ADVERTISEMENT

ട്രിംണിം... ട്രിംണിം.. നിർത്താതെയുള്ള ഫോണ്‍ റിംഗ് കേട്ടുകൊണ്ടാണ് ശാലിനി അടുക്കളയിൽ നിന്ന് ഓടിവന്നത്. ആരായിപ്പോ രാവിലെ തന്നെ അവൾ ചിന്തിച്ചു ഫോണെടുത്തു. രഘുവേട്ടൻ അല്ലാതിപ്പോ ന്നെ വിളിക്കാൻ ആരാ ഉള്ളത്.. അവൾ ഉടുത്ത നൈറ്റിയിൽ കൈതുടച്ചു ഫോണെടുത്തു. ചുറ്റുപാടും ഒന്ന് നോക്കി വാതിലടച്ചു പതിഞ്ഞ ശബ്ദത്തിൽ "ഹലോ.."

"ഹലോ ശാലിനി" "എന്താ രഘുവേട്ട.." "ഡീ... നമ്മുടെ സ്വപ്നം പൂവണിയാൻ പോവുന്നു." "എന്തേ ലീവ് കിട്ടിയോ..." "ആ കിട്ടി." "എപ്പോഴാ.." "അടുത്ത മാസം." "ആണോ.." "ആടി പെണ്ണേ.."

"എന്നെ കാണാൻ വരോ?" "അതെന്ത് ചോദ്യമാണ് പെണ്ണേ. ഈ വരവിന് നിന്നെ കാണുക എന്നതല്ലേ എന്റെ ഏറ്റവും വലിയ ആഗ്രഹം.." "ഉറപ്പാണല്ലോ.." "അതേടി..." "കഴിഞ്ഞ തവണ വന്നപ്പോൾ പല കാരണങ്ങൾ പറഞ്ഞു ഒന്ന് കാണാതെ ലീവ് തീർത്തു മടങ്ങിപ്പോയി.." "അത് പിന്നെ ഓരോ പ്രശ്നങ്ങൾ തിരക്കുകൾ." "ഇതൊക്കെ എന്നാണാവോ തീരുക.." "അതൊക്കെ ശരിയാകും. ഇത്തവണ ഞാനെന്റെ ശാലിനികുട്ടിയെ കാണാൻ വരും ഉറപ്പ്.." "വന്നാ നിങ്ങൾക്ക് കൊള്ളാം."

"അതെന്താടി അങ്ങനെ ഒരു ഡയലോഗ്.." "അത് പിന്നെ.." "ഏത് പിന്നെ" "അല്ല തരാനും വാങ്ങാനും പറഞ്ഞുവെച്ച കുറേ മോഹങ്ങളും സ്വപ്നങ്ങളും ഇല്ലേ. അതൊക്കെ വേണമെങ്കിൽ വന്നേ പറ്റൂ.." "അങ്ങനെ.." "ആ.." "അതിപ്പോ ഫോണിലൂടെയും തരാലോ" "ഇല്ല മോനെ ഇനി നേരിട്ട് മാത്രം.." "ഹോ.. ഈ പെണ്ണിന്റെ കാര്യം.. ന്നാ... ഞാൻ പിന്നെ വിളിക്കാം.." "രഘുവേട്ടാ അടുത്ത മാസം ഇവിടെ കാവിൽ ഉത്സവമാണ്." "ആണോ ന്നാ പൊളിച്ചു.." "വരോ ഉത്സവത്തിന്" "പിന്നല്ലാതെ. എന്നിട്ട്.. നമ്മുക്ക് കൈകൾ കോർത്തുപിടിച്ചു ആ ഉത്സവപറമ്പ് മുഴുവൻ നടക്കണം. പിന്നെ നിനക്കേറെ ഇഷ്ടമുള്ള ചാന്തും കണ്മഷിയും കരിവളയും വാങ്ങിത്തരണം.." "ഓ... എന്നെക്കാൾ ഇഷ്ടം എട്ടനല്ലേ.." "ഉം..." 

