ADVERTISEMENT

കൊടുങ്കാറ്റിനു തയാറെടുക്കാൻ ചൈനീസ് സർക്കാർ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കു നിർദേശം നൽകിത്തുടങ്ങി. ബാധ്യതകൾ കുന്നുകൂടിയ റിയൽ എസ്റ്റേറ്റ് കമ്പനി എവർഗ്രാൻഡെ പൊളിയാൻ പോകുന്നതിന്റെ തുടക്കമാണിതെന്നു നിരീക്ഷകർ കരുതുന്നു. ലക്കും ലഗാനുമില്ലാതെ വായ്പയെടുക്കുന്ന കമ്പനികൾക്കും അവയ്ക്ക് വായ്പയും നിക്ഷേപവും നൽകുന്നവർക്കും വലിയൊരു പാഠമാക്കി മാറ്റാനാണ് എവർഗ്രാൻഡെയുടെ പരാജയത്തിലൂടെ ചൈനീസ് സർക്കാർ ലക്ഷ്യമിടുന്നത്.

മാത്രമല്ല എവർഗ്രാൻഡെയുടെ ഓഹരികളുടെ ‘ഷോർട്സെല്ലിങ്’ വർധിച്ചിട്ടുമുണ്ട്. ഓഹരികൾ കടം വാങ്ങാനുള്ള നിരക്ക് 50% വർധിച്ചു. അതിനർഥം എവർഗ്രാൻഡെ ഓഹരികളുടെ വില ഇനിയും ഇടിയാൻ പോകുന്നെന്നാണ്. ഉടമകളിൽ നിന്ന് ഒരു കമ്പനിയുടെ ഓഹരികൾ കടം വാങ്ങി വിറ്റിട്ട് വിലയിടിയുമ്പോൾ വിപണിയിൽ നിന്നു വാങ്ങി ഉടമയ്ക്കു തിരികെ കൊടുക്കുന്നതാണ് ഷോർട്സെല്ലിങ്. വിദേശ നിക്ഷേപകർക്ക് ഒരു ബോണ്ടിന്റെ വാർഷിക പലിശ ഇനത്തിൽ 8.3 കോടി ഡോളർ (650 കോടി രൂപ) കൊടുക്കാനുള്ള അവസാന തീയതി കഴിഞ്ഞ് 30 ദിവസത്തെ സാവകാശ കാലാവധിയിലാണ് എവർഗ്രാൻഡെ. അതും നടന്നില്ലെങ്കിൽ രാജ്യാന്തര ഡിഫോൾട്ടറായി കമ്പനി പൊളിയും. കടക്കെണിയിലായ മറ്റ് അനേകം കമ്പനികൾ പൊളിയുന്ന തരംഗത്തിലേക്ക് അതു നയിച്ചേക്കാം. അങ്ങനെ വന്നാൽ ബാങ്കിങ് മേഖലയിൽ ശക്തമായി ഇടപെട്ട് സാമ്പത്തിക തകർച്ച ഒഴിവാക്കാനുള്ള പദ്ധതികളാണ് ചൈനീസ് സർക്കാർ ആസൂത്രണം ചെയ്യുന്നത്. ബാങ്കിങ് മേഖല സർക്കാരിന്റെ പൂർണ നിയന്ത്രണത്തിലുമാണ്.

എന്നാൽ ഫ്ലാറ്റുകൾ വാങ്ങാൻ പണം നൽകിയവർക്കു നഷ്ടം വരില്ലെന്ന സൂചനയും നൽകിയിട്ടുണ്ട്. ആത്യന്തികമായി നഷ്ടം സംഭവിക്കുന്നത് എവർഗ്രാൻഡെയിൽ വൻ തോതിൽ പണം ഇറക്കിയ സ്വദേശ–വിദേശ നിക്ഷേപകർക്കായിരിക്കും. അവരുടെ പണം തിരികെക്കിട്ടണമെന്നില്ല. അതോടെ ചൈനീസ് വിപണിയിൽ മൂലധന നിക്ഷേപം നടത്താനുള്ള ആത്മവിശ്വാസം കുറയും. ഈ സാധ്യതകളൊക്കെ സർക്കാർ മുന്നിൽ കാണുന്നുമുണ്ട്.

എവർഗ്രാൻഡെയുടെ പരാജയം സംഭവിച്ചാൽ ജപ്പാന്റെ വഴിയേ ചൈനീസ് സമ്പദ് വ്യവസ്ഥ പോകുന്ന സ്ഥിതി വരുമെന്നും വിദഗ്ധർ വിലയിരുത്തുന്നു. ഇതുപോലെ തന്നെ അമിതമായ ഋണബാധ്യത വന്ന ജാപ്പനീസ് കമ്പനികൾ വർഷങ്ങളോളം നീണ്ടു നിന്ന  മാന്ദ്യത്തിൽ വീണിരുന്നു. 

വളർച്ചാ നിരക്കും കാര്യമായി ഇടിഞ്ഞു. എങ്കിലും അതിരുവിട്ട മൂലധന ശക്തികളെ പിടിച്ചുകെട്ടി സാമ്പത്തിക അച്ചടക്കം നടപ്പിൽ വരുത്തുക എന്ന ചൈനീസ് പ്രസിഡന്റ് ഷി ജിൻ പിങിന്റെ പ്രഖ്യാപിത ലക്ഷ്യത്തിൽ മാറ്റം ഇല്ലെന്നാണു വിലയിരുത്തൽ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com