ADVERTISEMENT

പ്രിയ സുഹൃത്തേ, 

നമ്മൾ തമ്മിൽ പരിചയപ്പെട്ടിട്ട് കുറച്ച് ദിവസങ്ങളേ ആയിട്ടുള്ളൂ. സാഹിത്യത്തിലുള്ള താങ്കളുടെ താത്പര്യമാണ് ഇങ്ങനെയൊരു കത്തെഴുതുവാൻ പ്രേരിപ്പിച്ചത്. ബുക്കർ ജേതാവായ ലിഡിയ ഡേവിസിനെ താങ്കൾ കേട്ടുകാണുമെന്ന് കരുതട്ടെ. ചിലപ്പോൾ അവരെ വായിച്ചിട്ടുമുണ്ടാവും.എങ്കിലും ലിഡിയ ഡേവിസിന്റെ 'Our Strangers' എന്ന പുതിയ കഥാസമാഹാരം വായിച്ചു തീർന്നപ്പോൾ ചിലതെല്ലാം എഴുതണമെന്ന് തോന്നി. ഈ സമാഹാരം ആമസോൺ വഴി വാങ്ങാൻ കഴിയില്ല. ഇ-കോപ്പി ഇല്ല. കടകൾ വഴി ലഭ്യമാണ്. മറ്റ് ചില ഓൺലൈൻ പുസ്തക കച്ചവടക്കാരിൽ നിന്നും വാങ്ങാം. എന്തുകൊണ്ട് ഈ പുസ്തകം ആമസോണിൽ ലഭ്യമല്ല എന്നതിനുള്ള വിശദീകരണക്കുറിപ്പ് പുസ്തകത്തിന്റെ തുടക്കത്തിലുണ്ട്. കുത്തകകൾക്കെതിരായ പ്രതിരോധത്തിന്റെ ഭാഗമായാണ് ലിഡിയ ഡേവിസ് ആമസോണിനെതിരായ ഉപരോധം നടത്തുന്നത്. സ്വതന്ത്ര പ്രസാധനശാലകൾക്കും വിതരണക്കാർക്കും നൽകുന്ന ഈ ഐക്യ ദാർഢ്യം വൈവിധ്യങ്ങളുടേതായ ഒരു ആവാസ വ്യവസ്ഥയ്ക്ക് ഗുണകരമാകും എന്ന ബോധ്യത്താലാണ്. അതു മാത്രമല്ല, ആമസോണിന്റെ തൊഴിലാളി വിരുദ്ധ സമീപനങ്ങളോടുള്ള ഒരു എഴുത്തുകാരിയുടെ തുറന്ന പ്രതിഷേധവും കൂടിയാണിത്. അതുകൊണ്ടു തന്നെ ഈ കഥാസമാഹാരം വാങ്ങുമ്പോൾ ഓരോ വായനക്കാരും അവർ പോലുമറിയാത്ത ഒരു സമരത്തിന്റെ ഭാഗമാവുന്നുണ്ട്.