"മൂക്കുത്തി വാങ്ങിത്തരില്ലേ." "പിന്നല്ലാതെ.. വെള്ള കുഞ്ഞു കല്ല് പതിച്ച മൂക്കുത്തി." "എന്നിട്ടോ.." "എന്നിട്ടെന്താ ഉത്സവം കാണണം." "ഉത്സവം കാണാൻ ആണോ വരുന്നത്." "അത്... അല്ലെടി... നിന്നെ കാണാൻ.." "അങ്ങനെ വഴിക്ക് വാ.. എന്നിട്ട് ബാക്കി.." "ആ വലിയ ആലിന്റെ മറപറ്റി ഇരുന്നു കുറെ മിണ്ടിപറയണം.. നിന്റെ സംസാരം കേട്ടു നിന്റെ മടിയിൽ തലവെച്ചു കിടക്കണം.." "എന്നിട്ടോ." "ആരും കാണില്ലെന്ന് ഉറപ്പുള്ള ആ നിമിഷത്തിൽ നിന്റെ ചുണ്ടിൽ ഉമ്മ വെക്കണം." "അയ്യട... ഇങ്ങോട്ട് വാ ഉമ്മ വെക്കാൻ.." "എന്തേ തരില്ലേ.." "അയ്യേ ആരെങ്കിലും കണ്ടാൽ പിന്നെ ചത്തുകളഞ്ഞാൽ മതി.." "ഇത്രക്ക് പേടിയാണോ?"

"അതേ ഏട്ടാ. പേടിയാണ്... ഒന്ന് മിണ്ടാൻ, ഒറ്റക്ക് നടക്കാൻ, ഒന്ന് ഉള്ളറിഞ്ഞു ചിരിക്കാൻ പരിചയമുള്ളവരോട് സംസാരിക്കാൻ എല്ലാം പേടിയാണ്.. വിവാഹ മോചനം കഴിഞ്ഞിരിക്കുന്ന പെണ്ണ് എല്ലാറ്റിനെയും പേടിക്കണം. അത്ര മൂർച്ചയുള്ള നാവുകളും കണ്ണുകളും ആണ് ചുറ്റിലും.." "ഡീ നീ മൂഡ് കളയും.." "ഇല്ല ഏട്ടൻ പറഞ്ഞോ.." "ആ..." "എന്നിട്ടോ ബാക്കി" "ബാക്കി ഒന്നും ഇല്ല ഞാൻ ഡ്യൂട്ടിക്ക് പോട്ടെ.." "ശ്ശോ... സമയം ആയോ.. ആ രാത്രി വിളിക്കോ.." "വിളിക്കാം... ന്നാ ശരി ഡീ..." "ന്താ കിട്ടിയില്ല" "എന്ത്..." "അത്" "ഏത്..." "ഒരുമ്മ കൊണ്ടെടി പെണ്ണേ.." "ഇനിയുമ്മയൊക്കെ ഉത്സവപറമ്പിലെ ആൽമരത്തിന്റെ മറവിൽ വെച്ചു തരാം.." "അത് അപ്പോഴല്ലേ.. ഇപ്പോ ഒന്ന് കൊണ്ടെടി.." "ഇല്ല മോനെ..." "ഓ... ന്നാ വേണ്ട" "ശ്ശോ. പിണങ്ങിയോ" "ഇല്ല.." "ന്നാ പിടിച്ചോ ummmmmmaa..." "അപ്പോ ശരി.." രഘു ഫോണ് കട്ട് ചെയ്തിട്ടും അവൾ ഫോണും പിടിച്ചു അങ്ങനെ നിന്നു എന്തൊക്കെയോ ഓർത്തെടുക്കുന്നു..

