സെബിയുടെ കനത്ത അടി; അനിൽ അംബാനി ഗ്രൂപ്പ് കമ്പനികളുടെ ഓഹരികളിൽ തകർച്ച
Mail This Article
അനിൽ ധീരുഭായ് അംബാനി ഗ്രൂപ്പ് ചെയർമാൻ അനിൽ അംബാനിക്കും റിലയൻസ് ഹോം ഫിനാൻസിലെ മുൻ ഉന്നത ഉദ്യോഗസ്ഥർക്കും സെബി 5 വർഷത്തെ വിലക്കും കനത്ത പിഴയും വിധിച്ച പശ്ചാത്തലത്തിൽ, ഗ്രൂപ്പിന് കീഴിലെ കമ്പനിയുടെ ഓഹരികൾ ഇന്ന് നേരിട്ടത് വൻ തകർച്ച.
മുഖ്യ കമ്പനിയായ റിലയൻസ് ഇൻഫ്രാസ്ട്രക്ചർ ഓഹരി ബിഎസ്ഇയിൽ 14 ശതമാനത്തിലധികം ഇടിഞ്ഞു. ഓഹരി നിലവിലുള്ളത് 13.34% താഴ്ന്ന് 204 രൂപയിൽ. റിലയൻസ് പവർ 4.99% ഇടിഞ്ഞ് ലോവർ-സർക്യൂട്ടിൽ 34.45 രൂപയിലെത്തി. മറ്റ് കമ്പനികളായ റിലയൻസ് കമ്മ്യൂണിക്കേഷൻസ്, റിലയൻസ് കാപ്പിറ്റൽ, റിലയൻസ് നേവൽ ആൻഡ് എൻജിനിയറിങ് എന്നിവയുടെ വ്യാപാരം റദ്ദാക്കിയിരിക്കുകയാണ്. റിലയൻസ് ഹോം ഫിനാൻസ് 5.12% കൂപ്പകുത്തി 4.45 രൂപയിലാണുള്ളത്.
8,000 കോടി രൂപ വിപണിമൂല്യമുള്ള കമ്പനിയാണ് റിലയൻസ് ഇൻഫ്രസ്ട്രക്ചർ. കഴിഞ്ഞ ഒരു വർഷത്തിനിടെ നിക്ഷേപകർക്ക് 15% നേട്ടം ഓഹരി സമ്മാനിച്ചിരുന്നു; കഴിഞ്ഞ ഒരുമാസത്തിനിടെ 17 ശതമാനവും. 200 കോടി രൂപയ്ക്കടുത്താണ് റിലയൻസ് ഹോം ഫിനാൻസിന്റെ വിപണിമൂല്യം. കഴിഞ്ഞ ഒരുവർഷത്തിനിടെ ഓഹരി 122% കരകയറിയെങ്കിലും പ്രതാപകാലത്തെ അപേക്ഷിച്ച് ഇപ്പോഴും വിലയുള്ളത് വൻ താഴ്ചയിൽ.
13,000 കോടി രൂപയാണ് റിലയൻസ് പവറിന്റെ വിപണിമൂല്യം. ഒരുവർഷത്തിനിടെ നിക്ഷേപകർക്ക് 100% നേട്ടം സമ്മാനിച്ച ഓഹരിയാണ് റിലയൻസ് പവർ. കഴിഞ്ഞ ഒരുമാസത്തിനിടെ 30 ശതമാനമത്തോളവും മുന്നേറിയിരുന്നു.
സെബി വിധിച്ചത് വിലക്കും കനത്ത പിഴയും
അനിൽ അംബാനി, റിലയൻസ് ഹോം ഫിനാൻസിലെ മുൻ ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവർക്ക് 5 വർഷത്തെ വിലക്കും കോടികളുടെ പിഴയുമാണ് സെബി വിധിച്ചത്. 5 വർഷത്തേക്ക് ഓഹരി വിപണിയിൽ ഇടപെടാനോ ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്ത കമ്പനികളുടെ മാനേജ്മെന്റ് പദവികൾ വഹിക്കാനോ ഇവർക്ക് കഴിയില്ല. അനിൽ അംബാനിക്ക് 25 കോടി രൂപയും റിലയൻസ് ഹോം ഫിനാൻസിലെ ഉന്നതരായിരുന്ന അമിത് ബപ്നയ്ക്ക് 27 കോടി രൂപയും രവീന്ദ്ര സുധാൽകറിന് 26 കോടി രൂപയും പിങ്കേശ് ആർ. ഷായ്ക്ക് 21 കോടി രൂപയുമാണ് വിലക്കിന് പുറമേ പിഴ.
