‘അമ്മ’യെ തകർത്തത് ഇടവേള ബാബു, അഭിനേതാക്കൾക്കു പകരം ബിസിനസ്സുകാർ അംഗങ്ങളായി: ആലപ്പി അഷ്റഫ്
Mail This Article
താരസംഘടനയായ അമ്മയുടെ തകർച്ചയ്ക്കു കാരണം തലപ്പത്തിരുന്നവരുടെ നീതിയില്ലായ്മയും കെടുകാര്യസ്ഥതയുമാണെന്ന് സംവിധായകൻ ആലപ്പി അഷ്‌റഫ്. ‘അമ്മ’യുടെ ജനറൽ സെക്രട്ടറി ആയിരുന്ന ഇടവേള ബാബു സ്വന്തം കുടുംബ സ്വത്തു പോലെയായിരുന്നു സംഘടനയെ കണ്ടിരുന്നതെന്ന് ആലപ്പി അഷറഫ് പറയുന്നു. സിനിമകളിൽ ചെറിയ വേഷങ്ങൾ ചെയ്ത താരങ്ങൾ ‘അമ്മ’യിലെ അംഗത്വത്തിനായി കാത്തു നിൽക്കുമ്പോൾ വൻ തുക വാങ്ങി ബിസിനസ്സുകാർക്കുൾപ്പടെ ഉള്ളവർക്ക് അംഗത്വം നൽകിയിരുന്നെന്ന് അദ്ദേഹം ആരോപിച്ചു. നടിമാർക്കാണെങ്കിൽ പണമില്ലെങ്കിലും മറ്റു അഡ്ജസ്റ്റമെന്റുകൾക്ക് തയാറുണ്ടെങ്കിൽ മെമ്പർഷിപ്പ് കൊടുക്കാം എന്ന് സോഷ്യൽ മീഡിയയിലൂടെ പലരും വിളിച്ചു പറഞ്ഞിരുന്നുവെന്നും അഷ്‌റഫ് പറയുന്നു.
ഇടവേള ബാബു അതിജീവിതയ്ക്കെതിരെ ‘മരിച്ചതിനു തുല്യമായ വ്യക്തി’ എന്ന പരാമർശം നടത്തിയത് പാർവതി തിരുവോത്ത് പോലെയുള്ള താരങ്ങളെ വേദനിപ്പിച്ചെന്നും പാർവതിയെപ്പോലെ സ്വാർഥതയില്ലാത്ത കഴിവുള്ള താരങ്ങൾ സംഘടനയുടെ തലപ്പത്തേക്കു വരേണ്ടത് അത്യാവശ്യമാണെന്നും ആലപ്പി അഷ്റഫ് പറയുന്നു. ഹേമ കമ്മറ്റി റിപ്പോർട്ട് പുറത്തുവന്നതോടെ സംഘടനയുടെ നേതൃത്വത്തിൽ ഉള്ളവർക്കെതിരെ വരെ പരാതികൾ ഉയർന്നു വന്നപ്പോൾ കെട്ടുറപ്പുള്ള ഒരു കമ്മറ്റി ഇല്ലാത്തതുകൊണ്ടാണ് ‘അമ്മ’ എന്ന സംഘടന തകർന്നുപോയതെന്നും സംഘടന ഇത്തരത്തിൽ അധഃപതിക്കാൻ കാരണം ഇടവേള ബാബുവിന്റെ അധാർമിക പ്രവർത്തികളാണെന്നും തുറന്നു പറയുകയാണ് സ്വന്തം യൂട്യൂബ് ചാനലിലൂടെ ആലപ്പി അഷ്റഫ്.