രഘു... എന്നോ ഒരിക്കൽ മുഖപുസ്തകം തന്നൊരു സൗഹൃദം.. അവൾ നേരെ പോയി അലമാരയിൽ അടുക്കിവെച്ച വസ്ത്രങ്ങൾക്ക് താഴെ ആരുംകാണാതെ ഒളിപ്പിച്ചുവെച്ച ഒരു കടലാസ് പൊതിയെടുത്തു തുറന്ന്.. ഒരുപിടി കറുത്ത വളപ്പൊട്ടുകൾ.. അവൾ മെല്ലെ തന്റെ മുഖത്തേക്ക് ചേർത്തുപിടിച്ചാ വളപ്പൊട്ടുകളിൽ  ഉമ്മ വെച്ചു. കുപ്പിവളകൾ ഇഷ്ടപ്പെട്ടൊരു ബാല്യത്തിൽനിന്നും കൗമാരത്തിൽ നിന്നും എത്ര പെട്ടെന്നാണ് മറ്റൊരാളുടെ ഭാര്യാപദവിയിലേക്ക് തന്നെ പറിച്ചു നട്ടത്. ദാസേട്ടൻ പെണ്ണുകാണാൻ വന്നപ്പോൾ ശാലിനിയുടെ കൈനിറയെ കുപ്പിവളകളുണ്ടായിരുന്നു. ചെക്കന് പെണ്ണിനോട് എന്തേലും സംസാരിക്കാൻ ഉണ്ടോ എന്ന് അമ്മാവൻ ചോദിച്ചപ്പോൾ ആ എന്നും പറഞ്ഞു ദാസേട്ടൻ എഴുന്നേറ്റു.. തൊട്ടടുത്ത മുറിയിൽ കയറി സംസാരം തുടങ്ങുമ്പോൾ തന്നെ പറഞ്ഞത് കുപ്പിവളകൾ ഇത്ര ഇഷ്ടമാണോ എന്നായിരുന്നു ചോദ്യം.. ചിരിച്ചുകൊണ്ടവൾ അതേ എന്നു പറഞ്ഞപ്പോൾ ദാസേട്ടന്റെ മുഖത്ത് പരിഹാസ ചിരി ആയിരുന്നു. ഈ കാലത്ത് ആരാ ഇതൊക്കെ ഇടുക എന്നായി ചോദ്യം.. ഒരു സ്വർണ്ണ വള അത് മതി അതാണ് ചന്തം എന്നായി മൂപ്പര്. പിന്നെ കല്യാണത്തിന് ശേഷം കുപ്പിവളകൾ ഇട്ടിട്ടില്ല... കാരാഗ്രഹത്തിലേക്ക് ആയിരുന്നു കെട്ടികൊണ്ടുപോയത്. ഒരൊറ്റ വർഷം കൊണ്ട് ജീവിതത്തിന്റെ എല്ലാ മുഖങ്ങളും ജീവിച്ചു തീർത്തു. കെട്ടുതാലി പൊട്ടിച്ചെറിഞ്ഞു വീട്ടിലേക്ക് പടികയറുമ്പോൾ ചുറ്റിലും ചോദ്യങ്ങൾ ഒരുപാട് വട്ടം കറങ്ങുന്നുണ്ടെങ്കിലും 'അമ്മ മാത്രം അവളുടെ വിധി അതായിരിക്കാം സാരമില്ല മോളെ എന്നും പറഞ്ഞു ചേർത്തു പിടിച്ചു..

വർഷങ്ങൾ ഇഴഞ്ഞാണ് നീങ്ങിയത്. വിവാഹമോചനം നേടിയ ഒരാൾ വീട്ടിൽ ഇരിക്കുന്നത് കൊണ്ട് വിലപറഞ്ഞുറപ്പിച്ചവർക്ക് വിൽപന ചരക്കാക്കി അനിയത്തിയെ കെട്ടിക്കുമ്പോഴും, ചേട്ടൻ കെട്ടിയ പെണ്ണിന്റെ തലയണ മന്ത്രത്തിൽ മയങ്ങി ചേട്ടത്തിയുടെ വീട്ടിലേക്ക് ചേട്ടൻ പെട്ടിയെടുത്തു ഇറങ്ങുമ്പോഴും അച്ഛൻ ആരോടെന്നില്ലാതെ പിറുപിറുക്കും. വാക്കമ്പുകൾ തൊടുക്കും. വിധിയെ പഴിക്കും. പിന്നെ നിലനിൽപ്പിന്റെ പോരാട്ടത്തിൽ ചെറിയൊരു ജോലിയുമായി കഴിയുമ്പോഴാണ് മുഖപുസ്തകത്തിന്റെ ഇടനാഴികളിൽ കാഴ്ചക്കാരിയും കേൾവിക്കാരിയുമായി മാറിയത്.. അവിടെ തന്നെയാകർഷിച്ച ഒരാൾ രഘു.. പെട്ടെന്നായിരുന്നു പരിചയപ്പെടൽ സൗഹൃദം, സംഭാഷണം, മെസ്സേജ്, കാൾ പിന്നെയെപ്പോഴോ അത് പ്രണയത്തിലേക്ക് നടന്നുകയറുകയായിരുന്നു.. രഘു പ്രവാസ ജീവിതത്തിന്റെ അടച്ചിട്ട മുറിയിൽ ജീവിക്കുന്നവൻ വിവാഹം കഴിക്കാതെ പണ്ടെങ്ങോ മുറിഞ്ഞു പോയ ഒരു പ്രണയത്തിൽ ഇന്നും ഓർമ്മ ചിന്തകളുമായി കഴിഞ്ഞുകൂടുന്ന ഒരാൾ. സംസാരങ്ങൾ സൗഹൃദങ്ങൾക്ക് അപ്പുറത്തേക്ക് പരസ്പരം നോവുകളും സന്തോഷങ്ങളും പങ്കുവെച്ച് മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്ന ആ കാലത്തിൽ നിന്നും പ്രണയത്തിന്റെ പൂത്തിരികൾ കത്തിത്തുടങ്ങിയതും പരസ്പരം ഹൃദയങ്ങളിലേക്കും ശരീരങ്ങളിലേക്കും പടർന്നു കയറിയതും പെട്ടെന്നായിരുന്നു.. പിന്നെ എപ്പോഴൊക്കെയോ ഒന്ന് നേരിൽ കാണാൻ ഒരുപാട് ഒരുപാട് കൊതിച്ചു കൊണ്ടായിരിക്കും സംസാരങ്ങൾ. കഴിഞ്ഞതവണ നാട്ടിൽ വന്നപ്പോൾ കാണാമെന്ന് പറഞ്ഞിരുന്നു. എന്നിട്ടും കാണാൻ കഴിഞ്ഞില്ല. തിരക്കുകളുടെ ഇടയിൽപ്പെട്ട് ലീവ് തീർന്നു തിരിച്ചു പ്രവാസ ലോകത്തേക്ക് തന്നെ മടങ്ങിപ്പോയി. 