ലിഡിയ ഡേവിസിന്റെ ആദ്യ സമാഹാരത്തിന്റെ വലിപ്പം വളരെ ചെറുതായിരുന്നു. മേദസില്ലാത്ത പുസ്തകങ്ങളെല്ലാം കവിതകളാണെന്ന തെറ്റിദ്ധാരണയിലാവാം പുസ്തകശാലകളിൽ അതിന്റെ സ്ഥാനം കവിതകൾക്കിടയിലായിരുന്നു. മാത്രവുമല്ല, ലിഡിയ ഡേവിസിന്റെ രചനാരീതിക്ക് ഒറ്റനോട്ടത്തിൽ ചെറുകവിതകളോടുള്ള അടുപ്പവും ഈ തെറ്റിദ്ധാരണയ്ക്ക് ഇടകൊടുത്തിട്ടുണ്ടാവാം. റസ്സൽ എഡ്‌സണ്ണിന്റെ ഗദ്യകവിതകൾ പലതും ചെറിയ കഥകൾ പോലെയെന്ന് തോന്നുകില്ലേ? അതുപോലെ ചില ധാരാണാപ്പിശകുകൾ ഇവിടെയും ഉണ്ടാവുക സ്വാഭാവികം. ലിഡിയ ഡേവിസിന്റെ അച്ഛനമ്മമാർ എഴുത്തുകാരായിരുന്നു. ന്യൂയോർക്കറിൽ ഒക്കെ കഥകൾ പ്രസിദ്ധീകരിച്ചിരുന്ന അവരെപ്പോലെ ന്യൂയോർക്കറിൽ കഥ പ്രസിദ്ധീകരിക്കണമെന്നായിരുന്നു ലിഡിയയുടേയും ആഗ്രഹം. പരമ്പരാഗത ശൈലിയിൽ എഴുതപ്പെട്ട കഥകളിൽ നിന്നും സാമുവൽ ബെക്കറ്റിലേക്കും മറ്റും വായനവളർന്നതോടെ എഴുത്തിലെ സാധ്യതകൾ അന്വേഷിക്കുവാൻ തുടങ്ങി ലിഡിയ ഡേവിസ്. ആ അന്വേഷണത്തിൽ അവർ കണ്ടെത്തിയ കഥപറച്ചിൽ രീതി വായനക്കാരെ ചില നേരങ്ങളിൽ കുഴക്കിക്കളയും. ഇതാണ് ഈ കഥാകാരിയുടെ അപൂർവ്വത.

ludia-davis
ലിഡിയ ഡേവിസ്, Photo credit:Theo Cote

കവിത, ലേഖനം, ഓർമ, മരുന്ന് കുറിപ്പടി, പരസ്യങ്ങൾ അങ്ങനെ എന്തും വെച്ച് ഊടും പാവും നെയ്യുന്നതിലാണ് ലിഡിയ ഡേവിസിലെ ശൈലീസാമർത്ഥ്യം തെളിഞ്ഞു നിൽക്കുന്നത്. രസച്ചരടെന്ന സാമ്പ്രദായിക രചനാരീതി പാടെ ഉപേക്ഷിച്ചിട്ടാണ് ഇവർ എഴുതുക. കഥാന്ത്യത്തിൽ മുറുക്കമോ അസാധാരണത്വത്താൽ വായനക്കാരിലുണ്ടാക്കുന്ന സംഭ്രമമോ ലിഡിയ ഡേവിസിന്റെ ഉത്ക്കണ്ഠയേയല്ല. 'ഒരു പരിഭാഷകയുടെ ഉച്ചനേരം' എന്ന കഥ ഇതിന് ഉദാഹരണമായി എടുക്കാം. താമസിച്ച് ഇറങ്ങിയ ഒരു പരിഭാഷക സബ്‌വേയിലെ ശുചിമുറിയിൽ കണ്ണാടി നോക്കുന്നു. വീട്ടിൽ നിന്നുമിറങ്ങുമ്പോൾ അവർ വൃത്തിയായിരുന്നു. എന്നാൽ ഇപ്പോഴങ്ങനല്ല എന്നവർ ചിന്തിക്കുന്നു.കൈയ്യിൽ രണ്ട് പുസ്തകങ്ങൾ ഉണ്ട്. പിന്നീടവർ നടക്കുകയാണ്. വളരെ ചെറിയ ചില കാര്യങ്ങളുടെ വിശദീകരണങ്ങളിലൂടെ കഥ മുന്നോട്ട് പോകുന്നു. അവർക്ക് കാണേണ്ട ആളുടെ വീട്ടിൽ എത്തുന്നു. ആ വീടിന്റെ, മുറിയുടെ വിവരണമാണ് പിന്നീട്. അയാളെ കാണുന്നു. കണ്ടശേഷം ഇറങ്ങുന്നു. ഒരു കടയിൽ പോകുന്നു. സാധനം വാങ്ങുന്നു. ഇതെന്ത് കഥ എന്ന് ഒരാൾ ചിന്തിച്ചാൽ അയാളെ കുറ്റം പറയാനാവില്ല. നമ്മൾ വായിച്ചു ശീലിച്ച കഥകളിൽ നിറച്ചുവെക്കാറുള്ള വൈകാരിക സ്ഫോടനങ്ങൾ ലിഡിയ ഡേവിസിൽ കാണുകയില്ല. എന്നാലോ, ഈ കഥകളുടെ പരിസരം സൃഷ്ടിക്കുന്ന നവീനത നല്ലൊരു വായനക്കാരന് തിരിച്ചറിയാനാവും. ഈ തിരിച്ചറിവുള്ളവർക്ക് പിന്നീടുള്ള ലിഡിയ ഡേവിസ് വായനകൾ നൽകുന്ന ആനന്ദം ചെറുതല്ല.