ആലപ്പി അഷ്റഫിന്റെ വാക്കുകള്‍:
‘‘ഹേമ കമ്മിറ്റി റിപ്പോർട്ട് വെളിയിൽ വന്നപ്പോൾ അതിൽ നിന്നുണ്ടായ ഇടിമിന്നലേറ്റ് മേൽക്കൂര തകർന്ന സംഘടനയാണ് ‘അമ്മ’ എന്ന താരസംഘടന. ആ തകർച്ചയിൽ നിന്നും ഉയർത്തെഴുന്നേൽക്കാനായി ‘അമ്മ’ അടുത്ത മാസം ഒരു കുടുംബസംഗമം സംഘടിപ്പിക്കുന്നുണ്ട്. മമ്മൂട്ടിയും മോഹൻലാലും സുരേഷ് ഗോപിയും ഒക്കെ മുന്നിൽ നിന്നും നയിക്കുമെന്നാണ് സൂചന നൽകുന്നത്. വളരെ നല്ല കാര്യം. മാത്രമല്ല വളരെ പ്രതീക്ഷയും നൽകുന്നതാണ്. അതുകൊണ്ട് ഈ എപ്പിസോഡ് നമുക്ക് അതെക്കുറിച്ച് ആവാം. ഒരു സംഘടന നല്ല രീതിയിൽ നിലനിൽക്കണമെങ്കിൽ കെട്ടുറപ്പുള്ളതാകണമെങ്കിൽ അടിസ്ഥാനപരമായി വേണ്ടത് അതിന്റെ നേതൃസ്ഥാനത്തുള്ളവർ നീതിബോധമുള്ളവരും നിർഭയരും നിഷ്പക്ഷരും സത്യസന്ധരും ആയിരിക്കണം.
ആ ആളുകളുടെ പ്രവൃത്തിയിൽ ധാർമികതയും ഉണ്ടായിരിക്കണം. അത്തരത്തിലുള്ള ആളുകൾ ആയിരിക്കണം ഇനി വരേണ്ടത്. അങ്ങനെ വരുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. നിർഭാഗ്യം എന്നു പറയട്ടെ ഈ പറഞ്ഞ ഗുണങ്ങൾ ഒന്നും തൊട്ടുതീണ്ടിയിട്ടില്ലാത്ത ചിലർ സംഘടനയുടെ തലപ്പത്ത് കയറിക്കൂടിയതാണ് സംഘടനയുടെ ഇന്നത്തെ പതനത്തിനുള്ള പ്രധാന കാരണം. സിനിമാക്കാരുടെയും പൊതുസമൂഹത്തിന്റെയും വിശ്വാസവും അതുതന്നെയാണ്. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നപ്പോൾ നേതൃത്വനിരയിൽ ഉള്ളവരും അല്ലാത്തവരുമായ ചിലരുടെയൊക്കെ പേരിൽ നിലനിൽക്കുന്നതും നിലനിൽക്കാത്തതുമായ പീഡന കേസുകൾ വന്നതോടുകൂടി പൊതുസമൂഹത്തിൽ സംഘടനയ്ക്ക് അവമതിപ്പ് നേടിക്കൊടുത്തു എന്നുള്ളത് ഒരു യാഥാർഥ്യം കൂടിയാണ്.
അഞ്ഞൂറോളം പേരുള്ള സംഘടനയിൽ പത്തോ പതിനഞ്ചോ പേർ പ്രശ്നം സൃഷ്ടിച്ചാൽ അവരെ നിർദാക്ഷിണ്യം ഒഴിവാക്കിക്കൊണ്ട് സംഘടനയെ നയിക്കാൻ തക്കവണ്ണം പ്രാപ്തരായവരെ നേതൃസ്ഥാനത്തേക്ക് കൊണ്ടുവന്നിരുന്നെങ്കിൽ ‘അമ്മ’യ്ക്ക് ഇപ്പോൾ മുഖത്തേറ്റ കളങ്കം കുറച്ചെങ്കിലും തുടച്ചു മാറ്റാമായിരുന്നു. ‘അമ്മ’യുടെ അംഗമായ അതിജീവിതയ്ക്കൊപ്പം നിൽക്കേണ്ട സംഘടനയെ വേട്ടക്കാരനോടൊപ്പം നിൽക്കാൻ പ്രേരിപ്പിച്ചപ്പോൾ ഈ സംഘടനയിൽ നിന്നും തനിക്കൊരിക്കലും നീതി ലഭിക്കില്ല എന്ന് മനസ്സിലാക്കിയ അതിജീവിത രാജിവെച്ച് പുറത്തുപോയി. അവരോടൊപ്പം തിരിച്ചറിവുള്ള ചില നടിമാരും. വളരെ വർഷങ്ങൾക്കു മുമ്പ് മോഹൻ സംവിധാനം ചെയ്ത ‘ഇടവേള’ എന്ന ചിത്രത്തിൽ ഞാനും ഒരു ഡബ്ബിങ് ആർട്ടിസ്റ്റ് ആയിട്ട് പങ്കെടുത്തിരുന്നു. ആ ചിത്രത്തിലെ ഒരു പ്രധാന വേഷം ചെയ്ത ഒരു ചെറിയ പയ്യനായിരുന്നു ബാബു. ഞാൻ ഡബ്ബിങ് തിയറ്ററിൽ എത്തുമ്പോൾ ആ പയ്യൻ ഇന്നസെന്റിനോടൊപ്പം അവിടെ ഇരിപ്പുണ്ടായിരുന്നു. ‘ഇടവേള’ എന്ന സിനിമ ഹിറ്റ് ആയില്ലെങ്കിലും മറ്റ് വലിയ വേഷങ്ങൾ ചെയ്ത് ശ്രദ്ധ നേടിയില്ലെങ്കിലും ഇന്നസെന്റുമായുള്ള ബന്ധം ആ പയ്യനെ ‘അമ്മ’ എന്ന സംഘടനയുടെ നേതൃത്വത്തിൽ വരെ എത്തിച്ചു.