കഴിഞ്ഞ ലീവിന് വന്നപ്പോഴാണ് ഒരു ദിവസം പോസ്റ്റുമാൻ വന്ന് ഒരു കവർ നീട്ടുന്നുണ്ടായിരുന്നു ശാലിനി എന്ന അഡ്രസ്സിലേക്ക്. അത് ഞാൻ ഒപ്പിട്ടു വാങ്ങുമ്പോൾ അതിന്റെ മറുവശത്ത് രഘു എന്ന് മാത്രമേ ഞാൻ കണ്ടുള്ളൂ. പാക്കറ്റ് തുറന്നു നോക്കിയപ്പോൾ ഒരു പിടി കറുത്ത വളപ്പൊട്ടുകൾ മാത്രം. കുപ്പിവളകളെ ഏറെ സ്നേഹിച്ച എനിക്ക് രഘുവേട്ടന്റെ ആദ്യത്തെ സമ്മാനമായിരുന്നു ഒരുപിടി വളപ്പൊട്ടുകൾ.. കുറച്ചുനേരം കഴിഞ്ഞപ്പോൾ രഘുവേട്ടന്റെ ഫോൺ വന്നു. "ഹലോ" "ആ രഘുവേട്ടാ" "പോസ്റ്റ് കിട്ടിയോ? ഞാനൊരു സമ്മാനം കൊടുത്തയച്ചിരുന്നു." "കിട്ടി" "എന്നിട്ട് അളവ് കറക്റ്റ് ആണോ?" "എന്താ രഘുവേട്ടാ പറയുന്നത്." "എടി വളയുടെ അളവ് കറക്റ്റ് അല്ലേ എന്ന്." "അതിന് ഇതിൽ വളകൾ ഇല്ലല്ലോ." "പിന്നെ" "കുറെ വളപ്പൊട്ടുകൾ മാത്രമല്ലേ." "അയ്യോ ഞാൻ കൊടുത്തയച്ചത് വളകൾ ആണല്ലോ." "എന്റെ പൊന്നു രഘുവേട്ടാ ആരെങ്കിലും പോസ്റ്റിൽ വളകൾ കവറിൽ ഇട്ട് അയക്കുമോ." "പെണ്ണേ ഞാൻ നേരിട്ട് വരാൻ കഴിയാത്തതുകൊണ്ടാണ് ഇങ്ങനെ ചെയ്തത്." "അത്രയധികം ദൂരം ഒന്നും ഇല്ലല്ലോ. ഒന്ന് വന്നിട്ട് പോകാമായിരുന്നില്ലേ. എന്നെ കാണാൻ നിങ്ങൾക്ക് ആഗ്രഹമില്ലേ." "പെണ്ണേ നല്ലോണം ആഗ്രഹമുണ്ട്." "എന്നിട്ടും എന്തേ വന്നില്ല." "ഇവിടെ ഞാൻ വിചാരിക്കാത്ത കുറെ തിരക്കുകളിൽ പെട്ടുപോയി." "എന്നെ കാണാൻ ആഗ്രഹം ഉണ്ടായിരുന്നെങ്കിൽ എല്ലാ തിരക്കും മാറ്റിവെച്ച് വരുമായിരുന്നു." "അതല്ല പെണ്ണേ നിന്നിലേക്ക് ഞാൻ വരുമ്പോൾ ചില തീരുമാനങ്ങൾ എടുക്കാൻ ഉണ്ട്. ആ തീരുമാനങ്ങളെ ആരൊക്കെ അനുകൂലിക്കും എന്നോ എന്തൊക്കെ സംഭവിക്കും എന്നോ എനിക്കോ നിനക്കോ ഇപ്പോൾ പറയാൻ കഴിയില്ല. പിന്നെ നിന്റെ വീട്ടുകാരുടെ സമീപനം എങ്ങനെയാണെന്നും അറിയില്ല. കുറച്ചു കാര്യങ്ങൾ കൂടി എനിക്ക് ഒരുക്കിവെക്കാൻ ഉണ്ട്. അതുകൂടി കഴിഞ്ഞാൽ നിന്നിലേക്ക് ഞാൻ പൂർണ്ണമായും വന്നെത്തുന്നതാണ്."

