ശ്രീലങ്കയിൽ നിന്നും കേരളത്തിലേക്ക് മടങ്ങാൻ ഗുരുവിന് താത്പര്യമില്ലായിരുന്നു; എന്താവാം കാരണം?
Mail This Article
പ്രിയ സുഹൃത്തേ,
അരുവിപ്പുറത്തെ രണ്ട് കല്ലുകൾക്ക് ശിവപ്രതിഷ്ഠയാകാമെങ്കിൽ മനുഷ്യരൂപത്തിൽ പിറന്ന നമ്മൾ മനുഷ്യനായിത്തീരുവാൻ ഇനിയുമെത്രകാലമടുക്കും? ഇസ്രയേൽ പലസ്തീൻ യുദ്ധത്തിന്റെ ഭയപ്പെടുത്തുന്ന വാർത്തകൾക്ക് മധ്യേ നിന്ന് ഈ ചോദ്യം ചോദിക്കുമ്പോൾ താങ്കളുടെയുള്ളിൽ കാരുണ്യവാനായ, ഫലിതപ്രിയനായ, ഗുരുവെന്ന ശാന്തപ്രകൃതൻ മെല്ലെ ഉരുവം കൊള്ളുമെന്ന് ഉറപ്പുണ്ട്. മതയുദ്ധങ്ങൾ, ജാതിവെറികൾ, ഇന്നും തീരാത്ത ആൺ പെൺ അകലങ്ങൾ അങ്ങനെ ഭേദചിന്തയിൽ നിന്നുമുറവ കൊള്ളുന്ന നീതികേടിനോടാണ് ഗുരു ഒരു ജീവിതമത്രയും നിരന്തരഭാഷണത്തിന് തയാറായത്. എത്രയാളുകൾക്ക് അത് മനസിലായി എന്നും എത്ര മനുഷ്യരെ യഥാർഥ മനുഷ്യരായി പരിണമിപ്പിച്ചു എന്നുമുള്ള ചോദ്യത്തിന് എത്രയോ തുച്ഛമാണതിന്റെ ഫലപ്രാപ്തിയെന്ന് നിരാശയോടെ സമ്മതിക്കേണ്ടി വരും. അതുകൊണ്ടാണ് വീണ്ടും ഗുരുവിനെക്കുറിച്ച് ഓർക്കുകയും പറയുകയും ചെയ്യേണ്ടി വരുന്നത്. താങ്കൾ ഗുരുവിനെ എങ്ങനെ കാണുന്നുവെന്ന് നിശ്ചയമില്ല. എന്നാൽ, ഗുരുവരുളുകളറിയുവാൻ താങ്കൾ നടത്തുന്ന അന്വേഷണം സന്തോഷകരമാണ്. ആ അന്വേഷണത്തിന് ഗുണകരമാവുന്ന ഒരു പുസ്തകത്തെ പരിചയപ്പെടുത്തുന്നതിൽ അഭിമാനമുണ്ട്. ജി.പ്രിയദർശനൻ എഡിറ്റ് ചെയ്ത രണ്ട് വാല്യങ്ങളായുള്ള ശ്രീനാരായണഗുരു ആന്തോളജിയാണത്. വർക്കലയിലെ കലാപൂർണയാണ് പ്രസാധകർ.
വർക്കലയിൽ നിന്നുമിത് പ്രസിദ്ധപ്പെടുത്തുമ്പോൾ മറ്റേതൊരു നാട്ടിൽ നിന്നുമുള്ള പ്രസാധനത്തേക്കാൾ ചരിത്രപരമായ ഗൗരവമുണ്ടന്നുകൂടിയറിയണം. വർക്കലയിലൊരുനാൾ ജീവിച്ചിരുന്ന ഗുരുവിനെ നമ്മൾ നമ്മുടെയിഷ്ടങ്ങൾക്കനുസരിച്ച് വിഭജിച്ചെടുത്തു. ചിലർക്ക് ദൈവം മറ്റുചിലർക്കോ വിപ്ലവകാരി, സാമൂഹിക പരിഷ്ക്കർത്താവ്, നവോത്ഥാനനായകൻ! ഈ വിഭജനങ്ങളെല്ലാം താന്താങ്ങളുടെ സൗകര്യത്തെ, ചില രാഷ്ട്രീയ ബോധ്യങ്ങളെ ന്യായീകരിക്കുവാനുള്ള ഉപായങ്ങളായിരുന്നു. എന്നാൽ, ഗുരു ആരായിരുന്നു? ഗുരു അരുളിയതെന്ത്? ഈ രണ്ട് ചോദ്യങ്ങൾക്കുള്ള ഉത്തരം തേടുവാൻ ഭൂരിപക്ഷവും ശ്രമിച്ചില്ല. ഈ ദുരവസ്ഥയറിഞ്ഞതുകൊണ്ടാണ് യുവാവായിരുന്ന കാലത്തുതന്നെ പി.കെ. ബാലകൃഷ്ണൻ ഗുരുവിനെ സമഗ്രമായി അറിയുവാനായി ഒരു ആന്തോളജി പ്രസിദ്ധപ്പെടുത്തിയത്. ആ ശ്രമത്തിന്റെ തുടർച്ചയാണ് ജി. പ്രിയദർശനൻ വർഷങ്ങളെടുത്ത് സമാഹരിച്ച രണ്ട് വാല്യങ്ങളിൽ നിറയുന്ന ഗുരു.