പിന്നീട് ‘അമ്മ’ എന്ന സംഘടനയിൽ ഇടവേള ബാബുവിന്റെ ഒരു പൂണ്ടു വിളയാട്ടമായിരുന്നു. അതിനുശേഷം ഗണേഷ്കുമാർ സിനിമാ മന്ത്രിയായിരിക്കുമ്പോൾ ഇടവേള ബാബുവിനെ കെഎസ്എഫ്ഡിസി വൈസ് ചെയർമാനായി നിയമിക്കുന്നു. ഇല്ലാത്ത ഒരു പോസ്റ്റ് സൃഷ്ടിച്ചാണ് ആ നിയമനം. അവിടെ തിയറ്റർ ചാർട്ടിങ് ആയിരുന്നു ബാബുവിന്റെ പ്രധാന ജോലി. കെഎസ്എഫ്ഡിസിക്ക് 10-13 നല്ല തിയേറ്ററുകൾ കേരളത്തിൽ അങ്ങോളം ഇങ്ങോളം ഉണ്ട്. അതിൽ നല്ല കലക്‌ഷൻ കിട്ടുന്ന തിയറ്ററുകളിൽ ചിത്രങ്ങൾ കളിക്കണമെങ്കിൽ ബാബുവിന്റെ അനുവാദം കൂടിയേ തീരൂ. തിയറ്റർ ഉടമ കൂടിയായ ലിബർട്ടി ബഷീർ ഒരിക്കൽ ചാനലിലൂടെ പറയുന്നത് കേട്ടു, ആ തിയറ്ററുകളിൽ ഡേറ്റ് കിട്ടണമെങ്കിൽ, ചിത്രങ്ങൾ കളിക്കണമെങ്കിൽ ബാബുവിന് കൈക്കൂലി കൊടുത്തേ പറ്റൂ എന്ന്. ഈ വിഷയവുമായി ബന്ധപ്പെട്ട് മണിയൻ പിള്ള രാജു പറയുന്നതാണ് കുറച്ചുകൂടി രസകരം. കുറച്ചുനേരത്തേക്ക് വാഹനങ്ങൾ തടയാൻ അധികാരം കിട്ടുമ്പോൾ ഈ റോഡ് പണിക്കാർ കാണിക്കുന്ന സ്വഭാവമാണ് ബാബുവിന്റേതെന്നാണ് മണിയൻ പിള്ള രാജു പറയുന്നത്. ചെറുകിട സിനിമാക്കാർക്ക് സർക്കാരിന്റെ കീഴിലുള്ള തിയേറ്ററുകളിൽ സിനിമ പ്രദർശിപ്പിക്കാനുള്ള അവസരം ബാബു നിഷേധിക്കുകയാണ് ഉണ്ടായതെന്നും മണിയൻ പിള്ള ആക്ഷേപം ഉന്നയിച്ചു. പിന്നീട് ഗണേഷ്കുമാർ പറയുന്നു തനിക്ക് പറ്റിയ ഒരു അബദ്ധമാണ് ബാബുവിന് ആ പോസ്റ്റ് കൊടുത്തതെന്ന്.