ചില നാടോടിക്കഥകളും മറ്റും ഇവർ പുനാരാഖ്യാനം ചെയ്യാറുണ്ട്. അതിൽ തന്റേതായ മാറ്റങ്ങൾ ചിലപ്പോൾ നടത്തിയേക്കും. ചിലപ്പോൾ അതുമില്ല. മറ്റ് ചിലപ്പോഴാവട്ടെ ഇഷ്ടപ്പെട്ട ഒരു കൃതിയിലെ വരികൾ എടുത്തെഴുതും. മൗലികതയെക്കുറിച്ചു ആധിപിടിക്കുന്നവർ ആഖ്യാനത്തിലെ ഈ തലതിരിവു കണ്ട് ബേജാറാവാൻ സാധ്യതയുണ്ട്. ഒരു സാംസ്ക്കാരികാഘാതം സൃഷ്ടിക്കുക എന്നത് ഇവരുടെ ചിന്തകളിലൊരിടത്തും ഇല്ല.പരിഭാഷകയായതുകൊണ്ടാവാം വാക്കുകളുടെ പല മട്ടുകൾ, അവയുടെ അർത്ഥവൈപുല്യം ഇതെല്ലാം ലിഡിയ ഡേവിസ് കഥകളിൽ ആവർത്തിക്കാറുണ്ട്. 'Egg' എന്ന കഥയിൽ മുട്ടയുടെ ഭാഷഭേദങ്ങളെന്തെല്ലാം എന്ന് പറഞ്ഞാണ് തുടങ്ങുന്നത് (ബുദ്ധിജീവികളോടുള്ള പരിഹാസവും ഇതിലുണ്ട്). പിന്നീട് രണ്ട് അമേരിക്കൻ കുഞ്ഞുങ്ങളുടെ ഉച്ചാരണത്തിലേക്ക് വരുന്നു. അവിടെ അവർ പറയുന്നത് 'Eck' എന്നാണ്. വളർച്ചയുടെ പ്രായത്തിൽ ഒരു വസ്തുവിനെ അതിന്റെ യഥാർത്ഥനാമത്തിൽ നിന്നും ഭേദിച്ചെടുത്ത് കുട്ടികൾ അവരുടെ ആശയവിനിമയത്തിന് പാകമാക്കിയെടുക്കുന്നു ഭാഷ. ഭാഷയിലെ ഇത്തരം ജീവിത സന്ദർഭങ്ങൾ പലപ്പോഴും നേരിൽ കണ്ടുമുട്ടാനാവും ഈ കഥകളിൽ. അതുപോലെ സാക്ഷിയാവുക, യദൃശ്ചയാ ശ്രവിക്കുന്നുവെന്ന മട്ടിൽ എല്ലാം ഒളിഞ്ഞു കേൾക്കുക ഇതെല്ലാം ഇതിലെ ആഖ്യാതാവിന്റെ സ്വഭാവമാണ്. 'Caramel Drizzle’ എന്ന കഥ തുടങ്ങുന്നത് എയർപോർട്ടിലെ ഒരു കഫേയിൽ നിന്നാണ്. ഒരു എയർഹോസ്റ്റസിനോട് കാപ്പി വിൽപ്പനക്കാരിയുടെ ചോദ്യമിങ്ങനെ: "Caramel Syrup or caramel drizzle?” എയർഹോസ്റ്റസിന് ഇതു തമ്മിലുള്ള വ്യത്യാസം അറിയില്ല. അവർ ഡ്രിസിൽ ഓർഡർ ചെയ്യുന്നു. ആഖ്യാതാവ് ഇതിന് സാക്ഷിയാണ്. എയർഹോസ്റ്റസ് അത് വാങ്ങുന്നു. പോകുന്നു. പിന്നീട് ആഖ്യാതാവ് ആ എയർഹോസ്റ്റസിനൊപ്പം വിമാനത്തിൽ സഞ്ചരിക്കുന്നു. എയർഹോസ്റ്റസ് ആ ഡ്രിസിൽ കുടിക്കുകയും കാപ്പിഗ്ലാസ് കളയുകയും ചെയ്തിരുന്നു. എന്നാൽ ആ കാരമൽ ഡ്രിസിലും ചിക്കാഗോ വരെ  ഞങ്ങൾക്കൊപ്പം യാത്ര ചെയ്തു എന്ന് പറഞ്ഞാണ് കഥ അവസാനിക്കുന്നത്. ആ കഥയുടെ ആത്മാവ് ഈ പകർത്തെഴുത്തിൽ പൂർണമായും നഷ്ടമായിട്ടുണ്ട്. എഴുത്ത് രീതി ഇങ്ങനെയാണ് എന്ന് ഉദാഹരിക്കുക മാത്രമാണ് ചെയ്തത്. അതുപോലെ ഈ കഥ ഒന്നു വായിക്കൂ: 

