'ബെഡ്റൂമിൽ കിടക്കുന്ന ഭാര്യയുടെ തണുത്തുറഞ്ഞ ശരീരത്തിലേക്ക് നോക്കി അവൻ ആർത്തു നിലവിളിച്ചു...'
Mail This Article
ഓഫീസിലേക്ക് പോകുവാൻ തയാറായി ഐറിസ് ഡൈനിങ് ടേബിളിനരികിലെത്തിയപ്പോൾ ആനി പതിവില്ലാതെ എന്തോ ഗാഢമായ ചിന്തയിലാണ്. രണ്ട് കൈകളും ടേബിളിൽ കുത്തി മുഖമതിലേക്ക് താങ്ങിയിരിപ്പാണ്. "ഗുഡ് മോർണിംഗ് ഡാർലിംഗ്.. ഇന്ന് ബെഡ് കോഫി കിട്ടിയില്ലട്ടോ... എന്താണെന്റെ സ്വീറ്റ് ബേബി മോം ഇത്രമാത്രം ചിന്തിച്ചു കൂട്ടുന്നത്.." കസേര ശബ്ദത്തോടെ വലിച്ചു നീക്കി ഐറിസ് അവൾക്കെതിരെ ഇരുന്നു. ശബ്ദം കേട്ട് ക്രെഡിലിൽ ഉറങ്ങുകയായിരുന്ന കുഞ്ഞുണർന്നു കരഞ്ഞു. നിർവികാരമായ മുഖത്തോടെ ആനി എഴുന്നേറ്റ് കുഞ്ഞിനെയെടുത്ത് തോളിൽ കിടത്തി.
"മമ്മീന്റെ കുട്ടി കരയാതെ.. വാവേ... നോനു..." കുഞ്ഞിനെയും കൊണ്ടവൾ ഡൈനിങ് ഹാളിലൂടെ അങ്ങോട്ടുമിങ്ങോട്ടും നടന്നു. "ഐറിസ്... ഞാനൊരു കാര്യം ചോദിച്ചോട്ടെ.." വീണ്ടും മയങ്ങി തുടങ്ങിയ കുഞ്ഞിനെയവൾ ക്രെഡിലിലേക്ക് കിടത്തി പതിയെ ആട്ടി. അപ്പം സ്റ്റൂവിൽ മുക്കി അവനവളെ നോക്കി സംശയത്തോടെ നെറ്റി ചുളിച്ചു. അല്ലേൽ കഴിക്കുമ്പോൾ കൂടെ വന്നിരിക്കുന്നവളാണ്. ഇന്ന് ആകെ മൂഡോഫ് ആണല്ലോ... "അത് പിന്നേ ഓരോ മനുഷ്യനും ഒരു മേൽവിലാസം ഉണ്ടാവില്ലേ... എന്റെ മേൽവിലാസം ഏതാണ്.."
"എന്താണ് ആനി.. ഒന്ന് തെളിയിച്ചു പറ..." അവൾ കുറച്ചുനേരം നിശബ്ദയായി നിന്നു. അപ്പോഴേക്കും ഐറിസ് ഭക്ഷണം മതിയാക്കി എഴുന്നേറ്റിരുന്നു. "ഐറിസ്... ഇത് ഐറിസിന്റെ സ്വന്തം വീടാണ്. നിങ്ങൾ വേറൊരു വീട് എടുത്താലും ആ വീടും നിങ്ങളുടെ സ്വന്തം.. ബട്ട് എനിക്ക് സ്വന്തമായി എന്ന് അവകാശപ്പെടാൻ എന്താണുള്ളത്. എന്റെ സ്വന്തം വീട്ടിൽ ഞാൻ വിരുന്നുകാരിയാണ്. ഇവിടെ വന്നുകയറിയ ജോലിക്കാരിയും... എന്റേതെന്ന് പറഞ്ഞ് ധൈര്യത്തോടെ കയറി ചെല്ലാൻ എനിക്കെവിടെ ഒരു കൂര.." എന്തിനോ വേണ്ടി നിറഞ്ഞ കണ്ണുകൾ അവനിൽനിന്നും മറച്ചു പിടിക്കാനവൾ തുറന്നിട്ട ജാലകത്തിലൂടെ പുറത്തേക്ക് നോക്കി നിന്നു.