ഇനി എന്റെ ഒരു അനുഭവം ഞാൻ നിങ്ങളുടെ മുമ്പിൽ പങ്കുവയ്ക്കാം. 15 വർഷങ്ങൾക്കു മുമ്പ് ഞാൻ ‘അമ്മ’യിലെ മെമ്പർഷിപ്പിനായുള്ള അപേക്ഷ പൂരിപ്പിച്ച് ബാബുവിന്റെ കയ്യിൽ നേരിട്ട് കൊടുത്തിരുന്നു. കുറെനാൾ കഴിഞ്ഞ്, എന്തായി ബാബു എന്ന് ഞാൻ ചോദിച്ചപ്പോൾ എനിക്ക് അതിനുള്ള യോഗ്യതയില്ല എന്നുള്ള രീതിയിലാണ് ബാബു മറുപടി പറഞ്ഞത്. എന്നാൽ അതേസമയം തന്നെ ദുബായിലുള്ള വലിയൊരു ബിസിനസ്മാൻ ആയ എന്റെ ഒരു ഫ്രണ്ട് പെട്ടെന്ന് നാട്ടിലെത്തുന്നു. നാട്ടിലെത്തിയ അദ്ദേഹത്തോട് പെട്ടെന്ന് വരാനുള്ള കാരണം തിരക്കിയപ്പോൾ അദ്ദേഹം പറഞ്ഞു ‘അമ്മ’യുടെ ജനറൽ ബോഡി ഉണ്ടെന്ന്. അവിടെ ആരെ കാണാൻ ആണ് താങ്കൾ വന്നത് എന്ന് ചോദിച്ചപ്പോൾ ആരെയും കാണാനല്ല, ഞാൻ ‘അമ്മ’യുടെ ജനറൽ ബോഡിയിൽ പങ്കെടുക്കാൻ വേണ്ടി വന്നതാണ്, ‘അമ്മ’യുടെ മെമ്പർ ആണെന്ന് അദ്ദേഹം പറഞ്ഞു. അദ്ഭുതത്തോടെ അദ്ദേഹത്തോട് ചോദിച്ചു, ഇത് താരങ്ങൾക്കുള്ള സംഘടനയല്ലേ ബിസിനസ്സുകാർക്കുള്ള സംഘടന അല്ലല്ലോ എന്ന്. അപ്പോൾ അദ്ദേഹം പറഞ്ഞു, ദുബായിൽ വച്ചു ഷൂട്ട് നടന്ന ഒരു ചിത്രത്തിൽ എന്നെയും ഇടയ്ക്ക് പിടിച്ചു നിർത്തി, എനിക്ക് ബാബു മെമ്പർഷിപ്പും വാങ്ങിത്തന്നു. അതിന് എത്ര രൂപ ചെലവായി എന്ന് ഞാൻ തമാശ രീതിയിൽ ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞു കാശ് മുടക്കാതെ ഇതുവല്ലതും പറ്റുമോ എന്ന്.
കാശ് മുടക്കിയാൽ അല്ലേ മോഹൻലാലിന്റെയും മമ്മൂട്ടിയുടെയും ഒക്കെ ഒപ്പം നമുക്ക് ഇരിക്കാൻ പറ്റുകയുള്ളൂ എന്നും അദ്ദേഹം പറഞ്ഞു. ബാബു ഒരു പാവമാണ് എന്നെപ്പോലെ ഒരുപാട് പേർക്ക് ബാബു ഇതുപോലെ സഹായം ചെയ്തു കൊടുത്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പാർവതി തിരുവോത്ത് ഒരിക്കൽ പറയുകയുണ്ടായി, ‘അമ്മ’യുടെ മീറ്റിങ്ങിൽ ജീവിതത്തിൽ സിനിമയിൽ കണ്ടിട്ടില്ലാത്ത ഒരുപാട് പേർ ഇരിക്കുന്നത് ഞാൻ കണ്ടു എന്ന്. അതുപോലെതന്നെ ‘അമ്മ’യുടെ നേതൃത്വത്തിലുള്ള സെലിബ്രിറ്റി ക്രിക്കറ്റ് ടീമിലും കോടീശ്വരന്മാരുടെ പല മക്കളും അംഗങ്ങളായിട്ടുണ്ട്. അതിലൊരാൾ എന്നോട് പറയുകയുണ്ടായി എനിക്ക് അത് വാങ്ങിത്തന്നത് ബാബുവാണ്. ബാബു നല്ലൊരു മനുഷ്യനാണെന്നൊക്കെ. ഞാൻ ചോദിച്ചു നല്ല ചെലവായി കാണുമല്ലോ ? ‘ചെലവായാൽ എന്താണ്, മോഹൻലാലിന്റെയും മമ്മൂട്ടിയുടെയും ഒക്കെ കൂടെ ക്രിക്കറ്റ് കളിക്കാലോ എന്ന്’ അയാളുടെ മറുപടി.