റിലയൻസ് ഹോം ഫിനാൻസിനെ ഓഹരി വിപണിയിൽ നിന്ന് 6 മാസത്തേക്ക് പുറത്താക്കിയെന്നും 222 പേജുള്ള വിധിയിൽ ഇന്ന് സെബി വ്യക്തമാക്കിയിട്ടുണ്ട്. പുറമേ 5 ലക്ഷം രൂപ പിഴയും വിധിച്ചു. റിലയൻസ് യുണികോൺ എന്റർപ്രൈസസ്, റിലയൻസ് എക്സ്ചേഞ്ച് നെക്സ്റ്റ്, റിലയൻസ് കൊമേഴ്സ്യൽ ഫിനാൻസ്, റിലയൻസ് ക്ലീൻജെൻ, റിലയൻസ് ബിസിനസ് ബ്രോഡ്കാസ്റ്റ് ന്യൂസ് ഹോൾഡിങ്സ്, റിലയൻസ് ബിഗ് എന്റർടെയ്ൻമെന്റ് തുടങ്ങിയവയ്ക്കും വിലക്കിന് പുറമേ 25 കോടി രൂപ വീതം പിഴ വിധിച്ചിട്ടുണ്ട്.
വിലക്കിന് വഴിവച്ചത് പണം തട്ടിപ്പ്
റിലയൻസ് ഹോം ഫിനാൻസിലെ ഉന്നത ഉദ്യോഗസ്ഥരുടെ ഒത്താശയോടെ അനിൽ അംബാനി കമ്പനിയിലെ പണം തിരിമറി നടത്തിയെന്നാണ് ഉത്തരവിൽ പറയുന്നത്. അദ്ദേഹവുമായി ബന്ധപ്പെട്ട കമ്പനികൾക്ക് ലഭിച്ച വായ്പയായി വകമാറ്റിയായിരുന്നു തട്ടിപ്പ്. റിലയൻസ് ഹോം ഫിനാൻസിന്റെ ഡയറക്ടർ ബോർഡ് ഇതിനെതിരെ ശബ്ദിച്ചിരുന്നെങ്കിലും അത് അവഗണിച്ചായിരുന്നു തിരിമറിയെന്നും സെബി കണ്ടെത്തിയിട്ടുണ്ട്. ഗ്രൂപ്പിന്റെ ചെയർമാൻ എന്ന നിലയിൽ അനിൽ അംബാനിയാണ് തട്ടിപ്പിന് സ്വാധീനം ചെലുത്തിയതെന്നും ഉത്തരവിൽ പറയുന്നു. തട്ടിച്ച പണം വായ്പയായി സ്വന്തമാക്കിയവരിൽ പലരും റിലയൻസ് ഹോം ഫിനാൻസിന്റെ പ്രൊമോട്ടർമാരുമായി അടുത്ത ബന്ധമുള്ളവരായിരുന്നു.
ഇവരിൽ പലരും പണം തിരിച്ചടച്ചിരുന്നില്ല. ഇതോടെ, റിലയൻസ് ഹോം ഫിനാൻസ് കടക്കെണിയിലാവുകയും റിസർവ് ബാങ്കിന്റെ ശിക്ഷാനടപടി നേരിടേണ്ടിയും വന്നു. കമ്പനിയുടെ ഓഹരിയിൽ നിക്ഷേപിച്ചവർക്കും ഇത് കനത്ത തിരിച്ചടിയായി. 2018 മാർച്ചിൽ റിലയൻസ് ഹോം ഫിനാൻസിന്റെ ഓഹരി വില 59.60 രൂപയായിരുന്നത് 2020 മാർച്ചിൽ വെറും 75 പൈസയായി കൂപ്പുകുത്തി.