ഒരു തയാറെടുപ്പുമില്ല, സീൻ പേപ്പറുമില്ല: സൂര്യ ‘റോളക്സ്’ ആയത് ഇങ്ങനെ
Mail This Article
ഒരു തയാറെടുപ്പുകളുമില്ലാതെയാണ് റോളക്സ് എന്ന കഥാപാത്രമായതെന്ന് നടന്‍ സൂര്യ. ഷൂട്ടിങ്ങിന്റെ അന്ന് രാവിലെയാണ് സ്ക്രിപ്റ്റ് പോലും കിട്ടുന്നത്. എന്താണ് ചെയ്യേണ്ടതെന്ന് സ്ക്രിപ്റ്റില്‍ എഴുതിയിരുന്നില്ല. കഥാസന്ദര്‍ഭത്തെക്കുറിച്ച് വ്യക്തമായിരുന്നു. അവിടെവച്ച് കാന്‍ഡിഡ് ആയി ചെയ്ത കാര്യങ്ങള്‍ക്കാണ് സ്ക്രീനില്‍ കിട്ടിയ കയ്യടിയൊക്കെയും എന്ന് താരം വെളിപ്പെടുത്തുന്നു.
‘‘റോളക്സ് ചെയ്യുമ്പോൾ അന്ന് രാവിലെയായിട്ടും സീൻ പേപ്പർ ലഭിച്ചിരുന്നില്ല. നെഗറ്റീവ് ഷെയ്ഡ് കഥാപാത്രമാണെന്നറിയാം. കമൽസാറിന്റെയും വിജയ് സേതുപതിയുടെയും റോളുകളെക്കുറിച്ചും ഏകദേശ ധാരണ ഉണ്ടായിരുന്നു. സിനിമയുടെ അവസാനം ഒരു രണ്ട് മിനിറ്റാണ് എന്റെ ഭാഗമുള്ളതെന്നും അറിയാം.
പകുതി ദിവസം മാത്രമാണ് ഷൂട്ട് ഉണ്ടായിരുന്നത്. ഒരു തയാറെടുപ്പുമില്ലാതെയാണ് ആ കഥാപാത്രമായത്. ലൈറ്റിങും ക്യാമറയും റെഡിയാക്കി വച്ചപ്പോഴാണ് ഡയലോഗ് എനിക്കു ലഭിക്കുന്നത്. ഇതാണ് ഡയലോഗ് ഇങ്ങനെയാണ് ചെയ്യേണ്ടത്, വേണമെങ്കിൽ മേശയുടെ പുറത്ത് കയറി നടക്കാം. അങ്ങനെ പല കാര്യങ്ങളും ലോകേഷും പറഞ്ഞു തന്നു.
സിനിമയില്‍ ഞാന്‍ എനിക്കുവേണ്ടിയുണ്ടാക്കിയ നിയമങ്ങള്‍ പോലും റോളക്സിനായി മാറ്റിവയ്ക്കേണ്ടി വന്നു. 20 വര്‍ഷത്തോളമായി ഞാന്‍ സ്ക്രീനില്‍ പോലും സിഗരറ്റ് തൊട്ടിട്ടില്ല. എന്നാല്‍ റോളക്സ് ഒരു വില്ലനാണ്. റോളക്സിന്‍റെ ലോകം എങ്ങനെയുള്ളതായിരിക്കും എന്ന് ഞാന്‍ മനസ്സില്‍ ആലോചിച്ചു. ഷൂട്ട് തുടങ്ങുന്നതിനു തൊട്ടുമുന്‍പ് ഒരു സിഗരറ്റ് വേണമെന്ന് പറഞ്ഞു. റോളക്സ് എങ്ങനെ പെരുമാറും എന്ന് മനസ്സില്‍ കണ്ടാണ് അഭിനയിച്ചത്.
ഉച്ചയ്ക്ക് മുന്‍പ് ഷൂട്ട് തീര്‍ക്കണം. കമല്‍ഹാസന്‍ സര്‍ അന്ന് മൂന്നുമണിയോടെ സെറ്റിലേക്ക് വരും. അദ്ദേഹം വരുന്നതിനു മുന്‍പ് ഷൂട്ട് തീര്‍ത്ത് വസ്ത്രം മാറി നില്‍ക്കണം എന്നതുമാത്രമായിരുന്നു മനസ്സില്‍. അദ്ദേഹത്തിന്‍റെ മുന്നില്‍ എനിക്ക് അഭിനയിക്കാന്‍ കഴിയില്ല എന്നതു തന്നെ കാര്യം. ലോകേഷ് സെറ്റ് ചെയ്ത മൂഡ് ആകും ഈ കഥാപാത്രമാകാൻ എന്നെ പ്രേരിപ്പിച്ചത്. ഒരുപാട് നാളുകളായി കമൽസാറിനൊപ്പം ഒരു സിനിമ ചെയ്യണമെന്നാഗ്രഹമുണ്ടായിരുന്നു. കുറേ കാരണങ്ങളാൽ അത് നടന്നില്ല. അതും റോളക്സ് ആകാൻ ഒരു കാരണമാണ്.’’ എന്നാണ് സൂര്യ ഒരു അഭിമുഖത്തില്‍ പറഞ്ഞിരിക്കുന്നത്.’’–ഹോളിവുഡ് റിപ്പോർട്ടറിനു നൽകിയ അഭിമുഖത്തിൽ സൂര്യ പറഞ്ഞു.