടനയുടെ ശാഖ, സെന്റർ, റീജിയണൽ, ഭദ്രാസനം എന്നീ തലങ്ങളിൽ സെക്രട്ടറി, വൈസ്.പ്രസിഡന്റ്, ട്രഷറാർ, ക്വയർ ലീഡർ, അസംബ്ലി അംഗം തുടങ്ങിയ പദവികൾ വഹിച്ചിരുന്നു. നിലവിൽ ലോങ്ങ് ഐലൻഡ് മാർത്തോമ്മ ഇടവകയിൽ നിന്നുള്ള ഭദ്രാസന അസംബ്ലി അംഗമാണ്.
ന്യൂയോർക്കിലെ ആദ്യകാല എക്ക്യൂമെനിക്കൽ പ്രസ്ഥാനമായ സെന്റ്.തോമസ് എക്ക്യൂമെനിക്കൽ ഫെഡറേഷന്റെ സെക്രട്ടറി, ട്രഷറാർ, ജൂബിലി കൺവീനർ, പ്രോഗ്രാം കോഡിനേറ്റർ, തുടങ്ങിയ ചുമതലകൾ വഹിച്ചിരുന്ന അനുഗ്രഹീത ഗായകൻ കൂടിയായ ലാജി തോമസ് ഡിവൈൻ മ്യൂസിക് എന്ന സംഗീത ഗ്രൂപ്പിന് നേതൃത്വം നൽകുന്നു.
ഫൊക്കാനയുടെ ഈ വർഷത്തെ കൺവൻഷനോട് അനുബന്ധിച്ച് പ്രസിദ്ധികരിക്കുന്ന സുവനീർ കമ്മറ്റി അംഗം കൂടിയായ ലാജി തോമസ് തിരുവല്ല പുറമറ്റം കവുംങ്ങുംപ്രയാർ ചുമത്രവേലിൽ കണിയാംപറമ്പിൽ കുടുംബാംഗമാണ്. സൂസൻ തോമസ് ആണ് ഭാര്യ. വിദ്യാർഥികളായ ഡിവിനാ തോമസ്, ഡെറിൽ തോമസ് എന്നിവരാണ് മക്കൾ.