"എന്നിട്ടോ?" "എന്നിട്ടെന്താ പിന്നെ നമ്മുടെ ലോകം മാത്രമായിരിക്കും നമുക്ക്." "സത്യമാണോ രഘുവേട്ടാ ഈ പറയുന്നത്." "സത്യമാണ്." "വെറുതെ എന്തെങ്കിലും പറഞ്ഞ് എന്നെ കൊതിപ്പിക്കാൻ നിൽക്കല്ലേ. എന്റെ മനസ്സിലും ചില തീരുമാനങ്ങൾ ഉണ്ട്." "പിന്നെ വേറൊരു കാര്യം പറയാനുണ്ട്." "എന്താ.."  "നാളെ കഴിഞ്ഞ് ഞാൻ മടങ്ങുകയാണ്. എന്റെ ലീവ് അവസാനിച്ചു." "ആണോ ഇത്ര പെട്ടെന്ന് ലീവ് കഴിഞ്ഞോ? അതെ ഇനി എപ്പോഴാ ഒരു ലീവ് കിട്ടുക." "നോക്കട്ടെ" "എത്രയും പെട്ടെന്ന് നോക്കണം. ചിലതൊക്കെ ശരിയാക്കാൻ ഉണ്ട്." "ഇനി വരുമ്പോഴെങ്കിലും എന്നെ കാണാൻ വരുമോ." "വരും ഉറപ്പായും നിന്നെ കാണാൻ ഞാൻ വന്നിരിക്കും." "എന്നെക്കുറിച്ച് ആരോടെങ്കിലും എന്തെങ്കിലും പറഞ്ഞിരുന്നോ?" "ആരോടും ഇപ്പോൾ ഒന്നും പറഞ്ഞിട്ടില്ല. എന്നാലും മധുവിനോട് പറഞ്ഞിട്ടുണ്ട് ഞാൻ.. ഗീതയുടെ ഭർത്താവ്. ഞാൻ പോയതിനുശേഷം അമ്മയോട് ഒന്ന് പറയാൻ ഏൽപ്പിച്ചിട്ടുണ്ട്.. എന്നിട്ട് എന്താണ് പെണ്ണേ വീണ്ടും നമുക്ക് കീബോർഡിലൂടെ മിണ്ടിയും പറഞ്ഞും പ്രണയിച്ചും കുറച്ചു കാലം കൂടി മുന്നോട്ടു പോകാം.." "രഘുവേട്ടാ അപ്പോൾ എന്നെ കാണാൻ വരാതെ മടങ്ങി പോകുകയാണ് അല്ലേ?" "ദേ പിന്നേയും പെണ്ണ് കിണങ്ങുന്നു." "സാരമില്ല. പോയി വാ. ഞാനിവിടെ കാത്തിരിക്കുന്നുണ്ടാവും." "ശരി എന്നാൽ ഇനി പോകുന്നതിനു മുമ്പ് ഞാൻ വിളിക്കാട്ടോ." പിറ്റേന്ന് വിമാനത്താവളത്തിൽ വെച്ച് പോവുന്നു എന്നും പറഞ്ഞു പോയതാണ്.. പിന്നെയും ഫോണിലൂടെയുള്ള വിളികളും പ്രണയസല്ലാപങ്ങളുമായി ദിവസങ്ങൾ അങ്ങനെ.. 

