ഓഹരിവിപണിയിലെ ലാഭ, നഷ്ടങ്ങൾക്ക് എങ്ങനെയാണ് വരുമാനനികുതി
Mail This Article
പെൻഷനും സ്ഥിരനിക്ഷേപത്തിൽനിന്നുള്ള പലിശയുമാണ് എന്റെ വരുമാനം. 12–13 ലക്ഷം രൂപ വരുമാനമുണ്ട്. കഴിഞ്ഞ സാമ്പത്തിക വർഷം ഓഹരിവിപണിയിൽനിന്ന് ഷോർട് ടേം ട്രേഡിങ്ങിലൂടെ 40000 രൂപ നേട്ടമുണ്ടാക്കി. നഷ്ടമായത് ഏതാണ്ട് 10000 രൂപ. ഓഹരിവിപണിയിലെ ലാഭ, നഷ്ടങ്ങൾക്ക് എങ്ങനെയാണ് വരുമാനനികുതി
ജോർജ് വർഗീസ്
വാങ്ങിയ തീയതി മുതൽ ഒരു വർഷത്തിനുള്ളിൽ ലിസ്റ്റഡ് ഓഹരികൾ വിൽക്കുകയാണെങ്കിൽ വില്‍പനയിൽ നിന്നുമുള്ള നഷ്ടത്തെയോ ലാഭത്തെയോ ഹ്രസ്വകാല (ഷോർട് ടേം)മൂലധന നേട്ടം / നഷ്ടം ആയി കണക്കാക്കാം. ഒരു വർഷം കഴിഞ്ഞു വിൽക്കുന്ന പക്ഷം ദീർഘകാല മൂലധന നേട്ടം/നഷ്ടം ആയി വേണം ലാഭത്തെയോ നഷ്ടത്തെയോ കണക്കാക്കാൻ.
തലേ വർഷത്തെ നഷ്ടമായ 10000 രൂപ അടുത്ത വർഷത്തേക്ക് ക്യാരി ഫോർവേഡ് ചെയ്യാവുന്നതാണ്. എന്നാൽ നഷ്ടം അടുത്ത വർഷത്തേക്ക് ക്യാരി ഫോർവേർഡ് ചെയ്യുന്നതായി കാണിച്ചു കൊണ്ടുള്ള തലേ വർഷത്തെ റിട്ടേൺ ഫയൽ ചെയ്യേണ്ട സമയത്തിനുള്ളിൽ (due date) ഫയൽ ചെയ്തിട്ടുണ്ടാവണം എന്ന നിബന്ധനയുണ്ട്. തലേ വർഷത്തെ പതിനായിരം രൂപയുടെ നഷ്ടം ഹ്രസ്വകാല മൂലധന നഷ്ടം ആണെങ്കിൽ ഇപ്പോഴത്തെ ഹ്രസ്വകാല മൂലധന നേട്ടമായ 40000 രൂപയുമായി സെറ്റ് ഓഫ് ചെയ്തു കഴിഞ്ഞു ബാക്കിയുള്ള നേട്ടമായ 30000 രൂപയ്ക്ക് മേൽ വകുപ്പ് 111A പ്രകാരം 15% നിരക്കിൽ നികുതി ബാധ്യത വരും.
തലേ വർഷത്തേത് ദീർഘകാല നഷ്ടം ആണെങ്കിൽ സെറ്റ് ഓഫ് സാധ്യമല്ല. പിന്നീടുള്ള വർഷങ്ങളിലേക്ക് ക്യാരി ഫോർവേഡ് ചെയ്തു ഏതെങ്കിലും വർഷം ദീർഘകാലം മൂലധന നേട്ടം ഉണ്ടെങ്കിൽ അതുമായേ സെറ്റ് ഓഫ് ചെയ്യാനാകൂ. ഹ്രസ്വകാല മൂലധന നേട്ടമായ 40000 രൂപയുമായി സെറ്റ് ഓഫ് ചെയ്യാൻ മറ്റു നഷ്ടങ്ങൾ ഇല്ലാത്തതിനാൽ 40000 രൂപയ്ക്ക് മേൽ വകുപ്പ് 111A പ്രകാരം 15 ശതമാനം നിരക്കിൽ നികുതി ബാധ്യത വരും.