lydia
ലിഡിയ ഡേവിസ്, Photo credit:Theo Cote

Those two loud women-

If they are going to talk so constantly near to me on the train,

They could  at least have an interesting conversation,

One that I would like to overhear!

ഇതാണ് ലിഡിയ ഡേവിസിനെ എളുപ്പത്തിൽ അറിയുവാനുള്ള വഴികളിലൊന്ന്. അതായത് അപ്രധാനമെന്ന് നാം കരുതുന്ന ചില സ്വഭാവങ്ങളെ ആഖ്യാതാവിന്റെ സ്വഭാവ സവിശേഷതയായി അവതരിപ്പിക്കുന്നു. അവരുടെ കാഴ്ചകൾ, കേൾവികൾ എല്ലാം കഥയാവുന്നു. ഈ കഥകൾ പൊതു ആഖ്യാന രീതിവിട്ട് ചിലപ്പോൾ വസ്തുതാ കഥനമാവുന്നു. മറ്റ് ചിലപ്പോൾ കഥയ്ക്കും കവിതയ്ക്കുമിടയിലാവുന്നു. ഏതാണ് ശരിയെന്നുള്ള കുഴമറിച്ചിലുണ്ടാക്കുന്നു. സ്ത്രീ എഴുത്തുകാരിയായതിനാൽ ഫെമിനിസ്റ്റ് എഴുത്തുകാരിയാവണമെന്ന ശാഠ്യവുമില്ല.

ഒരു ചെറിയ കഥ കൂടി പകർത്തി ഈ കത്ത് അവസാനിപ്പിക്കാം: കാൾ മാർക്സിനും എന്റെ അച്ഛനും രണ്ടു പേർക്കും പെൺമക്കളായിരുന്നു. രണ്ട് പേരും വളർന്ന് പരിഭാഷകരായി. രണ്ട് പേരും ഗുസ്താവ് ഫ്ലൊബേറിന്റെ മദാം ബോവറി പരിഭാഷ ചെയ്തു.

എലനോർ മാർക്സ് ആത്മഹത്യ ചെയ്തു. ലിഡിയ ഡേവിസ് ദുർബലമെങ്കിലും ആവുന്ന ശക്തിയോടെ കുത്തകകളോട് എതിരിടാൻ ശ്രമിക്കുന്നു.

സ്നേഹപൂർവ്വം 

UiR

English Summary:

Book Bum column about Lydia Davis

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com