ഇപ്പോഴിതാ രഘുവേട്ടൻ നാട്ടിലേക്ക് വരുന്നു. ഇത്തവണയെങ്കിലും എന്നെ കാണാൻ വരുമായിരിക്കും.. മനസ്സിൽ പൂത്തിരികൾ കത്തി, ചിന്തയിൽ നിലാവുദിച്ചു,  മനസ്സിന്റെ ഏതോ കോണിൽ മോഹങ്ങൾ പൂത്തുലയുന്നുണ്ട്. അവളുടെ ഉടലാകെ ഒന്ന് കോരിത്തരിച്ചു. തന്റെ രഘുവേട്ടൻ താൻ അത്രമേൽ ഇഷ്ടപ്പെടുന്ന പ്രണയിക്കുന്ന തന്റേത് മാത്രമായ രഘുവേട്ടൻ ഉത്സവത്തിന് തന്നെ കാണാൻ വരുന്നു. അവൾ ഒന്ന് പൊട്ടിച്ചിരിച്ചു മിഴികൾ നിറച്ചുകൊണ്ട്... ഇന്നാണ് രഘുവേട്ടൻ നാട്ടിലെത്തുന്നത്. ഇന്ന് വൈകുന്നേരം തന്നെക്കാണാൻ വരും. വല്ലാത്തൊരു ഉത്സാഹത്തിലും സന്തോഷത്തിലും ശാലിനി തുള്ളിച്ചാടി പണികൾ ഒതുക്കി.. ഇടക്ക് അമ്മയുടെ ചില ചോദ്യങ്ങൾക്ക് ചിരിച്ചുകൊണ്ട് അവൾ എന്തൊക്കെയോ മറുപടികൾ കൊടുത്തു.. വൈകുന്നേരം എല്ലാവരും കാവിലേക്ക് പോവാനുള്ള ഒരുക്കത്തിലാണ്.. നീളൻ കണ്ണാടിക്ക് മുന്നിൽ നിന്ന് ഏത് സാരിയുടുക്കും എന്ന ചിന്തയിൽ ശാലിനി ഓരോ സാരികളും മാറി മാറി വെച്ചുനോക്കി. രഘുവേട്ടന് ഇഷ്ടപ്പെട്ട ഈ കളർ തന്നെ ആവട്ടെ എന്നും പറഞ്ഞു അവൾ ഒന്നെടുത്തു ഉടുത്തു.. കള്ളൻ സാരിയാണത്രെ ഇഷ്ടം.. എന്നിട്ടോ സാരി ഉടുപ്പിക്കുകയും പിന്നെ വീഡിയോ കാൾ വിളിക്കുമ്പോൾ ആ സാരിയുടെ തല അങ്ങോട്ട് മാറ്റിക്കെ ഇങ്ങോട്ട് മാറ്റിക്കെ എന്നൊക്കെ പറഞ്ഞു തന്റെ ഉടലാഴങ്ങളിലേക്ക് പ്രണയത്തിന്റെ ചുംബനങ്ങൾ പതിപ്പിച്ചു തന്നെ നാണിപ്പിക്കും. അവളുടെ ഉടലൊന്നു വിറച്ചു. ചുണ്ടിൽ കള്ള ചിരിയും മിഴികളിൽ നാണവും വിരിഞ്ഞു.. അവൾ അവളെത്തന്നെ കണ്ണാടിയിൽ നോക്കി ശ്ശോ ഒന്ന് പോ എന്നും പറഞ്ഞു.