ഈ പുസ്തകത്തിന്റെ ഏറ്റവും വലിയ സവിശേഷതകളിലൊന്ന് ഗുരുവിനെ നിങ്ങൾക്കറിയുവാൻ നൽകുന്ന വ്യത്യസ്തമായ പാഠങ്ങളാണ്. അമിതാരാധനയോടെയോ ഭക്തിനിറഞ്ഞ എളിമയോടെയോ അല്ല പ്രിയദർശനൻ ഈ ആന്തോളജി ക്രമപ്പെടുത്തിയിരിക്കുന്നത്. ചരിത്രത്തോട് നീതിപുലർത്തുന്ന ഒരു അന്വേഷകന്റെ വസ്തുതാബോധ്യമാണിതിന്റെ അച്ചുതണ്ട്. ഒഴിവാക്കണമെങ്കിൽ ഒഴിവാക്കാവുന്ന എത്രയോ കാര്യങ്ങൾ ഇതിലദ്ദേഹം ഉൾപ്പെടുത്തിയിരിക്കുന്നു. അങ്ങനെയുള്ള ലേഖനങ്ങൾ ഒഴിച്ചിട്ടിരിക്കുന്ന ചിലയിടങ്ങളെ താങ്കളുടെ ശ്രദ്ധയിൽപ്പെടുത്തണമെന്ന ആഗ്രഹംകൂടി ഈ കത്തിനുണ്ടെന്ന് പറയട്ടെ.
രണ്ട് ഗുരു അഭിമുഖങ്ങൾ, അതും പിന്നീട് ബുദ്ധമതാനുഭാവികളായവർ നടത്തിയത് ഒന്നാം ഭാഗത്തിൽ ചേർത്തിട്ടുണ്ട്. സഹോദരനയ്യപ്പനും സി.വി.കുഞ്ഞിരാമനുമാണത്. രണ്ട് സംഭാഷണങ്ങളിലും കേന്ദ്ര പ്രമേയമാകുന്നത് മതം എന്നാൽ എന്ത്? മത പരിപവർത്തനത്തിലെ ശരി തെറ്റുകൾ? രണ്ട് സംവാദങ്ങളിലും ഗുരുവിന്റെ വ്യക്തതയാർന്ന ഉത്തരങ്ങൾ ഈ കാലത്ത് വീണ്ടും വായിക്കുകയും അടുത്തുള്ളവരിലേക്ക് പങ്കിടേണ്ടതുമാണ്. ചോദ്യകർത്താക്കൾ ധിഷണാശാലികളായതിനാൽത്തന്നെ ചോദ്യങ്ങൾ ഒന്നും തന്നെ ലളിതമല്ല. തങ്ങളുടെ ഭാഗമാണ് ശരിയെന്നുള്ള ധാർഷ്ട്യത്തിലല്ല ചോദ്യങ്ങളെന്നും ശ്രദ്ധിക്കേണ്ടതാണ്. ഗുരുവിന്റെ തരുഛായയിൽ വളർന്ന് മറ്റൊരു ആശയലോകത്തിനെ സ്വീകരിച്ചവരാണ് ഇരുവരും. ഇവരോടുള്ള മമതയും സാഹോദര്യവുമാണ് ഗുരുപുലർത്തുന്ന മാനവികത. എന്നും തന്റെയൊപ്പം കഴിയേണ്ടവരാണിവർ എന്ന അഹന്തയില്ല അദ്ദേഹത്തിന്. അത്തരം ഇടുങ്ങിയ അഹന്താബോധമൊക്കെ എന്നേയൊഴിഞ്ഞ മനസാണ് അദ്ദേഹത്തിന്റേതെന്ന് താങ്കൾക്കുമറിയാം. ഇതാണ് ഗുരുവിലെ ജനാധിപത്യം. ഇതറിയുകയെന്നത് പ്രധാനമാണ്. നിങ്ങൾ എന്റെ ആശയേലാകത്തിലല്ല എങ്കിൽ നിങ്ങളെന്റെ ശത്രുവാകുന്നു എന്ന മനസിന്റെ ഇടുക്കമാണ് നേർക്ക് നേരുള്ള വർത്തമാനങ്ങൾക്ക് വിഘാതമാവുന്നത്. അതിനാലാണ് ഇസ്രയേൽ പലസ്തീൻ യുദ്ധമുഖങ്ങളിൽ പരസ്പര സംഭാഷണം അസാധ്യമാകുന്നത്.