ഞാൻ തിരിച്ചു ചോദിച്ചു, നിങ്ങൾ ക്രിക്കറ്റ് കളിച്ചോ? ‘ഇല്ല ഞങ്ങളെയൊക്കെ അവിടെ മാറ്റി നിർത്തും. അങ്ങനെ നിരവധി പേര്‍ ക്രിക്കറ്റ് ടീമിലും ഉണ്ട്’– അദ്ദേഹം പറഞ്ഞു. ഇവിടെയാണ് ഞാൻ ആദ്യം പറഞ്ഞതിന്റെ പ്രസക്തി. നേതൃസ്ഥാനത്തുള്ളവർക്ക് നീതിബോധവും ധാർമികതയും സത്യസന്ധതയും ഉണ്ടായിരിക്കണം എന്നുള്ളത്. എന്നാൽ സിനിമയിൽ ചെറുതും വലുതുമായ ഒരുപാട് വേഷങ്ങൾ അഭിനയിച്ച നടീനടന്മാർ ബാബുവിന് അപേക്ഷയും സമർപ്പിച്ച് ബാബുവിന്റെ കരുണയ്ക്കായി കാത്തിരിപ്പുണ്ടായിരുന്നു. ബാബുവിന്റെ ഇത്തരം അധാർമിക പ്രവർത്തിക്കെതിരെ ഒരു ചെറുവിരൽ പോലും ആരും അനക്കിയിട്ടുമില്ല. ഇനി നടിമാർക്കാണെങ്കിൽ പണമില്ലെങ്കിലും മെമ്പർഷിപ്പ് കൊടുക്കാം. മറ്റു ചില സഹായസഹകരണങ്ങൾ ബാബു പ്രതീക്ഷിക്കുന്നുണ്ടെന്നും അങ്ങനെ ചെയ്താൽ മെമ്പർഷിപ്പ് കൊടുക്കാം എന്നുള്ളത് സോഷ്യൽ മീഡിയയിലൂടെ പലരും വിളിച്ചു പറയുന്നത് നമ്മൾ കേട്ടതാണല്ലോ.
ഇതിനിടെ ഗണേഷ്കുമാറിന്റെ പ്രസ്താവനയും വന്നു. ഇടവേള ബാബു പാലുകൊടുത്ത കൈക്കിട്ട് തന്നെ കൊത്തി എന്നുള്ളതായിരുന്നു ഗണേഷ്കുമാറിന്റെ ആക്ഷേപം. പീഡനക്കേസിൽ ഉൾപ്പെട്ട നടനെ ‘അമ്മ’യിൽ നിന്നും പുറത്താക്കാത്തതെന്തെന്നായിരുന്നു ഗണേഷ്കുമാറിന്റെ ചോദ്യം. ‘അമ്മ’യുടെ എക്സിക്യൂട്ടീവ് അംഗങ്ങളിൽ ആരൊക്കെയോ പണം വാങ്ങിയിട്ടാണ് നടനെ തൽസ്ഥാനത്ത് നിലനിർത്തിയിരിക്കുന്നതെന്നും ആ വെളിപ്പെടുത്തലിന്റെ നിജസ്ഥിതി കൂടി അറിയണമെന്ന് ഗണേഷ്കുമാർ ‘അമ്മ’ പ്രസിഡന്റിനോട് ആവശ്യപ്പെട്ടു. അതിന് ഗണേഷ്കുമാറിനുള്ള മറുപടിയുമായി ഫെയ്സ്ബുക് പോസ്റ്റിലൂടെ ഇടവേള ബാബു രംഗപ്രവേശനം ചെയ്തു. ‘അമ്മ’ ഒരു ക്ലബ്ബാണെന്നും അതുപോലെതന്നെ നടൻ പല ക്ലബ്ബിലെയും മെമ്പർ ആണെന്നും ക്ലബ്ബിന്റെ അർഥം അറിയാത്തവരാണ് ഇങ്ങനെയൊക്കെ സംസാരിക്കുന്നതും എന്നൊക്കെയായിരുന്നു ഇടവേള ബാബു വേട്ടക്കാരന് വേണ്ടി ബാലിശമായി മറുപടി പറഞ്ഞത്. വളരെ ഗൗരവമേറിയ ഒരു വിഷയം സംസാരിക്കുമ്പോൾ അയാൾ എന്നെ ക്ലബ്ബിന്റെ അർത്ഥം പഠിപ്പിക്കാൻ വരികയാണ്, എന്താ ചെയ്യുക എന്നായിരുന്നു ഗണേഷിന്റെ മറുപടി. ഗണേഷ്കുമാർ കുറച്ചുകൂടി കളിയാക്കി പറയുന്നു, ‘‘നമ്മൾ ചർച്ച ചെയ്യുന്നത് ഇടവേള ബാബുജി ഗ്രന്ഥശാലയെ കുറിച്ചല്ല ഇടവേള ബാബുജി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിനെ കുറിച്ചല്ല. നമ്മൾ ചർച്ച ചെയ്യുന്നത് അമ്മ എന്ന സംഘടനയുടെ അംഗങ്ങളുടെ ക്ഷേമത്തെ കുറിച്ചാണ്’’. ‘അമ്മ’ ഇടവേള ബാബുവിന്റെ പ്രൈവറ്റ് പ്രോപ്പർട്ടി ആയിട്ടാണ് കരുതിയിരിക്കുന്നത് എന്നുള്ള ആക്ഷേപവും ഗണേഷ്കുമാർ പറയുകയുണ്ടായി. ‘അമ്മ’ എന്ന സംഘടന ഒരു ക്ലബ്ബാണെങ്കിൽ ഇനി ആ ക്ലബ്ബിൽ താൻ തുടരുന്നില്ല എന്ന് പറഞ്ഞ് ഗണേഷ്കുമാർ രാജിവച്ച് പുറത്തു പോവുകയും ചെയ്തു.
ഇതിനിടെ നടനും സംവിധായകനുമായ വിനീത് ശ്രീനിവാസനെതിരെ ഇടവേള ബാബു മറ്റൊരു വിഷയവുമായി രംഗത്തുവന്നു. മുകുന്ദനുണ്ണി എന്ന സിനിമയെ കുറിച്ച് ബാബു നടത്തിയ പരാമർശമായിരുന്നു വിഷയം. ബാബു ,മുകുന്ദനുണ്ണി എന്ന സിനിമ ഫുൾ നെഗറ്റീവ് ആണ്. പടം തുടങ്ങുമ്പോൾ തന്നെ ആരോടും നന്ദിയില്ല എന്ന കാർഡ് കാണിക്കുന്നു. അത് ബാബുവിനെ കൂടുതൽ ചൊടിപ്പിച്ചു. വീണ്ടും ഇടവേള ബാബു പറയുന്നു, നായിക അവസാനം പറയുന്ന ആ ലാംഗ്വേജ് ഡയലോഗുകൾ ഇവിടെ എനിക്ക് പറയാൻ പറ്റില്ല, അത്രയും മോശമാണ്. ഇതിനൊക്കെ സെൻസർ ബോർഡ് എങ്ങനെ സെൻസർ സർട്ടിഫിക്കറ്റ് കൊടുത്തു എന്നും! മുഴുനീള അശ്ലീലങ്ങളും സ്ത്രീ വിരുദ്ധതയും നിറഞ്ഞ പടങ്ങൾ ഇറങ്ങിയതൊന്നും പാവം ബാബു അറിഞ്ഞിട്ട് പോലുമില്ല.