"നിന്റെ കഴിഞ്ഞില്ലേ. നീ വരുന്നില്ലേ." അമ്മയുടെ ശബ്ദം കേട്ടാണ് അവൾ സ്വപ്നത്തിൽ നിന്ന് ഉണർന്നത്. "ദാ കഴിഞ്ഞു അമ്മേ" വീടുപൂട്ടി ഇറങ്ങുമ്പോൾ "അമ്മ നടന്നോ" "എന്തേ" "ഞാൻ ഗീതയുടെ കൂടെ വരാം." "ആ ന്നാ അമ്പലത്തിൽ വെച്ചു കാണാം." തന്റെ കളികൂട്ടുകാരി അയൽവാസി രഘുവേട്ടന്റെ കാര്യം അറിയുന്ന ഒരേ ഒരാൾ ഗീത മാത്രമാണ്. രഘുവേട്ടന്റെ വീടിനടുത്തേക്കാണ് ഗീതയെ കെട്ടിച്ചു വിട്ടിട്ടുള്ളത്.. ഉത്സവം കൂടാൻ വന്നതാണ് അവളും കുട്ടികളും. അപ്പോഴേക്കും ഗീത ഇടവഴിയിലൂടെ വരുന്നുണ്ടായിരുന്നു. തന്നെ കണ്ടതും "അല്ല ആള് ഒന്ന് മിനുങ്ങിയിട്ടുണ്ടല്ലോ" "ഒന്ന് പോടി." "ഉം... ഉം.. മനസ്സിലായി കാമുകനെ കാണാൻ പോവുന്ന ഒരുങ്ങൽ ലേ." അവളുടെ കൈയ്യിൽ ഒന്ന് നുള്ളി. "ഒന്ന് മിണ്ടാതിരി പെണ്ണേ..." "ഇന്ന് വരും ഉറപ്പാണോ.." "ഇന്നെത്തും ഉറപ്പ് ഇന്നലേയും വിളിച്ചിരുന്നു. രാവിലെ ഇറങ്ങും. വീട്ടിൽ പോയി ഒന്ന് ആളെ കാണിച്ചു വൈകുന്നേരത്തോടെ ഇങ്ങോട്ട് വരാം എന്ന് ഉറപ്പ് പറഞ്ഞിട്ടുണ്ട്.." "തന്നെ കൂട്ടിക്കൊണ്ടു പോവുമോ." "അതൊന്നും പറഞ്ഞിട്ടില്ല. എന്നാലും എന്തൊക്കെയോ പ്ലാൻ മനസ്സിലുണ്ട്.." "നീ നല്ലവളാണ്. നിന്റെ മനസ്സ് ഭഗവതി കാണാതിരിക്കില്ല." "മധുവേട്ടൻ വന്നില്ലേ ഗീതേ.." "ഇല്ല കടയടച്ചു വരാം എന്നാണ് പറഞ്ഞത്. കുട്ടികൾ അമ്മയുടെകൂടെ പോയി.." ദൂരെ ഉത്സവത്തിന്റെ മേളം കേട്ടുതുടങ്ങി വയൽ വരമ്പത്തൂടെ അവൾ ഒരു പൂമ്പാറ്റയുടെ മനസ്സുമായി നടന്നു നീങ്ങി.. തൊഴുതു മടങ്ങി ആൽത്തറക്ക് അരികിലേക്ക് നടക്കുമ്പോൾ ഗീതയുടെ ഒരു കള്ള ചിരി അവളെ നാണിപ്പിച്ചു ചിരിവരുത്തി.. സമയം ഇഴഞ്ഞു നീങ്ങി. സന്ധ്യ മാറി രാത്രി വന്നു ഇരുട്ടു മൂടി  തണുത്ത കാറ്റ് തന്നെ തഴുകി ഒഴുകുന്നു. അവൾ ഫോണിലേക്കും പാതയിലേക്കും മാറി മാറി നോക്കി.. എന്തായിത്ര നേരം ഇനിയും വരാൻ ആയില്ലേ. വരുന്നുണ്ടാവും. വിളിക്കാൻ നമ്പറും ഇല്ലാലോ. നാട്ടിൽ ഇറങ്ങിയാൽ അപ്പോ തന്നെ സിം എടുത്തു തന്നെ വിളിക്കാം എന്നാണ് പറഞ്ഞത്. ആ എന്തേലും തിരക്കിൽ ആവും. അതോ വരാതെ തന്നെ പറ്റിക്കുമോ. ഏയ് ഇല്ല രഘുവേട്ടൻ അങ്ങനെ ചെയ്യില്ല. വരില്ലേ വരും സമയം കടന്നുപോയി. ആളുകൾ മടങ്ങി തുടങ്ങി. 