സഹോദരനയ്യപ്പനുമായുള്ള സംഭാഷണത്തിൽ ഗുരുപറയുന്നു: " ജാതി മനുഷ്യരിൽ കയറി മൂത്തു പോയി. ശങ്കരാചാര്യരും അതിൽ തെറ്റുകാരനാണ്. ബ്രഹ്മസൂത്രവും ഗീതയും എഴുതിയ വ്യാസൻതന്നെ ചാതുർവർണ്യത്തെക്കുറിച്ച് രണ്ടിടത്തു രണ്ടുവിധം പറഞ്ഞിരിക്കുന്നു." ഇതാണ് ഗുരുവിന്റെ മഹിമയറിയേണ്ട മറ്റൊരു സന്ദർഭം. ആചാര്യസ്വാമികളെയാണ്, വ്യാസനെയാണ് ഗുരു വിമർശനബുദ്ധ്യാ വിലയിരുത്തുന്നത്. രണ്ട് ഗുരുശ്രേഷ്ഠർ പുലർത്തിയ ഭേദചിന്തയെ മറയില്ലാതെ തുറന്നു കാട്ടുന്നതിലെ ഈ നിർഭയത്വം കൂടിയാണ് ഗുരു. ഇതിൽ നിന്നും ഗുരു നമ്മോട് പറയുന്നത് അന്ധമായ പിൻതുടരുകളല്ല മനുഷ്യനഭികാമ്യമെന്നാണ്. അതായത് എന്നേയും തിരുത്തി സർവ്വചരാചരങ്ങൾക്കും ഗുണമായതെന്തോ അതിനായി ചരിക്കുക എന്നാണ് അതിന്റെ ലളിതസാരം. ഒരു ഗുരുവും വിമർശനങ്ങൾതീതനല്ലന്ന ബോധ്യമുറപ്പിക്കുക എന്നുകൂടി അദ്ദേഹം പറഞ്ഞുതരുന്നു.
'സങ്കടകരമായ ഒരു സഞ്ചാരം' എന്ന വിദ്യാനന്ദസ്വാമികളുടെ ഓർമ മറ്റ് ലേഖനങ്ങളിൽ നിന്നും ഏറെ വ്യത്യസ്തമാണ്. എഴുപത് തികഞ്ഞ ഗുരുവിന്റെ ദീർഘസഞ്ചാരത്തിനൊപ്പമുണ്ടായിരുന്ന ആ സ്വാമിശിഷ്യന്റെ അനുഭവമാണ് അദ്ദേഹം എഴുതിയിരിക്കുന്നത്. മഴയും ദുഷിച്ച ഇടങ്ങളും എന്നു വേണ്ട ഒരു യാത്രയിലെ ക്ലേശങ്ങളെല്ലാം സഹിക്കുമ്പോഴും അദ്ദേഹം സദാപുലർത്തിയിരുന്ന ഫലിതം ആ കഷ്‌ടപ്പാടുകളെയെല്ലാം നിർവീര്യമാക്കുകയായിരുന്നു. എത്ര സങ്കീർണമായ അവസ്ഥയെയും ചെറുചിരിയോടെ, ആഴമറിഞ്ഞുള്ള ഫലിതത്തോടെ നേരിടാനുള്ള അസാമാന്യസിദ്ധി ഗുരുവിലുണ്ടായിരുന്നു (ചട്ടമ്പിസ്വാമിയും ഇതിൽ ബഹുകേമനായിരുന്നു) ഗുരുക്കന്മാരെന്നാൽ ജ്ഞാനത്തിന്റെ അവസാന വാക്കും അധികാരത്തിന്റെ മൂർത്തിമദ് രൂപങ്ങളുമാണെന്ന പാരമ്പര്യ ശീലത്തെ അദ്ദേഹം ചെറുചിരിയാൽ തിരുത്തി. നിങ്ങൾ പരസ്പരം ക്രോധത്തോടെ നോക്കാതെ പരസ്പരം ചിരിക്കൂ എന്നും കൂടി ഗുരു പറഞ്ഞു വെക്കുന്നുണ്ട്. പിൽക്കാലത്ത് നമ്മൾ ആ ചിരി മറന്നു എന്നതാണ് സങ്കടം. 1927 സെപ്തംബർ 4 ന് അമ്പാസമുദ്രത്തിലേക്കും പിന്നീട് കൊളമ്പിലേക്കും ആ സഞ്ചാരം നീണ്ടു. ഇതിനിടയിൽ ഗുരു കാര്യമായും നേരംപോക്കായും മധുരയ്ക്കടുത്തുള്ള തിരുപേടകത്ത് വെച്ച് ഇങ്ങനെ പറയുന്നുണ്ട് "ഇനി മലയാളരാജ്യത്തേക്ക് പോകണ്ട. നമുക്ക് ഇവിടെ എവിടെയെങ്കിലും താമസിച്ചാൽ മതി. ആരെങ്കിലും അന്വേഷിച്ചു വരുമായിരിക്കും. എന്നാലും പോകരുത്. ആരുവരാൻ നമ്മെ അന്വേഷിച്ച്? നമ്മുടെ ദാസ് വരുമായിരിക്കും. പിന്നെയും ചിലരൊക്കെ ഉണ്ടല്ലോ.ഈ തമിഴരെപ്പോലെ ആർക്കും സ്നേഹമില്ലല്ലോ"എന്തുകൊണ്ടാവാം ഗുരു ഇങ്ങനെ പറഞ്ഞത്? ഗുരുവിനെപ്പോലൊരു സ്ഥിതപ്രജ്ഞനിൽ നിന്നും ഒരിക്കലും പ്രതീക്ഷിക്കാനാവാത്തതാണ് നിരാശനിറഞ്ഞ ഈ വാക്കുകൾ. ജീവിതകാലമത്രയും താൻ പറയാൻ ശ്രമിച്ചതെല്ലാം ബധിരകർണങ്ങളോടായിരുന്നുവെന്ന ചിന്ത കൊണ്ടാണോ? അതോ ശിഷ്യരായവരിൽ ചിലർ തുടരുന്ന മോശം പ്രവൃത്തികളാണോ?(സി.കേശവന്റെ ആത്മകഥാ ഭാഗത്തിൽ അതെന്തന്ന് മനസിലാക്കാൻസ കഴിയും) ഇവിടം കൊണ്ട് അവസാനിക്കുന്നില്ല ഗുരുവിന്റെ ഈ തോന്നൽ. വീണ്ടുമിതേ കാര്യം അദ്ദേഹം ആവർത്തിക്കുന്നുണ്ട്. അതിനുമുൻപായുണ്ടായ ഒരു സംഭവം വിവരിച്ചിട്ട് അതിലേക്ക് എത്താം.