അതിജീവിതയെ ഇടവേള ബാബു മരിച്ചുപോയവരോട് ഉപമിച്ചത് പാർവതി തിരുവോത്തിനെ വല്ലാതെ വേദനിപ്പിച്ചു. ചാനൽ പരിപാടിയിൽ അവതാരകൻ ചോദിക്കുന്നു ‘അമ്മ’ നിർമിക്കുന്ന 2020 പോലുള്ള സിനിമയിൽ അതിജീവിത ഉണ്ടാകുമോ എന്ന്. അതിനു മറുപടിയായിട്ട് ഇടവേള ബാബു പറയുന്നു, ‘‘മരിച്ചുപോയവർ തിരിച്ചുവരുമോ’. അതുപോലെ രാജിവച്ചുപോയവരും ഈ സിനിമയിൽ ഉണ്ടാവില്ല എന്ന് ബാബു ഏകാധിപതിയെ പോലെ അധികാരഭാവത്തിൽ പറഞ്ഞു. പാർവതി പറയുന്നു എന്റെ സുഹൃത്തുക്കൾ ഈ സംഘടനയിൽ നിന്ന് പിരിഞ്ഞുപോയപ്പോൾ ഞാൻ ഇതിനകത്ത് തുടരുന്നത് തകർന്നുകൊണ്ടിരിക്കുന്ന സിസ്റ്റത്തിനകത്ത് നിന്നുകൊണ്ട് അതിനെ നവീകരിക്കാൻ കുറച്ചുപേരെങ്കിലും വേണമെന്ന് തോന്നിയത് കൊണ്ടാണ്. പക്ഷേ സംഘടനയുടെ ജനറൽ സെക്രട്ടറി ഇടവേള ബാബുവിന്റെ അഭിമുഖം കണ്ടപ്പോൾ സംഘടനയിൽ എന്തെങ്കിലും മാറ്റം ഉണ്ടാകുമെന്നുള്ള പ്രതീക്ഷ ഞാൻ ഉപേക്ഷിച്ചു’’. സംഘടന തഴഞ്ഞ ഒരംഗത്തെ മരിച്ചുപോയ ഒരാളോട് താരതമ്യപ്പെടുത്തിക്കൊണ്ട് അയാൾ പറഞ്ഞ വെറുപ്പുളവാക്കുന്നതും ലജ്ജാവഹവുമായ വാക്കുകൾ ഒരിക്കലും തിരുത്താൻ ആവില്ല.
ഒരുപക്ഷേ ആലങ്കാരികമായി പറഞ്ഞതല്ലേ എന്ന് ബാബു പറയുന്നുണ്ടാവാം. പക്ഷേ, അത് വെളിവാക്കുന്നത് അയാളുടെ അറപ്പുളവാക്കുന്ന മനോഭാവത്തെയാണ്. അതുകൊണ്ട് അയാളോട് പുച്ഛം മാത്രമാണ്. നമ്മൾ ഓർക്കേണ്ടത് പാർവതി തിരുവോത്ത് ഒരിക്കലും അവർക്ക് വേണ്ടി സംസാരിച്ചിട്ടില്ല. അവർ എപ്പോഴും മറ്റുള്ളവർക്ക് വേണ്ടിയാണ് ശബ്ദം ഉയർത്തിയിട്ടുള്ളത്. അതുമൂലം അവർക്ക് ഒരുപാട് നഷ്ടങ്ങളും സൈബർ ആക്രമണങ്ങളും നേരിടേണ്ടി വന്നിട്ടുണ്ട്. അവർ മലയാളത്തിന് കിട്ടിയ നല്ലൊരു അഭിനേത്രിയും നിലപാടുകളുടെ രാജകുമാരിയുമാണ്. അവരെപ്പോലുള്ള ധീര വനിതകളെ ‘അമ്മ’യുടെ മുൻനിരയിൽ കൊണ്ടുവരണം. അല്ലെങ്കിൽ ‘അമ്മ’ എന്ന സംഘടന പൊതുസമൂഹത്തിന്റെ മുമ്പിൽ വെറുമൊരു ‘എ.എം.എം.എ’ ആയി മാറും.’’