"ആഹാ... അങ്ങനെ. നിനക്ക് മേൽവിലാസം ഉണ്ടാക്കിത്തരാൻ ഞാനെന്താണ് ചെയ്യേണ്ടത് ആനി..." അവന്റെ മുഖത്തെ പുച്ഛം സ്വരത്തിലും നിറഞ്ഞു നിന്നിരുന്നു. ഒരു ദീർഘനിശ്വാസത്തോടെ അവളവന്റെ അരികിലേക്ക് നീങ്ങി കൈകൾ രണ്ടും അവന്റെ ചുമലിലേക്ക് ചേർത്തുപിടിച്ചു. "നോക്ക് ഐറിസ്.. കുറച്ചു കഴിഞ്ഞിട്ട് നമുക്കൊരു വീടുണ്ടാക്കണം... പച്ചപ്പുകൾ നിറഞ്ഞ അന്തരീക്ഷത്തിൽ മനോഹരമായ കുഞ്ഞു വീട്. അവിടെ നിറയെ റോസാ ചെടികൾ നട്ടു പിടിപ്പിക്കണം. അതിന്റെ ചുവരിൽ ആനി ഐറിസ് എന്ന പേര് കൊത്തിയ ഫലകം തൂക്കണം... ഈ ലോകത്ത് എവിടെയെങ്കിലും എനിക്കൊരു അഭയകേന്ദ്രമുണ്ടാവട്ടെ.. പ്ലീസ് ഐറിസ്.. എനിക്ക് വേണ്ടി..."
അവൻ ഉറക്കെ ചിരിച്ചുകൊണ്ട് അവളുടെ കൈകൾ തട്ടിമാറ്റി. പിന്നെ ഓഫീസ് ബാഗ് കൈയ്യിലെടുത്ത് സിറ്റൗട്ടിലേക്ക് നടന്നു. "ആനി... വെറുതെ നടക്കാത്ത സ്വപ്നങ്ങൾ കാണണ്ട... നീ അടക്കമുള്ള സ്ത്രീകളുടെ മേൽവിലാസം ആദ്യം ജന്മ വീടും പിന്നെ ഭർത്താവിന്റെ വീടും. പിന്നെ നിന്റെ പേര് കൊത്തിയ സ്വന്തം വീട് നിനക്കുണ്ടാവും. അത് നിന്റെ കല്ലറയാണ്. ആ വീട് നമുക്ക് മനോഹരമായി തന്നെ ഒരുക്കാം.. അപ്പൊ ശരി..." യാത്ര പറഞ്ഞു ഐറിസിന്റെ കാർ അകലെ മറിഞ്ഞിട്ടും ആനി കുറേനേരം ഉമ്മറത്തെ സ്റ്റെപ്പിലിരുന്നു.
ഒന്നും വേണ്ടായിരുന്നു.. എന്റെ പേരെവിടെയും ചേർക്കണമെന്ന് ഞാൻ വാശി പിടിക്കാനൊന്നും പോണില്ല. പക്ഷേ ഐറിസ് ഇപ്പോ ഒരു നിമിഷം തന്നെ ചേർത്തുപിടിച്ചിരുന്നെങ്കിൽ.. അല്ലേൽ നമുക്ക് അങ്ങനെയൊരു വീടുണ്ടാക്കാമെന്ന് തമാശക്കെങ്കിലും പറഞ്ഞിരുന്നുവെങ്കിൽ എന്റെ ദുഃഖത്തിന് എന്തുമാത്രം ശമനമുണ്ടായിരുന്നു.. മുഖത്തേക്ക് മിഴികളിൽനിന്നും ഒഴുകിയിറങ്ങിയ ജലധാരയെ അവൾ തടഞ്ഞില്ല. താൻ ജനിച്ചു വളർന്ന വീടിന്റെ പേര് ജോമോൻ എന്നാണ്. തന്റെ സ്വന്തം ഇച്ചായന്റെ പേര്. അതുകൊണ്ടായിരിക്കണം കുഞ്ഞുനാൾ മുതലേ തന്റെ പേരെഴുതിയ ഒരു കുഞ്ഞു വീടിനവൾക്ക് വലിയ മോഹമാണ്.. അതാണിപ്പോ തകർന്നു വീണത്.
