വരുന്നു, സണ്ണി വെയ്ൻ വാരം

Mail This Article
യുവതാരം സണ്ണി വെയ്ൻ നായകനാകുന്ന മൂന്നു സിനിമകളാണ് അടുത്ത വാരം ടെലിവിഷൻ, ഒടിടി റിലീസ് ആയി പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നത്. സണ്ണി വെയ്ൻ അഭിനയിച്ച ചതുർമുഖം, അനുഗ്രഹീതൻ ആന്റണി, സാറാസ് എന്നീ ചിത്രങ്ങളാണ് അടുത്ത വാരം റിലീസ് ചെയ്യുക. മലയാളത്തിലെ സൂപ്പർ നായികമാരോടൊപ്പമാണ് ഈ മൂന്നു സിനിമകളിലും സണ്ണി വെയ്ൻ അഭിനയിക്കുന്നത് എന്നൊരു പ്രത്യേകത കൂടിയുണ്ട്.
അന്ന ബെന്നിനെ നായികയായി ജൂഡ് ആന്റണി സംവിധാനം ചെയ്യുന്ന സാറാസ് ആണ് തിങ്കളാഴ്ച (ജൂലൈ അഞ്ചിന്) റിലീസിനെത്തുന്ന ആദ്യ സണ്ണി വെയ്ൻ ചിത്രം. ആമസോൺ പ്രൈമിലൂടെയാണ് ചിത്രം പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നത്. ഈ മാസം ഒന്നിന് പുറത്തുവിട്ട സാറാസിന്റെ ട്രെയിലറിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. അനുഗ്രഹീതൻ ആന്റണി ജൂലൈ എട്ടിനും ചതുർമുഖം ജൂലൈ ഒൻപതിനുമാണ് റിലീസ് ചെയ്യുന്നത്.
96 ഫെയിം ഗൗരി കിഷൻ നായികയാകുന്ന അനുഗ്രഹീതൻ ആന്റണി പ്രേക്ഷകർക്ക് മുന്നിലെത്തുന്നത് ആമസോണ്‍ പ്രൈമിലൂടെയും മഴവിൽ മനോരമയിലൂടെയാണ്. പ്രിൻസ് ജോയ് ഒരുക്കിയ ഈ ചിത്രത്തിൽ ടൈറ്റിൽ കഥാപാത്രമായാണ് സണ്ണി വെയ്ൻ അഭിനയിക്കുന്നത്. ഫാന്റസിയും പ്രണയവും നർമ്മവും കൂടിച്ചേരുന്ന ഈ ചിത്രത്തിലൂടെ സണ്ണി വെയ്ൻ പ്രേക്ഷകരുടെ പ്രിയങ്കരനാകുമെന്നത് ഉറപ്പാണ്. ഏപ്രിൽ ഒന്നിന് ചിത്രം തിയറ്ററുകളിലെത്തിയപ്പോഴും മികച്ച പ്രതികരണം സ്വന്തമാക്കിയിരുന്നു.
ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാരിയരോടൊപ്പമാണ് സണ്ണി വെയ്ൻ ചതുർമുഖം എന്ന ചിത്രത്തിൽ അഭിനയിച്ചത്. നായികാപ്രാധാന്യമുള്ള ഈ ചിത്രത്തിൽ മഞ്ജുവിനോടൊപ്പം തന്നെ പ്രധാനപ്പെട്ട വേഷത്തിലാണ് ഈ യുവതാരം എത്തുന്നത്. രഞ്ജീത് കമല ശങ്കറും സലിൽ വിയും ചേർന്ന് സംവിധാനം ചെയ്ത ഈ ഹൊറർ ചിത്രം ജൂലൈ ഒൻപതിന് സീ 5 പ്ലാറ്റ്ഫോമിലൂടെ പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നു. ഏപ്രിൽ മാസം തിയറ്ററിൽ എത്തിയ ചിത്രം കോവിഡിന്റെ രണ്ടാം തരംഗത്തോടെ തിയറ്ററുകളിൽ നിന്നും പിൻവലിച്ചിരുന്നു.