കെഎസ്ഇബിയിൽ കൂട്ട വിരമിക്കൽ; ജീവനക്കാരില്ലാത്ത പ്രതിസന്ധി രൂക്ഷമാകും

Mail This Article
തിരുവനന്തപുരം∙ രണ്ടു മാസത്തിനിടയിൽ കെഎസ്ഇബിയിൽ കൂട്ട വിരമിക്കൽ. മേയ് 31 വരെ, 1522 ജീവനക്കാർ വിരമിക്കും. ഇതോടെ ആവശ്യത്തിനു ജീവനക്കാരില്ലാത്ത പ്രതിസന്ധി രൂക്ഷമാകും. വിരമിക്കുന്നതിൽ മൂന്നിൽ രണ്ടുപേരും ഫീൽഡ് ജോലികൾ ചെയ്യുന്ന വർക്മെൻ വിഭാഗത്തിലെ ജീവനക്കാരാണ്. തസ്തികകളുടെ പുനഃസംഘടന പൂർത്തിയായ ശേഷം മാത്രം ഒഴിവുകൾ പിഎസ്‌സിക്കു റിപ്പോർട്ട് ചെയ്താൽ മതിയെന്ന പിടിവാശി കാരണം അയ്യായിരത്തിലധികം തൊഴിലവസരങ്ങളാണ് ഉദ്യോഗാർഥികൾക്കു നഷ്ടമാകുന്നത്.
ജീവനക്കാരുടെ എണ്ണം നിയന്ത്രിക്കണമെന്നു വൈദ്യുതി റഗുലേറ്ററി കമ്മിഷൻ നിർദേശിച്ചതിനെത്തുടർന്ന് കെഎസ്ഇബി പഠനം നടത്തി നൽകിയ ശുപാർശ പ്രകാരം 30,321 തസ്തികകൾക്ക് കമ്മിഷൻ അംഗീകാരം നൽകിയിരുന്നു. എന്നാൽ, വർഷങ്ങളായി ചുരുക്കം ഒഴിവുകൾ മാത്രം റിപ്പോർട്ട് ചെയ്തു പോകുന്നതിനാൽ കെഎസ്ഇബിയിലെ ജീവനക്കാരുടെ എണ്ണം ക്രമാതീതമായി കുറയുകയാണ്. ജീവനക്കാരെ തിരഞ്ഞെടുത്ത് ആവശ്യമായ പരിശീലനം നൽകി മുന്നോട്ടുപോയില്ലെങ്കിൽ ഭാവിയിൽ നേതൃനിരയിൽ ഉദ്യോഗസ്ഥക്ഷാമമുണ്ടാകാനുള്ള സാധ്യതയുണ്ട്. കഴിഞ്ഞ വർഷം ചില വിഭാഗങ്ങളിൽ ചീഫ് എൻജിനീയർ, ഡപ്യൂട്ടി ചീഫ് എൻജിനീയർ തസ്തികകളിലേക്കു സ്ഥാനക്കയറ്റം നൽകാൻ വേണ്ടത്ര ഉദ്യോഗസ്ഥരില്ലാത്ത പ്രതിസന്ധിയുണ്ടായിരുന്നു.
2024 മാർച്ച് 31 വരെ 28,157 ജീവനക്കാരുണ്ടായിരുന്നു. മേയ് 31 ആയപ്പോഴേക്കും കൂട്ട വിരമിക്കലിനെത്തുടർന്ന് 26,797 ആയി കുറഞ്ഞു. ഡിസംബറിലെ കണക്കനുസരിച്ച് 26,489 പേരാണ് സർവീസിലുള്ളത്. ഈ വർഷം മേയ് 31 വരെയുള്ള കൂട്ടവിരമിക്കൽ കൂടി കഴിയുമ്പോൾ ആകെ ജീവനക്കാരുടെ എണ്ണം കാൽ ലക്ഷത്തിൽ താഴെയാകും.
മേയ് 31 വരെയുള്ള വിരമിക്കൽ
∙ ചീഫ് എൻജിനീയർ– 4
∙ ഡപ്യൂട്ടി ചീഫ് എൻജിനീയർ– 10
∙ എക്സിക്യൂട്ടീവ് എൻജിനീയർ– 36
∙ അസി. എക്സിക്യൂട്ടീവ് എൻജിനീയർ– 50
∙ ഓഫിസർമാർ– 417
∙ വർക്മെൻ– 1005