രാമനാഥപുരം രാജാവിന്റെ കൊട്ടാരത്തിൽ വെച്ച് ജോർജ് ജോസഫിനെ ഗുരു കാണുന്നുണ്ട് (ക്രിസ്ത്യാനിയായതിന്റെ പേരിൽ വൈക്കം സത്യാഗ്രഹസമരത്തിൽ നിന്നും ഗാന്ധി തിരിച്ച് പറഞ്ഞുവിട്ടയദ്ദേഹമാവണം അത്) അവിടെ താമസിക്കുന്ന നാളിലാണ് വൈക്കം സത്യാഗ്രഹ വാർത്ത രാമേശ്വരത്തും എത്തുന്നത്. തീണ്ടലുള്ള ജാതിക്കാരനായ നാരായണഗുരുസ്വാമി വരുന്നുണ്ട് ക്ഷേത്രത്തിലും മറ്റും കയറ്റുന്നത് സുക്ഷിച്ച് വേണം എന്ന് രാമനാഥപുരം കലക്ടർ രാമേശ്വരം ക്ഷേത്രത്തിലെ ധർമ്മകർത്താക്കൾക്ക് മുന്നറിയിപ്പ് നൽകി. ഇതേത്തുടർന്ന് ഗുരു മുൻപ് വരുമ്പോൾ കയറിയിരുന്ന രാമേശ്വരം ക്ഷേത്രത്തിൽ കയറിപ്പോകരുതെന്ന് സുഗുണാനന്ദഗിരിയെന്ന ധർമകർത്താവ് താക്കീത് നൽകി. ആ അവസരത്തിൽ വൈക്കം സത്യാഗ്രഹത്തെപ്പറ്റി ഗുരു പറഞ്ഞ അഭിപ്രായങ്ങളെ ഇവിടെ രേഖപ്പെടുത്തുന്നില്ല എന്നു പറഞ്ഞ് വിദ്യാനന്ദസ്വാമികൾ അടുത്ത യാത്രയുടെ വിവരണങ്ങളിലേക്ക് കടക്കുകയാണ് ചെയ്യുന്നത്. വിദ്യാനന്ദസ്വാമികൾ ഒഴിവാക്കിയതെന്താവാം? വൈക്കം സത്യാഗ്രഹ സമരം ആവശ്യമെന്നാണോ ഗുരുപറഞ്ഞത് ?അതോ ഇനി വേണ്ടത് വിദ്യാലയങ്ങളാണെന്ന ബോധ്യം ഒന്നുകൂടി ഗുരു ഊന്നിപ്പറയുകയാണോ ചെയ്തത്?
ഇവിടെ നിന്നും ഗുരു ശ്രീലങ്കയിലേക്കാണ് പോയത്. വിദ്യാനന്ദസ്വാമികൾ എഴുതുന്നു" കൊളമ്പു രാജ്യം വിട്ടുപോരുന്നതിനു സ്വാമികൾക്ക് ഇഷ്ടമില്ലായിരുന്നു. ന്യൂറേലിയിലോ തിരുക്കോണമലയിലോ പോയി അവിടത്തന്നെ അന്ത്യകാലം വരെ ഇരുന്നുകളയാമെന്നും സ്വാമികൾക്ക് വളരെ ആഗ്രഹം ഉണ്ടായിരുന്നു."ഗുരു കൂടെയുള്ള പലശിഷ്യരേയും മടക്കി അയച്ചു. പലരുടെയും സ്നേഹശുപാർശയിലാണ് അദ്ദേഹം ഇന്ത്യയിലേക്ക് മടങ്ങിയത്. തിരിച്ച് മലയാളക്കരയിലേക്കില്ലന്ന ശാഠ്യം ഉറയ്ക്കുവാനുള്ള കാരണമെന്താവാം എന്ന് ഇനിയെങ്കിലും നമ്മൾ അന്വേഷിക്കേണ്ടിയിരിക്കുന്നു. അങ്ങനെയെങ്കിൽ പിന്നീടുള്ള കാലം അദ്ദേഹം ജീവിച്ചത് സ്വകാര്യമായെങ്കിലും ആ നിരാശ സൂക്ഷിച്ചുകൊണ്ടാവുമോ? ഗുരു അത്ഭുതങ്ങളിൽ വിശ്വസിച്ചില്ല. മനുഷ്യർക്ക് ചെയ്യാവുന്ന ഏറ്റവും മഹത്തായ അത്ഭുതം ഭേദചിന്തയില്ലാതെ മനുഷ്യനായി ഇരിക്കുക മാത്രമാണെന്ന് അദ്ദേഹം വിശ്വസിച്ചു.
