ADVERTISEMENT

ന്യൂഡല്‍ഹി/ശ്രീനഗർ∙ ജൂലൈ 29നും 31നും നിയന്ത്രണ രേഖ കടന്ന് ഇന്ത്യയിലേക്കു നുഴഞ്ഞുകയറാൻ പാക്കിസ്ഥാനിൽനിന്നു ഭീകരർ നിരന്തരം ശ്രമിച്ചിരുന്നതായി റിപ്പോര്‍ട്ട്. ഇതിൽ ഒരെണ്ണം വിജയകരമായിരുന്നെന്നും നാലോ അഞ്ചോ ഭീകരർ ഇന്ത്യയിലേക്കു കടന്നിട്ടുണ്ടെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഫെബ്രുവരിയിൽ പുൽവാമയിൽ നടത്തിയതു പോലെ വൻ ഭീകരാക്രമണങ്ങൾക്കാണ് ഇവർ പദ്ധതിയിട്ടിരിക്കുന്നതെന്നാണ് ഇന്റലിജൻസ് വിവരം. പുൽവാമയിൽ ഫെബ്രുവരിയിൽ നടന്ന ഭീകരാക്രമണത്തിൽ 40 സിആർപിഎഫ് ജവാന്മാർ വീരമൃത്യു വരിച്ചിരുന്നു.

കഴിഞ്ഞ ദിവസം കശ്മീരിലെ കേരൻ സെക്ടറിൽ നുഴഞ്ഞു കയറ്റ ശ്രമം നടത്തുന്നതിനിടെ പാക്കിസ്ഥാൻ ബോർഡർ ആക്‌ഷൻ ടീം (ബിഎടി) അംഗങ്ങളെയാണ് ഇന്ത്യ വധിച്ചത്. ഇന്ത്യൻ സൈന്യത്തെ ലക്ഷ്യമാക്കിയാണ് ഇരുപതോളം പേരടങ്ങുന്ന ബിഎടിയും ഭീകരരും നീക്കം നടത്തിയത്. പ്രദേശത്തു കനത്ത മൂടൽമഞ്ഞുണ്ടായിരുന്ന സമയത്തായിരുന്നു പാക്ക് നീക്കം. നുഴഞ്ഞുകയറ്റക്കാരുടെ മൃതദേഹങ്ങളുടെ ചിത്രങ്ങളും പിന്നാലെ ഇന്ത്യൻ സൈന്യം പുറത്തുവിട്ടു.

പാക്ക് ഉദ്യോഗസ്ഥരുടെ മൃതദേഹങ്ങൾ തിരികെ കൊണ്ടുപോകണമെന്ന് ഇന്ത്യ പാക്കിസ്ഥാനോട് ആവശ്യപ്പെട്ടിട്ടുണ്ട്. വെള്ള പതാകയുമായി വന്ന് മൃതദേഹങ്ങൾ‍ കൊണ്ടുപോകണമെന്നാണ് ആവശ്യം. പക്ഷേ ഇന്ത്യയുടെ നിലപാടിനോടു പാക്കിസ്ഥാൻ ഇതുവരെ പ്രതികരിച്ചിട്ടില്ല. കശ്മീരിലെ കേരൻ സെക്ടറിൽ ശക്തമായ വെടിവയ്പ് തുടരുന്നതായാണു വിവരം. കഴിഞ്ഞ ഒരാഴ്ചയായി ശക്തമായ സുരക്ഷാ സംവിധാനത്തിനു കീഴിലാണ് ജമ്മു കശ്മീർ. 35,000 ത്തിൽ അധികം അർധൈസൈനികരെ സംസ്ഥാനത്തു വിന്യസിച്ചു.

അമിത് ഷാ ജമ്മു കശ്മീരിലേക്ക്

സംഘർഷ സാധ്യതകളുടെ പശ്ചാത്തലത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ജമ്മു കശ്മീരിൽ സന്ദർശനം നടത്തുമെന്ന് റിപ്പോർട്ട്. സന്ദർശനത്തിന്റെ വിശദമായ പരിപാടികൾ തയാറാക്കി വരുന്നതേയുള്ളൂവെന്നാണു ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ആദ്യം ജമ്മുവിലെത്തുന്ന ആഭ്യന്തര മന്ത്രി അവിടെനിന്ന് കശ്മീര്‍ താഴ്‍വരയിലേക്കു പോകും.

ഭീകരാക്രമണ ഭീഷണിയുള്ളതിനാൽ വിനോദ സഞ്ചാരികളും അമർനാഥ് തീർഥാടകരും എത്രയും പെട്ടെന്ന് കശ്മീർ വിടണമെന്നാണ് അധികൃതർ നൽകിയിരിക്കുന്ന നിർദേശം.  ഇത് കശ്മീരിലെ ജനങ്ങളിലും ഭീതി പടർത്തി. കടകളിലും എടിഎമ്മുകൾക്കു മുന്നിലും കഴിഞ്ഞ ദിവസങ്ങളിൽ നീണ്ട ക്യൂവാണു കണ്ടത്. മുൻകരുതലായി അവശ്യ വസ്തുക്കളും പണവും ശേഖരിക്കുകയാണ് കശ്മീർ ജനത.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com