അന്ന് വൈകുന്നേരം ഐറിസെത്താൻ അൽപം താമസിച്ചിരുന്നു. മുറ്റത്തെ ഇരുട്ട് ഉമ്മറത്തും ആധിപത്യം സ്ഥാപിച്ചു തുടങ്ങിയിട്ടുണ്ട്. "ഈ പെണ്ണെവിടെ പോയിരിക്കാ..." പുറത്തെ ലൈറ്റ് ഓൺ ചെയ്ത് നീരസത്തോടെ അവൻ കോളിംഗ് ബെൽ നിർത്താതെ അടിച്ചുകൊണ്ടിരുന്നു. എന്നിട്ടും തുറക്കാതെയായപ്പോൾ നേരിയ സംശയത്തോടെ അവൻ വാതിലിൽ തള്ളി നോക്കി. ലോക്ക് ചെയ്യാത്ത വാതിൽ അവന് മുന്നിൽ മലർക്കെ തുറന്നു. അകത്ത് കുന്നുകൂടിയ ഇരുട്ട് ബൾബുകളുടെ കണ്ണഞ്ചിപ്പിക്കുന്ന പ്രകാശത്തിന് വഴിമാറി. "ആനി..." ഭയത്തോടെ അവനവളെ ഉറക്കെ വിളിച്ചുകൊണ്ട് അവിടെയാകെ പരതി. ബെഡ്റൂമിലെ നനുത്തബെഡിൽ നീണ്ടു നിവർന്ന് കിടക്കുന്ന ആനിയുടെയും അവളുടെ നെഞ്ചിൽ കമഴ്ന്നു കിടക്കുന്ന കുഞ്ഞിന്റെയും തണുത്തുറഞ്ഞ ശരീരത്തിലേക്ക് നോക്കി അവൻ ആർത്തു നിലവിളിച്ചു. പോസ്റ്റ്മോർട്ടത്തിനു ശേഷം ബോഡി ഹോസ്പിറ്റലിൽ നിന്നും വീട്ടുകാർക്ക് വിട്ടുകൊടുത്തു.
"ഐറിസ്... ഇത് ആനിയുടെ ഡ്രസ്സിന്റെ ഉള്ളിൽ നിന്നും കിട്ടിയതാണ്... ഇത് നിനക്കുള്ള കത്താണ്..." പൊലീസിന്റെ കൈയ്യിൽ നിന്നും വിറക്കുന്ന കൈകളോടെ അവനത് വാങ്ങി നിവർത്തി നോക്കി. "എനിക്ക് മേൽവിലാസമില്ലാത്ത ഈ ലോകത്തുനിന്നും പുതിയ മേൽവിലാസം തേടി ഞാൻ പോവുന്നു... പെണ്ണായതുകൊണ്ടുമാത്രം നമ്മുടെ നോറയെയും കൂടെ കൊണ്ട് പോവുന്നു..." ഓഹ്... എന്റെ ആനി... കൈകൾ കൊണ്ട് മുടി വലിച്ചുപിടിച്ചവൻ നിലത്തേക്ക് ഊർന്നു വീണു. "ആത്മഹത്യ ആയതുകൊണ്ട് നമ്മുടെ സെമിത്തേരിയിൽ അടക്കാൻ പറ്റില്ലല്ലോ... എന്താ ചെയ്യാ... ആ തൊമ്മാടിക്കുഴിയിലേക്ക് കൊണ്ടുപോവ്വല്ലേ.." കൂടിനിന്നവരുടെ സംസാരം സ്വന്തം കാതുകളിൽ വന്നെത്തിയപ്പോളവൻ മനസ്സിൽ എന്തൊക്കെയോ കണക്കുകൂട്ടലുകൾ നടത്തി എഴുന്നേറ്റു.
"ആനി ഐറിസ്"
"നോറ ഐറിസ്"
നിറയെ റോസാപുഷ്പങ്ങൾ പൂത്തുലഞ്ഞ കൊച്ചു പൂന്തോട്ടത്തിനു നടുവിലുള്ള രണ്ടു മാർബിൾ കല്ലറകൾക്കരിലേക്കവൻ എന്നും വരും. അവിടെ മെഴുകുതിരി കത്തിച്ച് വെച്ച് മുട്ടുകുത്തി പ്രാർഥിക്കുമ്പോളവന്റെ മിഴികളിൽ വർഷങ്ങൾക്കുമുമ്പ് ഒരു മഴയത്ത് കോളജിലെ വരാന്തയിലേക്ക് ഓടിക്കയറിയ നീളം മുടിയുള്ള സുന്ദരിക്കുട്ടി വന്നുനിറയും. എതിർപ്പുകൾ വകവെക്കാതെ പിന്നീടവളെ സ്വന്തമാക്കിയതും മാലാഖയെപ്പോലെ സുന്ദരിയായ ഒരു കുഞ്ഞിന്റെ അച്ഛനായതും ഓർമ്മയിൽ തെളിയുമ്പോളവന്റെ കണ്ണുകൾ നനഞ്ഞു കുതിരും. അവളുടേതെന്ന് പറയാനിന്ന് ആദ്യാക്ഷരം കൊണ്ട് തുടങ്ങുന്ന നാമം കൊത്തിയ ഒരു കുഞ്ഞു വീടുണ്ടവൾക്ക്... അവിടെയവൾ ശാന്തയായിരിക്കുമെന്നവന് ഉറപ്പുണ്ട്...