പെട്ടെന്നാണ് ഗീത ഓടിവരുന്നത് കണ്ടത്. "എന്താ ഗീതേ.." "വാ നമുക്ക് വീട്ടിൽ പോവാം." "ഇല്ല രഘുവേട്ടൻ ഇപ്പോ വരും. കുറച്ചുകൂടെ കാക്കാം." "സമയം കുറെയായി ശാലിനി 'അമ്മ അന്വേഷിക്കുന്നുണ്ട്." "കുറച്ചൂടെ നോക്കട്ടെ." "വേണ്ട വാ പോവാം." "നീ പൊയ്ക്കോ. ഞാൻ രഘുവേട്ടൻ വന്നിട്ട് വരാം." "രഘുവേട്ടൻ വരില്ല. നീ വന്നേ നമുക്ക് വീട്ടിലേക്ക് പോവാം." അത് പറയുമ്പോൾ ഗീതയുടെ ശബ്ദം ഒന്ന് ഇടറിയിരുന്നോ എന്ന് സംശയം. "വരില്ലെന്നോ.. അതെന്താ അങ്ങിനെ പറഞ്ഞത്." ശാലിനി പകച്ചുകൊണ്ടു ഗീതയുടെ മുഖത്തേക്ക് നോക്കി. "അതേ വരില്ല.. നീ വീട്ടിലേക്ക് വാ" "ഇല്ല നീ പറ എന്താ വരില്ലെന്ന് പറയാൻ കാരണം." "അത്..." ഗീതയുടെ തൊണ്ട ഇടറി ശബ്ദം വിറച്ചു. "അത് പറയെടി" "വീട്ടിൽ പോയി പറയാം." "എന്താ കാര്യം പറയ്." "കട പൂട്ടി വരാം എന്നുപറഞ്ഞ ചേട്ടനെ ഉത്സവത്തിന് ഇനിയും കാണാത്തത് കൊണ്ട് ഞാൻ കുറച്ചു നേരത്തെ വിളിച്ചിരുന്നു." "എന്നിട്ട്.." "അത്.. അത്.." "പറയെടി.." "എയർപോർട്ടിൽ നിന്ന് വരുന്ന വഴി രഘുവേട്ടൻ സഞ്ചരിച്ച കാർ ഒരാക്സിഡന്റിൽ പെട്ടു.." "എന്നിട്ടോ രഘുവേട്ടന് ഒന്നും പറ്റിയില്ലാലോ." "അത് വാ നമുക്ക് വീട്ടിൽ പോയി സംസാരിക്കാം." "ഇല്ല പറ ഇവിടെ വെച്ചു പറ." ശാലിനിക്ക് തലചുറ്റുന്നത് പോലെ തോന്നി. "രഘുവേട്ടൻ പോയി.." ഒരു വെള്ളിടി പൊട്ടിയത് പോലെ ശാലിനിക്ക് തോന്നി.. ആരോ തന്റെ തലയിലേക്ക് പ്രഹരിക്കുന്നത് പോലെ... കുഴയുന്നു കാലുകൾ.. തളരുന്നു ഉടൽ കേട്ടത് വിശ്വസിക്കാൻ ആവാത്തത് പോലെ. മങ്ങിത്തുടങ്ങിയ കണ്ണുകൾ കൊണ്ടു വീണ്ടും ചോദ്യഭാവത്തിൽ ഗീതയെ നോക്കി. "സത്യമാണ് സംഭവ സ്ഥലത്ത് വെച്ചുതന്നെ രഘുവേട്ടൻ പോയി.." പിന്നെയൊന്നും അവൾ കേട്ടില്ല മണ്ണിലേക്ക് ഉടൽ കുഴഞ്ഞു അവൾ വീഴുമ്പോൾ കൈയ്യിൽ ചുരുട്ടിപിടിച്ച കടലാസുപൊതിയിൽ നിന്ന് വളപ്പൊട്ടുകൾ ഉതിർന്നു വീഴുന്നുണ്ടായിരുന്നു..

English Summary:

Malayalam Short Story ' Valappottukal ' Written by Sudheer Thottiyan Mulla

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com