പി.ശേഷാദ്രി അയ്യരെക്കുറിച്ച് അറിവുള്ളവർ ഇന്ന് കുറവായിരിക്കും. മറക്കുവാനും അതുപോലെ നിസ്വാർത്ഥമായി തങ്ങളുടെ ജോലി നിർവ്വഹിക്കുന്നവരെ വേണ്ടവിധം ആദരിക്കുവാനുമുള്ള വൈമനസ്യത്തിനും നമ്മളെപ്പോലെ മിടുക്കരായിട്ടുള്ളവർ വേറെയില്ല. ഇത് എഡിറ്റ് ചെയ്ത ജി.പ്രിയദർശനനെ നമ്മൾ വേണ്ടപോലെ മനസിലാക്കിയിട്ടുണ്ടോ? അതുപോലെ ചെറായി രാമദാസ് ? പി.ഭാസ്ക്കരനുണ്ണിയെയും കിളിമാനൂർ രമാകാന്തനെയുമെല്ലാം ഇങ്ങനെ നാം മറഞ്ഞുകളഞ്ഞവരാണ് (ഇനിയും എത്രയോയധികം മഹത്തുക്കൾ) അതിലൊരാളാണ് പി.ശേഷാദ്രി അയ്യർ. നാൽപ്പതോളം ഭാഷകളിൽ പ്രാവിണ്യമുണ്ടായിരുന്നു. 1891 ൽ ഹരിപ്പാടാണ് ജനനം. മാർക്കസ് ഒറിലീയാസിനെ ഗ്രീക്കിൽ നിന്നും നേരിട്ട് പരിഭാഷപ്പെടുത്തിയിട്ടുണ്ട് (ഫ്രഞ്ചിൽ നിന്നും എല്ലാം പരിഭാഷകളുണ്ട്) അദ്ദേഹവും ഗുരുവും തമ്മിലുള്ള ഗുരുസ്മരണകൂടി എഴുതാമെന്ന് കരുതുന്നു. തിരുവനന്തപുരത്തും ആലുവയിലും വെച്ചുള്ള ഗുരു സമാഗമമാണ് അദ്ദേഹം വിവരിച്ചിട്ടുള്ളത്. ലോക ഭാഷയും ലോകസാഹിത്യവും അതിലെ പലതരം ചിന്താപദ്ധതികളും (മൊണ്ടെയ്ൻ ഒക്കെ ഇദ്ദേഹത്തിന്റെ പരിഭാഷയിൽപ്പെടും) പരിചയപ്പെട്ടിട്ടുള്ള ശേഷാദ്രി അയ്യർ ഗുരുവിന്റെ ചിന്താവ്യാപ്തിയിൽ അത്ഭുതപ്പെടുകയാണുണ്ടായത്. അതുപോലെ അദ്ദേഹത്തിന്റെ ലാളിത്യവും ഓർമയുടെ അപാരമായ മൂർച്ചയുമെല്ലാം സവിസ്തരം എഴുതുന്നുണ്ട്.
ശേഷാദ്രി അയ്യരുമായുള്ള കൂടിക്കാഴ്ചകൾ ഗുരുവിനും ആനന്ദം നൽകിയിട്ടുണ്ടാവണം. ധിഷണാശാലികളോടും ആധുനികതയോടും ഗുരുവിനുണ്ടായിരുന്ന പ്രിയമാണ് അദ്ദേഹത്തിന്റെ ചിന്തയെ ഇന്നേക്കും നാളേയ്ക്കുമുള്ള ഉപകരണമാക്കിത്തീർക്കുന്നത്. ഡോ.പൽപ്പുവിന്റെ കാഴ്ചപ്പാടുകളെ സ്വീകരിക്കുവാൻ ഗുരുവിന് അതുകൊണ്ടാണ് മടിയേതുമില്ലാതിരുന്നത്.ഡോക്ടർ പൽപ്പു ആലപ്പുഴയിൽ തുടങ്ങിയ മലബാർ എക്കണോമിക് യൂണിയൻ എന്ന വ്യവസായ കമ്പനിയിൽ ആദ്യം ഷെയർ എടുത്തത് ശ്രീനാരായണഗുരുവാണ് !ശിഷ്യരെ അടിമകളായി കാണുന്ന രീതിയായിരുന്നില്ല ഗുരുവിന്റേതെന്ന് നമുക്കറിയാം. കുമാരനാശാനെ പൽപ്പുവിനെ ഏൽപ്പിക്കുന്നത് അതുകൊണ്ടാണ്. ആശാനിലുള്ള നിഷേധങ്ങളെ മനസിലാക്കുവാനും ഗുരുവിന് കഴിഞ്ഞിരുന്നു. ഒരു ഗുരുവെന്നാൽ എങ്ങനെയാവണമെന്നുകൂടി സ്വജീവിതത്താൽ അദ്ദേഹം പറഞ്ഞു തന്നു.
ആയിരത്തോളം പുറം വരുന്ന വലിയൊരു ഗ്രന്ഥത്തിനെ ഈ കത്തിന്റെ പരിമിതിയിലേക്ക് ആറ്റിക്കുറുക്കുവാനാവില്ലന്ന് താങ്കൾക്കുമറിയാമല്ലോ. ഈ പുസ്തകം താങ്കൾ വായിക്കണമെന്ന് ആഗ്രമുണ്ട്. ഗുരുപാദങ്ങളിൽ നമസ്ക്കരിച്ചുകൊണ്ട് കത്ത് ചുരുക്കട്ടെ.
സ്നേഹപൂർവ്വം
UiR